18
MAR 2021
THURSDAY
1 GBP =105.11 INR
1 USD =83.49 INR
1 EUR =90.32 INR
breaking news : ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി, പക്ഷെ വഴി തെറ്റി ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍, റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ് >>> ഒരു വര്‍ഷത്തിനുള്ളില്‍ 310 ലക്ഷം ഭക്ഷണ പൊതികള്‍ ആവശ്യക്കാര്‍ക്ക് കൈമാറിയതായി പ്രമുഖ ചാരിറ്റി ട്രസ്സല്‍ ട്രസ്റ്റ്; രാജ്യത്തെ ദരിദ്രരുടെ എണ്ണം അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയായി >>> വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ കുര്‍ക്കുറെ വാങ്ങി നല്‍കുന്നത് പതിവ്, ഒരു ദിവസം കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയി, ഒടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി >>> പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നോബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു, പത്ത് വര്‍ഷത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ച് ചികിത്സയിലായിരുന്നു >>> ചായയും കാപ്പിയും ഒരു ദിവസം പോലും ഒഴിവാക്കാന്‍ പറ്റാത്തവരാണോ? പണി വരുന്നുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് >>>
Home >> HOT NEWS
പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ഭാര്യയെയും ഒറ്റയ്ക്കാക്കി മടങ്ങിയ ബിനോയിക്ക് കണ്ണീരോടെ വിട നല്‍കി പ്രിയപ്പെട്ടവര്‍; മൃതദേഹം നാളെ നാട്ടിലേക്ക്

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-04-29

തിരിച്ചറിവ് പോലുമെത്താത്ത മൂന്നു കുഞ്ഞുങ്ങളേയും ഭാര്യയേയും തനിച്ചാക്കി അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയ ബിനോയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി പ്രിയപ്പെട്ടവര്‍. ക്ലാക്ടണ്‍ ഓണ്‍ സീയിലെ ഔര്‍ ലേഡി ഓഫ് ലൈറ്റ് ആന്റ് സെന്റ് ഒസ്യത്ത് റോമന്‍ കാത്തലിക് ചര്‍ച്ചില്‍ നടന്ന പൊതുദര്‍ശന ശുശ്രൂഷകളില്‍ പ്രിയപ്പെട്ടവരും കൂട്ടുകാരും സഹപ്രവര്‍ത്തകരും അടക്കം നൂറുകണക്കിനു പേരാണ് പങ്കെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ബിനോയിയുടെ മൃതദേഹം എത്തിച്ചത്. തുടര്‍ന്ന് ബിനോയ് സജീവമായി പങ്കെടുത്തിരുന്ന ക്ലാക്ടണ്‍ റോയല്‍സ് എന്ന ക്രിക്കറ്റ് ടീമിലെ അംഗങ്ങളില്‍ രണ്ടുപേര്‍ ബിനോയിയുടെ 27-ാം നമ്പര്‍ ജേഴ്‌സി മുന്നില്‍ പിടിച്ചു നടക്കുകയും പിന്നാലെ ജേഴ്‌സിയണിഞ്ഞ മറ്റുള്ളവര്‍ തങ്ങളുടെ പ്രിയകൂട്ടുകാരന്റെ മൃതദേഹം തോളിലേറ്റി ദേവാലയത്തിനകത്തേക്ക് എത്തിക്കുകയും ആയിരുന്നു.

തുടര്‍ന്നു ഒന്നരയോടെ കുര്‍ബ്ബാന ആരംഭിച്ചത്. ഫാ. ടോമി മണവാളനാണ് കുര്‍ബ്ബാന ചൊല്ലിയത്. ചടങ്ങിലുടനീളം വിങ്ങിപ്പൊട്ടിയാണ് ബിനോയിയുടെ ഭാര്യയും മക്കളും മൃതദേഹത്തിനരികെ നിന്നത്. ആശ്വസിപ്പിക്കാന്‍ എത്തിയവരുടേയും കണ്ണുനിറയിച്ച നിമിഷങ്ങള്‍ക്കായിരുന്നു ദേവാലയത്തിലെത്തിയവര്‍ സാക്ഷ്യം വഹിച്ചത്. ക്ലാക്ടണിലെ ക്‌നാനായ യാക്കോബൈറ്റ് ചര്‍ച്ചിലെ ഫാ. മാത്യൂസ് എബ്രഹാം, ബിനോയിയുടെ കൂട്ടുകാരെ പ്രതിനിധീകരിച്ച് അനൂപ്, ബിനോയ് ജോലി ചെയ്തിരുന്ന ഹാവെന്‍ ലോഡ്ജ് നഴ്‌സിംഗ് ഹോമിലെ ഡെപ്യൂട്ടി മാനേജര്‍ ചിത്രാ റോയ്, ക്ലാക്ടണ്‍ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ച് അരവിന്ദ്, ബിനോയിയുടെ സഹോദരന്‍ ബെന്നി തോമസ് എന്നിവര്‍ ബിനോയിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. 

ഞായറാഴ്ചയാണ് ബിനോയിയുടെ ഭാര്യ രഞ്ജിയും മക്കളും നാട്ടിലേക്ക് തിരിച്ചത്. ചൊവ്വാഴ്ചയാണ് ബിനോയിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുക. തുടര്‍ന്ന് മറ്റന്നാള്‍ ഒന്നാം തീയതി മൃതദേഹം നാട്ടിലെത്തിക്കുകയും പൊതുദര്‍ശനവും ശുശ്രൂഷകള്‍ക്കും ശേഷം മെയ് രണ്ടാം തീയതി സംസ്‌കരിക്കുകയും ചെയ്യും.

ഉറക്കത്തില്‍ മരണത്തിലേക്ക് വീണ ബിനോയ് മരണത്തിനു മണിക്കൂറുകള്‍ മുന്‍പും നാട്ടില്‍ ഉള്ളവരുമായി സംസാരിച്ച ഓര്‍മ്മകളാണ് പ്രിയപ്പെട്ടവരുടെ മനസുകളില്‍ നിറയെ ഇപ്പോഴുമുള്ളത്. കെയര്‍ ഹോമില്‍ കെയര്‍ അസിസ്റ്റന്റ് ആയി ജോലി തേടി എത്തിയ രഞ്ജിക്കൊപ്പം മൂന്നു മക്കളുമായി ജീവിക്കാന്‍ ബിനോയ് തോമസ് എത്തിയിട്ട് ഒരു വര്‍ഷം പിന്നിടുന്നതേയുള്ളൂ. ഹൃദയത്തിന്റെ പിടച്ചില്‍ ഒരു മാത്ര നിലച്ചപ്പോഴേക്കും പറന്നെത്തിയ എയര്‍ ആംബുലന്‍സില്‍ നിമിഷ വേഗത്തില്‍ ബസില്‍ഡണ്‍ ആശുപത്രിയില്‍ എത്തിച്ച ബിനോയിയെ ഒരാഴ്ചയോളം ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചു ജീവിതത്തിലേക്ക് മടക്കി വിളിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുക ആയിരുന്നു. ഒടുവില്‍ മസ്തിഷ്‌ക മരണം പോലും ഭാര്യ രഞ്ജിയെ ബോധ്യപ്പെടുത്താനും ഡോക്ടര്‍മാര്‍ക്ക് ഏറെ പണിപ്പെടേണ്ടി വന്നു. ഒടുവില്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു പ്രിയപ്പെട്ടവന്‍ തന്നെയും മൂന്നു പിഞ്ചോമനകളെയും തനിച്ചാക്കി പറന്നകന്നുവെന്ന് മനസിലാക്കിയപ്പോള്‍ ഏവരുടെയും ആഗ്രഹത്തോടെ ബിനോയിയുടെ ആന്തരിക അവയവങ്ങള്‍ നാല് പേരുടെ ജീവിതത്തിനായി ദാനം ചെയ്യാനും രഞ്ജി തയ്യാറായി.

More Latest News

ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി, പക്ഷെ വഴി തെറ്റി ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍, റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊച്ചിയില്‍ വല്ലാര്‍പാടം ടെര്‍മിനലില്‍ അതിക്രമിച്ച് കയറിയ 26കാരനായ റഷ്യന്‍ പൗരന്‍ അറസ്റ്റില്‍. ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടിയപ്പോള്‍ വഴി തെറ്റുകയായിരുന്നു എന്നാണ് ഇയാളുടെ വിശദീകരണം.  ഗൂഗിള്‍ മാപ്പില്‍ നോക്കിയപ്പോള്‍ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ മതിലിന്റെ മറുവശത്തായാണ് ഗോശ്രീ പാലം കാണിച്ചിരുന്നത്. ഗോശ്രീ പാലത്തില്‍ കാണാന്‍ വേണ്ടിയാണ് മതില്‍ ചാടിക്കടന്നതെന്നും റഷ്യന്‍ പൗരന്‍ ഇലിയ എകിമോവ് പറഞ്ഞതായും പൊലീസ് പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 6.30 ഓടേയാണ് സംഭവം. ഡിപി വേള്‍ഡിന് നടത്തിപ്പ് ചുമതലയുള്ള രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിന്റെ അതീവ സുരക്ഷാമേഖലയില്‍ കിഴക്കുവശത്തുള്ള മതില്‍ ചാടിക്കടന്നാണ് 26കാരനായ റഷ്യന്‍ പൗരന്‍ അതിക്രമിച്ച് കയറിയത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ റഷ്യന്‍ പൗരനെ തടയുകയായിരുന്നു. പാസ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ കഴിഞ്ഞവര്‍ഷം വിസയുടെ കാലാവധി അവസാനിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഇലിയ എകിമോവിനെ പൊലീസിന് കൈമാറുകയായിരുന്നു. 2022ലാണ് റഷ്യന്‍ പൗരന്‍ ഇന്ത്യയില്‍ എത്തിയത്. ഒരു വര്‍ഷ വിസയാണ് റഷ്യന്‍ പൗരന് അനുവദിച്ചിരുന്നത്. ഗോവയില്‍ ജോലി ചെയ്തിരുന്ന റഷ്യന്‍ പൗരന്‍ വിസ പുതുക്കിയിരുന്നില്ല. തുടര്‍ന്ന് നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിച്ച് വരികയായിരുന്നു. റഷ്യന്‍ പൗരന്‍ രണ്ടുദിവസം മുന്‍പാണ് കൊച്ചിയില്‍ എത്തിയതെന്നും പൊലീസ് പറയുന്നു. വിവിധ വകുപ്പുകള്‍ അനുസരിച്ച് റഷ്യന്‍ പൗരനെതിരെ മുളവുകാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗോശ്രീ പാലം കാണാനായി പ്രഭാത സവാരിക്ക് ഇറങ്ങിയതാണെന്നാണ് റഷ്യന്‍ പൗരന്‍ നല്‍കിയ മൊഴി. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഗോശ്രീ പാലം എവിടെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിനിടെ വഴി തെറ്റുകയായിരുന്നുവെന്ന് ഇലിയ എകിമോവ് പറഞ്ഞതായും പൊലീസ് പറയുന്നു. അന്വേഷണത്തില്‍ റഷ്യന്‍ പൗരനെതിരെ സംസ്ഥാനത്ത് ക്രിമിനല്‍ കേസുകള്‍ ഒന്നുമില്ലെന്ന് കണ്ടെത്തി. കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജന്‍സികളെല്ലാം റഷ്യന്‍ പൗരനെ ചോദ്യം ചെയ്തു. ഏതെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തികളില്‍ റഷ്യന്‍ പൗരന്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇലിയ എകിമോവിനെ റഷ്യയിലേക്ക് നാടുകടത്താനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ കുര്‍ക്കുറെ വാങ്ങി നല്‍കുന്നത് പതിവ്, ഒരു ദിവസം കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയി, ഒടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

വിവാഹം കഴിഞ്ഞ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഭര്‍ത്താവും ഭാര്യയും തമ്മില്‍ കുര്‍ക്കുറെയും പേരില്‍ വഴക്ക്. സംഭവം ഒടുവില്‍ എത്തിയത് വിവാഹമോചനത്തിലേക്ക്. ഉത്തര്‍പ്രദേശ് ആഗ്ര സ്വദേശിനിയായ യുവതിയാണ് വിവാഹമോചനം തേടിയത്. എന്നാല്‍ വിവാഹ മോചനത്തിനായി പറഞ്ഞതോ നിസ്സാരമായ കാരണമായിരുന്നു. അഞ്ച് രൂപയുടെ കുര്‍കുറെ പാക്കറ്റ് വാങ്ങി നല്‍കാത്തതിനെ തുടര്‍ന്നാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്.  ദമ്പതിമാരുടെ വിവാഹം ഒരു വര്‍ഷം മുമ്പായിരുന്നു.വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകള്‍ കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. കല്ല്യാണം കഴിഞ്ഞത് മുതല്‍ എല്ലാ ദിവസവും അഞ്ച് രൂപയുടെ കുര്‍ക്കുറെ വാങ്ങി നല്‍കണമെന്നായിരുന്നു യുവതി  ആവശ്യപ്പെട്ടിരുന്നത്. ആദ്യനാളുകളില്‍ ജോലികഴിഞ്ഞെത്തിയ ഭര്‍ത്താവ് വാങ്ങിനല്‍കിയിരുന്നു. എന്നാല്‍ ഒരു ദിവസം ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോവുകയായിരുന്നു. തുടര്‍ന്നാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഇത് ഇരുവരും തമ്മില്‍ വാക്കേറ്റത്തിന് കാരണമായി. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ പോവുകയായിരുന്നു. ശേഷം പോലീസില്‍ പരാതി നല്‍കിയ യുവതി തനിക്ക് ഭര്‍ത്താവില്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സ്ഥിരമായി കുര്‍ക്കുറെ കഴിക്കുന്ന യുവതിയുടെ ശീലമാണ് തര്‍ക്കത്തിന് കാരണമായതെന്ന് ഭര്‍ത്താവ് പൊലീസിനോട് വ്യക്തമാക്കി. എന്നാല്‍ ഭര്‍ത്താവില്‍ നിന്നും ശാരീരിക പീഡനമുണ്ടായെന്നും അതിനാലാണ് വീടുവിട്ടിറങ്ങിയതെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ആരോപണങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നോബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു, പത്ത് വര്‍ഷത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ച് ചികിത്സയിലായിരുന്നു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നോബേല്‍ ജേതാവുമായ ആലിസ് മണ്‍റോ  (92വയസ്സ്)അന്തരിച്ചു. പത്ത് വര്‍ഷത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ച് ഒന്റാറിയോയിലെ കെയര്‍ ഹോമിലാണു ആലിസ് കഴിഞ്ഞിരുന്നത്. കാനഡയിലെ സാധാരണക്കാരുടെ കഥകളാണ് ആലിസ് ഏറെയും പറഞ്ഞിരുന്നത്. . 'കനേഡിയന്‍ ചെക്കോവ്' എന്നും ആലിസിനെ വിശേഷിപ്പിക്കാറുണ്ട്. 2009ല്‍ മാന്‍ ബുക്കര്‍ സമ്മാനവും 2013ല്‍ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനവും നേടി. ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്സ് (1968), ലിവ്സ് ഓഫ് ഗേള്‍സ് ആന്‍ഡ് വുമണ്‍ (1971), ഹൂ ഡു യു തിങ്ക് യു ആര്‍ ? (1978), ദി മൂണ്‍സ് ഓഫ് ജൂപ്പിറ്റര്‍ (1982), റണ്ണവേ (2004), ദി വ്യൂ ഫ്രം കാസില്‍ റോക്ക് (2006), റ്റൂ മച്ച് ഹാപ്പിനെസ് (2009) എന്നിവയാണ് പ്രധാന കൃതികള്‍. സാഹിത്യ നോബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയാണ്. സമകാലിക ചെറുകഥയുടെ രാജ്ഞിയെന്നാണ് ആലിസിനെ പുരസ്‌കാര സമിതി വിശേഷിപ്പിച്ചത്. 1968ല്‍ പുറത്തിറങ്ങിയ ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്സ് എന്ന ചെറുകഥാ സമാഹാരമാണ് ആദ്യമായി പുറത്തിറങ്ങിയ പുസ്തകം. ആ വര്‍ഷം കനേഡിയന്‍ സര്‍ക്കാരിന്റെ പുരസ്‌കാരവും ഈ പുസ്തകം നേടി.  

ചായയും കാപ്പിയും ഒരു ദിവസം പോലും ഒഴിവാക്കാന്‍ പറ്റാത്തവരാണോ? പണി വരുന്നുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്

പലരുടേയും ഒരു ദിവസം തുടങ്ങുന്നത് ചായയോ കാപ്പിയോ കുടിച്ചാണ്. ചിലര്‍ക്ക് ഒരു ഗ്ലാസ് ചായയാണെങ്കില്‍ മറ്റ് ചിലര്‍ക്ക് ഒന്നില്‍ കൂടുതല്‍ ചായ നിര്‍ബന്ധമാണ്. പക്ഷെ ചായ കുടിയുടെ അപകടത്തെ കുറിച്ച് പറയുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. അടുത്തിടെ ഭക്ഷണ മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചപ്പോഴാണ് ഇക്കാര്യം അവര്‍ വ്യക്തമാക്കിയത്. ചായയും കാപ്പിയും അമിതമായി കുടിക്കുന്നത് ആരോഗ്യ പ്രശ്‌നത്തിന് കാരണമാകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇന്ത്യയില്‍ ഒരു വലിയ ജനവിഭാഗവും ചായയ്ക്കോ കാപ്പിക്കോ അടിമകളാണ്. ഭക്ഷണത്തിന് മുന്‍പോ ശേഷമോ ചായയും കാപ്പിയും കുടിക്കരുതെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.  ചായയിലും കാപ്പിയിലും കഫീന്‍ അടങ്ങിയിട്ടുണ്ട്. കഫീന്‍ കേന്ദ്ര നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. ഇത് മാനസികമായ പിരിമുറുക്കത്തിന് കാരണമാകുമെന്നാണ് കണ്ടെത്തല്‍.പ്രതിദിനം വെറും 300 മില്ലിഗ്രാം കഫീന്‍ മാത്രമേ കഴിക്കാന്‍ പാടുള്ളു. ഒരു കപ്പ് (150 മില്ലി) ബ്രൂഡ് കാപ്പിയില്‍ 80-120 മില്ലിഗ്രാം കഫീന്‍ അടങ്ങിയിരിക്കുന്നു. സാധാരണ കാപ്പിയില്‍ 50-65 മില്ലിഗ്രാമും ചായയില്‍ 30-65 മില്ലിഗ്രാം കഫീനും അടങ്ങിയിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പും ശേഷവും നിര്‍ബന്ധമായും കാപ്പിയും ചായയും ഒഴിവാക്കാന്‍ വിദഗ്ദ്ധര്‍ ജനങ്ങളോട് ആവശ്യപ്പെടുന്നു. ചായയിലും കാപ്പിയിലും ടാനിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരം ഇരുമ്പ് ആഗിരണം ചെയ്യുന്നത് കുറയ്ക്കുന്നതിന് കാരണമാകുന്നു. തുടര്‍ന്ന് അനീമിയ പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വരാന്‍ ഇടയാക്കും. അമിതമായ കാപ്പി ഉപഭോഗം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. എണ്ണ, പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തിക്കൊണ്ട് പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, മാംസം, സമുദ്രവിഭവങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമവും വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

ഐപിഎല്‍ മത്സരത്തിനിടെ സിക്‌സര്‍ അടിച്ച് ഗ്യാലറിയിലേക്കെത്തിയ പന്ത് പോക്കറ്റിലാക്കാന്‍ ശ്രമിച്ച് ആരാധകന്‍, പാന്റിനുള്ളില്‍ ഒളിപ്പിച്ച പന്ത് തിരികെ വാങ്ങി പൊലീസ് (വീഡിയോ)

ക്രിക്കറ്റ് കളിക്കിടയില്‍ ആരാധകര്‍ക്കിടയിലേക്ക് പറന്നെത്തുന്ന പന്ത് എങ്ങനെയും ക്യാച്ചെടുത്ത് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ക്ക് തിരികെ നല്‍കാന്‍ ശ്രമിക്കുന്ന ആരാധകരെ പലപ്പോഴും സ്‌റ്റേഡിയത്തില്‍ കാണാറുണ്ട്. അതിനായി ഗ്രൗണ്ടിന്റെ ബൗണ്ടറിക്ക് ഇപ്പുറം ബോള്‍ വരുന്നതും കാത്തിരിക്കുന്നവരാണ് പല ആരാധകരും. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ കാഴ്ചയാണ് കഴിഞ്ഞ ദിവസം ഐപിഎല്‍ മത്സരത്തിനിടയില്‍ കണ്ടത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെയായിരുന്നു സംഭവം. ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയിലേക്കെത്തിയ പന്ത് കൈക്കലാക്കാനാണ് ഈ ആരാധകന്‍ ശ്രമിച്ചത്. ഗ്യാലറിയിലേക്കെത്തിയ പന്ത് വിദഗ്ധമായി കവര്‍ന്നെടുക്കുകയും പോക്കറ്റിലാക്കാന്‍ ശ്രമിക്കുകയുമായിരുന്നു ആരാധകന്‍ ചെയ്തത്.  ഗ്യാലറിയിലേക്ക് സിക്സര്‍ പറത്തിയ പന്ത് തിരികെ എറിഞ്ഞു നല്‍കാതെ കൈവശം വെക്കാനാണ് ഈ ആരാധകന്‍ ശ്രമിച്ചത്. പാന്റ്സിനുള്ളിലാണ് താരം പന്ത് ഒളിപ്പിച്ചത്. എന്നാല്‍ സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇതു കാണുകയും പന്ത് തിരികെ വാങ്ങുകയുമായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ വൈറലായി. പന്ത് മോഷ്ടിക്കാന്‍ ശ്രമിച്ചതിന് യുവ ആരാധകനെ പിന്നീട് ഗ്യാലറിയില്‍ നിന്ന് പുറത്താക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.  മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 18 റണ്‍സിന് കൊല്‍ക്കത്ത വിജയം നേടിയിരുന്നു. മഴമൂലം 16 ഓവറാക്കി വെട്ടി ചുരുക്കിയ മത്സരത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് കെകെആര്‍ നേടിയത്. മറുപടി ബാറ്റിങിനിറങ്ങിയ ഹാര്‍ദിക് പാണ്ഡ്യയ്ക്കും സംഘത്തിനും എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ ആയുള്ളൂ. നിലവില്‍ പ്ലേഓഫ് ഉറപ്പിച്ച കൊല്‍ക്കത്ത പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്.

Other News in this category

  • ഒരു വര്‍ഷത്തിനുള്ളില്‍ 310 ലക്ഷം ഭക്ഷണ പൊതികള്‍ ആവശ്യക്കാര്‍ക്ക് കൈമാറിയതായി പ്രമുഖ ചാരിറ്റി ട്രസ്സല്‍ ട്രസ്റ്റ്; രാജ്യത്തെ ദരിദ്രരുടെ എണ്ണം അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയായി
  • സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്നും കൗമാരക്കാര്‍ നിയമവിരുദ്ധമായി വലിയ കത്തികള്‍ വാങ്ങി കൂട്ടുന്നുവെന്ന് പോലീസ്; പലതും മയക്കുമരുന്ന് ഇടപാടുകള്‍ക്കും കവര്‍ച്ചകള്‍ക്കും ഭീഷണിപ്പെടുത്തലുകള്‍ക്കും ഉപയോഗിക്കാനെന്ന് റിപ്പോര്‍ട്ട്
  • ഇംഗ്ലണ്ടില്‍ ഒമ്പത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത് നിരോധിക്കുന്നു; നിര്‍ദ്ദേശങ്ങള്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും, നടപടി രാഷ്ടീയപ്രേരിതമെന്ന് ഹെഡ് ടീച്ചേഴ്സ അസോസിയേഷന്‍
  • റോഡിലെ ക്യാമറകളെ പറ്റിക്കാന്‍ ഒടിവിദ്യകളുമായി യുകെയിലെ ഡ്രൈവര്‍മാര്‍; ചെറിയ പിഴ മറയ്ക്കാന്‍ കാട്ടുന്ന സാഹസം പിടിക്കപ്പെട്ടാല്‍ വലിയ വില കൊടുക്കണം
  • കുറ്റവാളികളെ ജയിലില്‍ നിന്നും നേരത്തേ വിട്ടയക്കുന്ന സര്‍ക്കാര്‍ പദ്ധതി കുട്ടികളുടെ അടക്കം സുരക്ഷയ്ക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്; ജയിലുകളിലെ തിരക്ക് പൊതുജീവിതത്തിന് ഭീഷണിയാകുന്നു
  • സ്ഥാപനങ്ങള്‍ക്ക് സ്പോണ്‍സര്‍ക്കുള്ള ലൈസന്‍സ് നഷ്ടമായതിനെത്തുടര്‍ന്ന് 2022-2023 ല്‍ റദ്ദാക്കിയത് 3,081 കെയര്‍ വര്‍ക്കര്‍മാരുടെ സിഒഎസ്; ജോലി നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിനാനുള്ള സര്‍ക്കാര്‍ നടപടി വാഗ്ദാനങ്ങളില്‍ മാത്രം
  • 15 കാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഗര്‍ഭിണിയായ അധ്യാപിക കോടതിയില്‍ കുറ്റം നിഷേധിച്ചു; മുന്‍ പങ്കാളിയുമായി പിരിഞ്ഞ ശേഷം തനിയ്ക്ക് ഏകാന്തതയും ശ്രദ്ധക്കുറവും അനുഭവപ്പെട്ടിരുന്നതായി 30 കാരിയായ അധ്യാപിക
  • വോള്‍വര്‍ ഹാംപ്ടണില്‍ വീടിന് തീപിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ 46 കാരന്‍ കൂടി അറസ്റ്റില്‍; പൊള്ളലേറ്റ നാലുപേര്‍ ആശുപത്രിയില്‍, ഒരാളുടെ നില ഗുരുതരം
  • സ്റ്റുഡന്റ് വിസകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് വിദേശ വിദ്യാര്‍ഥികളുടെ വരവില്‍ വന്‍ കുറവുണ്ടാക്കുമെന്ന് സര്‍വ്വകലാശാലകള്‍; ഗ്രാജുവേറ്റ് വിസ റൂട്ടുകള്‍ സംബന്ധിച്ച റിവ്യൂ റിപ്പോര്‍ട്ടില്‍ ആശങ്കയോടെ യൂണിവേഴ്‌സിറ്റികള്‍
  • അടുത്തവര്‍ഷം സ്വകാര്യ, പൊതു മേഖലകളില്‍ 4, 3 ശതമാനം വീതം ശമ്പള വര്‍ദ്ധനവ് നടപ്പാക്കുമെന്ന് സൂചന; പണപ്പെരുപ്പവും ജീവിത ചിലവ് വര്‍ദ്ധനവും കണക്കിലെടുക്കുമ്പോള്‍ തീരെ അപര്യാപ്തമെന്ന് വിലയിരുത്തല്‍
  • Most Read

    British Pathram Recommends