ഫുട്ബോള്‍ പ്രേമികള്‍ക്ക് നേരെ മോശം ആംഗ്യം കാണിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ അന്വേഷണം. മെസ്സിക്കുവേണ്ടി ആര്‍ത്തുവിളിച്ച ഫുട്ബോള്‍ പ്രേമികള്‍ക്ക് നേരെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മോശം ആംഗ്യം കാട്ടിയത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി അല്‍ശബാബിനെതിരെ നടന്ന സൗദി പ്രോ ലീഗ് മത്സരത്തിനിടെയാണ് സംഭവം നടന്നത്. ശബാബിന്റെ ഗ്രൗണ്ടില്‍ നടന്ന കളിയില്‍ അന്നസ്ര്‍ 3-2ന് ജയിച്ചിരുന്നു. റൊണാള്‍ഡോ ഗോളടിക്കുകയും ചെയ്തു.
മത്സരത്തിനിടെ ശബാബ് ആരാധകര്‍, റൊണാള്‍ഡോയെ നോക്കി മെസ്സി, മെസ്സി എന്ന് വിളിച്ചപ്പോഴാണ് സി.ആര് 7ന് നിയന്ത്രണം വിട്ടത്. കാണികളെ നോക്കി പോര്‍ച്ചുഗീസ് താരം മോശം ആംഗ്യം കാണിച്ചു. അത് തല്‍സമയം ചാനലിലും വന്നതോടെ വിവാദമായി. റൊണാള്‍ഡോയുടെ പെരുമാറ്റത്തില്‍ നിരവധി സൗദി ഫുട്ബോള്‍ പ്രേമികള്‍ക്ക് അമര്‍ഷമുണ്ട്. വിഷയത്തില്‍ സൗദി ഫുട്ബോള്‍ ഫെഡറേഷന്റെ എത്തിക്സ് കമ്മിറ്റി കേസെടുത്ത് അന്വേഷണമാരംഭിച്ചിരിക്കുകയാണ്.
48 മണിക്കൂറിനകം തീരുമാനമുണ്ടാകുമെന്നാണ് അശര്‍ഖുല്‍ ഔസത് പത്രം റിപ്പോര്‍ട്ട് ചെയ്തത്. നടപടി എന്താണെന്ന് വ്യക്തമല്ലെങ്കിലും അടുത്ത ഒരു കളിയിലോ ഏതാനും കളികളിലോ താരത്തെ വിലക്കുമെന്നാണ് സൂചന.