നടനും സംവിധായകനുമായ ബേസില്‍ ജോസഫിന്റെ പിറന്നാള്‍ ദിനത്തില്‍ താരത്തിന് പലയിടത്ത് നിന്നും ആശംസകള്‍ അറിയിച്ച് സുഹൃത്തുക്കള്‍ എത്തിയിരുന്നു. ബേസിലിന്റെ പ്രിയപ്പെട്ട സുഹൃത്തായ ടൊവിനോ ഒരു വീഡിയോ ആണ് ആശംസ ആയി അറിയിച്ചത്.
'വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ...' എന്നു പാടികൊണ്ട് വള്ളം തുഴഞ്ഞുപോവുന്ന ബേസിലിന്റെ രസകരമായൊരു വീഡിയോ ആണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. മുടി ഒരുവശത്തേക്ക് ചീവിയൊതുക്കി, കണ്ണാടിവച്ച് വിന്റേജ് ലുക്കിലുള്ള ബേസിലിനെയാണ് വീഡിയോയില്‍ കാണുക. ഈ വീഡിയോ ആരാധകര്‍ ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. പതിവു പോലെ പരസ്തപരം ട്രോളിയും ചിരിപടര്‍ത്തിയും ആശംസകള്‍ അറിയിക്കുന്നത് ഇക്കുറിയും തെറ്റിക്കാതെ ടൊവിനോ ചെയ്തിട്ടുണ്ട്. എന്നാല്‍ ബേസിലിന്റെ ഭാര്യ എലിസബത്ത് അറിയിച്ച ആശംസ ആണ് വൈറലാകുന്നത്.
മകള്‍ ഹോപ്പിനെ അരമണിക്കൂര്‍ സമയത്തേക്ക് ബേസിലിനെ ഏല്‍പ്പിച്ചു പോയപ്പോഴുണ്ടായ രസകരമായൊരു അനുഭവം വീഡിയോയിലൂടെ പങ്കിടുകയാണ് എലിസബത്ത്. എലിസബത്ത് എവിടെയോ പോയി തിരിച്ചു വരുമ്പോള്‍ വാതിലും തുറന്നിട്ട് പുറത്തേക്ക് നോക്കിയിരിക്കുന്ന ബേസിലിനെയും കുഞ്ഞു ഹോപ്പിനെയുമാണ് വീഡിയോയില്‍ കാണാനാവുക.
'ഇതെന്താ ഇവിടെയിരിക്കുന്നേ? ഞാന്‍ പോയപ്പോള്‍ ഹോപ്പിന് ഇച്ചിരി കൂടി തുണിയുണ്ടായിരുന്നല്ലോ? ആ പാന്റ് എവിടെ പോയി?' എലിസബത്ത് തിരക്കുന്നു.
'അത് വാഷ് ബേസിലിലെ വെള്ളം മേലായിട്ട് ഊരി കളഞ്ഞെന്നാണ്' ബേസിലിന്റെ മറുപടി.
അതിന് വാഷ് ബേസിലില്‍ എന്തിനാ പോയതെന്നായി എലിസബത്ത്.
'കരഞ്ഞപ്പോള്‍ ഞാന്‍ അതിനകത്തുകൊണ്ടിരുത്തി. പിന്നെ കുറച്ചുനേരം ഫ്രിഡ്ജില്‍ കയറ്റി. ചോക്ക്ലേറ്റൊക്കെ നിലത്തിട്ടിട്ടുണ്ട്. പിന്നെ ബോറടിച്ചപ്പോ ലിഫ്റ്റ് കാണിക്കാമെന്നോര്‍ത്ത് പുറത്തിറങ്ങി ഇരുന്നതാ.ലിഫ്റ്റ് കണ്ടപ്പോള്‍ ഇച്ചിരി സമാധാനമായി,' സ്വതസിദ്ധമായ ചിരിയുടെ അകമ്പടിയോടെ ബേസിലിന്റെ മറുപടിയിങ്ങനെ.
'ഒരിക്കലും വളരാത്ത ഹോപ്പിന്റെ അപ്പനു ജന്മദിനാശംസകള്,' എന്ന അടിക്കുറിപ്പോടെയാണ് എലിസബത്ത് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.