ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പം ലോഗോയ്ക്ക് മാറ്റം വരുത്തി ദൂരദര്ശന്. ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം കാവിനിറമാക്കി മാറ്റി ദൂരദര്ശന്. ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടേയും നിറമാണ് കാവി ആക്കി പരിഷ്കരിച്ചത്.
നേരത്തെ മഞ്ഞ- നീല നിറത്തില്‍ ആയിരുന്നു ലോഗോ. ഈ മാറ്റത്തെ കുറിച്ച് ദൂരദര്ശന് വിശദീകരണവുമായി എത്തിയിട്ടുണ്ട്. ലോഗോയില്‍ മാത്രമാണ് ദൂരദര്ശന് മാറ്റം വരുത്തിയിട്ടുള്ളതെന്നും തങ്ങളുടെ മൂല്യങ്ങള്‍ പഴയപടി തുടരുമെന്നും ദൂരദര്ശന് അറിയിച്ചു. ഡിഡി ന്യൂസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയായിരുന്നു പ്രതികരണം.
'ഞങ്ങളുടെ മൂല്യങ്ങള്‍ അതേപടി നിലനില്ക്കുമ്പോള്, ഞങ്ങള്‍ ഇപ്പോള്‍ ഒരു പുതിയ രൂപത്തില്‍ ലഭ്യമാണ്. മുമ്പെങ്ങുമില്ലാത്തവിധം ഒരു വാര്‍ത്താ യാത്രയ്ക്ക് തയ്യാറാകൂ.. ഏറ്റവും പുതിയ ഡിഡി വാര്‍ത്തകള്‍ അനുഭവിക്കൂ!' എന്ന കുറിപ്പിനൊപ്പമാണ് പുതിയ നിറത്തിലുള്ള ലോഗോ പുറത്തുവിട്ടത്.
ലോഗോയ്ക്കൊപ്പം ചാനലിന്റെ സ്ക്രീനിലും കാവി കൊണ്ടുവന്നിട്ടുണ്ട്. രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ദൂരദര്‍ശന്റെ ലോഗോ മാറ്റത്തിന് എതിരെ എത്തുന്നത്.
അതേസമയം, ലോഗോ മാറ്റത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.സമ്പൂര്‍ണ കാവിവല്കരണത്തിന്റെ ഭാഗമായിട്ടാണ് ദൂരദര്‍ശന്റെ കാവി ലോഗോ എന്നാണ് ഉയരുന്ന വിമര്‍ശനം. നേരത്തെ കേരള സ്റ്റോറി എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനവും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.