വിവാഹം എന്നത് വളരെ മഹത്തായ ഒന്നാണ്. ഏറ്റവും പ്രധാനപ്പെട്ട മൂഹൂര്‍ത്തത്തില്‍ പുതിയ ജീവിതത്തിലേക്ക് രണ്ട് പേര് ഒന്നിച്ച് കടക്കുമ്പോള്‍ എല്ലാവരാലും അനുഗ്രഹം ചൊരിയാന്‍ എത്തുന്ന ദിവസം. എന്നാല്‍ ആ ദിവസം അപ്രതീക്ഷിതമായ സംഭവങ്ങള്‍ ഉണ്ടായാലോ? വെറുതേ ചെറിയ കാര്യത്തിന്റെ പേരില്‍ വിവാഹം തന്നെ മാറി പോയാലോ? അത്തരത്തില്‍ ഒരു സംഭവമാണ് കര്‍ണ്ണാടകയില്‍ സംഭവിച്ചത്.
മെയ് അഞ്ചിന് ഹനഗല്ലു ഗ്രാമത്തില്‍ നിന്നുള്ള യുവതിയുടെയും തുംകൂര്‍ നഗരത്തിലെ തുംകുരു സ്വദേശിയായ യുവാവിന്റെയും വിവാഹത്തിനാണ് അപ്രതീക്ഷിതമായ സംഭവം നടന്നത്. വിവാഹത്തിന് വധുവിന്റെ കുടുംബത്തോട് വരന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. വരന്റെ വീട്ടുകാരുടെ ആവശ്യപ്രകാരം സ്വര്‍ണ്ണവും പണവും എല്ലാം കൊടുക്കാമെന്ന് ഏറ്റിരുന്നു. അതുപോലെ തന്നെ കൊടുക്കുകയും ചെയ്തു. വധുവും വരനും വിവാഹത്തിന് മുന്‍പേ തന്നെ എല്ലാം പറഞ്ഞ സമ്മതിക്കുകയും ചെയ്തു.
പക്ഷെ ഇങ്ങനെയെല്ലാം നല്ല രീതിയില്‍ പോയെങ്കിലും വിവാഹ ദിവസം വിവാഹം മുടങ്ങുകയായിരുന്നു. അതും വളരെ നിസ്സാരമായ കാരണം കൊണ്ടാണ് വിവാഹം മുടങ്ങിയത്.
വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിന് മധുരം വിളമ്പിയില്ല എന്നാരോപിച്ച് വരന്റെ വീട്ടുകാര്‍ ബഹളം വയ്ക്കുകയായിരുന്നു. പിന്നാലെ എല്ലാവരും പൊലീസ് സ്റ്റേഷനിലെത്തി. അതോടെ യുവാവ് മോതിരം ഊരി നല്‍കുകയും വിവാഹത്തില്‍ നിന്നും പിന്മാറുന്നു എന്ന് അറിയിക്കുകയുമായിരുന്നു. നടന്ന സംഭവങ്ങളില്‍ ആകെ വേദനിച്ചുപോയ യുവതിയും തനിക്ക് വിവാഹം വേണ്ട എന്ന് ഉറപ്പിച്ചു.
വിവാഹവുമായി ബന്ധപ്പെട്ട് വിചിത്രമായ പല സംഭവങ്ങളും ഇതിന് മുമ്പും നടന്നിട്ടുണ്ട്. ബിഹാറിലെ ബെഗുസാരായിയില്‍ അടുത്തിടെ വിവാഹത്തിന് ക്ഷണിച്ചില്ല എന്നാരോപിച്ച് ഒരു ബന്ധു വിവാഹദിവസം വരനെയും കുടുംബത്തെയും വടികളും മറ്റും ഉപയോഗിച്ച് അക്രമിച്ചിരുന്നു. സംഭവത്തിന് പിന്നാലെ നിരവധിപ്പേരാണ് അന്ന് ആശുപത്രിയിലായത്. പിന്നാലെ ഈ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവാഹത്തിന് ക്ഷണിക്കാത്ത ദേഷ്യത്തിലാണ് അതിക്രമം കാണിച്ചത് എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.