ഹൈദരാബാദ് : മകന്റെ വിവാഹ ക്ഷണത്തില്‍ ഒരു വോട്ടഭ്യര്‍ത്ഥന. വിവാഹത്തിന് സമ്മാനമൊന്നും വേണ്ടെന്നും മോദിക്ക് വോട്ട് ചെയ്താല്‍ തന്നെ വലിയൊരു സമ്മാനമാണെന്നുമാണ് അച്ഛന് പറയുന്നത്.
തെലങ്കാന സ്വദേശി ആണ് ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു കാര്യം ചെയ്തിരിക്കുന്നത്. അതിഥികള്‍ വിവാഹ സമ്മാനം ഒന്നും കൊണ്ടുവരേണ്ടെന്നും മോദിക്കു നല്കുന്ന വോട്ടാണ് ഏറ്റവും നല്ല വിവാഹസമ്മാനമെന്നുമാണു നന്ദികാന്തി നര്‍സിംലു വിവാഹക്ഷണക്കത്തില്‍ അച്ചടിച്ചിരിക്കുന്നത്.
വിവാഹക്ഷണക്കത്തില്‍ മോദിയുടെ ചിത്രവും കൊടുത്തിട്ടുണ്ട്. പ്രില്‍ നാലിനാണു നന്ദികാന്തിയുടെ മകന് സായ് കുമാറിന്റെ വിവാഹം. മഹിമ റാണിയാണു വധു. കെട്ടിട നിര്‍മാണത്തിനാവശ്യമായ തടി ഉരുപ്പിടികളുടെ വിതരണക്കാരനാണു നന്ദികാന്തി. മോദിയോടുള്ള സ്നേഹമാണു മകന്റെ വിവാഹ ക്ഷണക്കത്തിലൂടെ പ്രകടിപ്പിച്ചതെന്നാണ് ഇയാള്‍ പറയുന്നത്.
വിവാഹ ക്ഷണക്കത്തില്‍ വോട്ടഭ്യര്‍ഥന നടത്തുന്ന ആദ്യ വ്യക്തിയല്ല നന്ദികാന്തി. 2019ലെ പൊതുതെരഞ്ഞെടുപ്പിലും ഈ രീതിയില്‍ വോട്ടഭ്യര്‍ഥന നടത്തിയിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് വിവാഹക്ഷണക്കത്ത് തയ്യാറാക്കിയതിന് ഒരാള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.