18
MAR 2021
THURSDAY
1 GBP =105.50 1INR
1 USD =82.95 INR
1 EUR =90.16 INR
breaking news : ഫാ. ബോബി എമ്പ്രയില്‍ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം; ലൂട്ടനില്‍ 29നും, 30നും; സ്റ്റീവനേജില്‍ 31ന്, 'ഗ്രാന്‍ഡ് മിഷന്‍ 2024' ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ധ്യാനങ്ങള്‍ ക്രമീകരിക്കുന്നത് >>> ജനിച്ചതും വളര്‍ന്നതുമെല്ലാം യുകെയില്‍; 28 കാരനെ മാതാപിക്കാളുടെ സ്വദേശമായ പോര്‍ച്ചുഗലിലേക്ക് നാടുകടത്താനുള്ള ഹോം ഓഫീസ് ശ്രമം നിയമവിരുദ്ധമാണെന്ന് വിധിച്ച് കോടതി >>> 94കാരനോട് മലയാളി കെയര്‍ വര്‍ക്കര്‍ ചെയ്തത് കൊടും ക്രൂരത! കാല്‍ മിനിറ്റുകളോളം തലയ്ക്ക് മുകളിലേക്ക് മടക്കിപ്പിടിച്ച് വേദനിപ്പിച്ചു; കരഞ്ഞിട്ടും പിടിവിട്ടില്ല; എക്‌സ്റ്റര്‍ കെയര്‍ ഹോം പീഡനക്കേസ് പ്രതിയ്ക്ക് ജയില്‍ ശിക്ഷ >>> സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ വംശീയമായി അധിക്ഷേപിക്കുകയും വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്ത കേസ്; നാല് കൗമാരക്കാര്‍ അറസ്റ്റില്‍ >>> 'പോസ്റ്റില്‍ പറഞ്ഞ കാര്യവുമായി തനിക്ക് ഒരുത്തരത്തിലുള്ള ബന്ധവുമില്ല, കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല': ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി >>>
Home >> NEWS

NEWS

94കാരനോട് മലയാളി കെയര്‍ വര്‍ക്കര്‍ ചെയ്തത് കൊടും ക്രൂരത! കാല്‍ മിനിറ്റുകളോളം തലയ്ക്ക് മുകളിലേക്ക് മടക്കിപ്പിടിച്ച് വേദനിപ്പിച്ചു; കരഞ്ഞിട്ടും പിടിവിട്ടില്ല; എക്‌സ്റ്റര്‍ കെയര്‍ ഹോം പീഡനക്കേസ് പ്രതിയ്ക്ക് ജയില്‍ ശിക്ഷ

വൃദ്ധനെ കെയര്‍ ഹോമില്‍ വെച്ച് മോശമായി ദേഹോപദ്രവം ഏല്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ കുടുങ്ങിയതോടെ മലയാളി കെയര്‍ വര്‍ക്കര്‍ക്കു ജയില്‍ശിക്ഷ. എക്സ്റ്റര്‍ ലാംഗ്ഫോര്‍ഡ് പാര്‍ക്ക് നഴ്സിംഗ് ഹോമില്‍ ജോലി ചെയ്യവെയാണ് ജിനു ഷാജി(26 ) താന്‍ പരിചരിക്കുന്ന 94 കാരന്റെ കാലുകള്‍ പിന്നിലേക്ക് വലിച്ച് തലയ്ക്ക് മുകളില്‍ പിടിച്ച് മിനുറ്റുകളോളം വേദനിപ്പിച്ചത്. വേദന കൊണ്ട് വൃദ്ധന്‍ കരഞ്ഞെങ്കിലും ജിനു പിടിവിട്ടില്ല. നാല് മിനിറ്റോളം ബലത്തില്‍ കാലുകള്‍ ഉയര്‍ത്തിപ്പിടിച്ചു. കാലിലെ ചതവുകളെക്കുറിച്ച് മാനേജ്‌മെന്റിനോട് ആശങ്ക പ്രകടിപ്പിച്ച രോഗിയുടെ ബന്ധുക്കള്‍ സ്ഥാപിച്ച ക്യാമറയിലാണ് സംഭവം പതിഞ്ഞത്. ഇരയുടെ കാലില്‍ ചതവ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 2023 ജൂലൈയില്‍ അദ്ദേഹത്തിന്റെ കുടുംബം ഒരു ക്യാമറ സ്ഥാപിക്കുകയും പീഡനം റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. രോഗിയുടെ ബന്ധുക്കള്‍ ഉടന്‍ തന്നെ കെയര്‍ ഹോം മാനേജരെ വിവരം അറിയിക്കുകയും ഷാജിയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ജിനു ഷാജി കേസില്‍ കുടുങ്ങിയതോടെ അയാള്‍ ജോലി ചെയ്തിരുന്ന 35 ബെഡ് കപ്പാസിറ്റിയുള്ള  ലാങ് പാര്‍ക്ക് കെയര്‍ ഹോം അടച്ചു പൂട്ടുകയും പിന്നീട് മറ്റൊരു മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ആയിരുന്നു.  പരാതി ഉണ്ടായി മൂന്നുമാസങ്ങള്‍ക്ക് ശേഷം കേരളത്തില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിചാരണയ്ക്ക് ശേഷം എക്‌സെറ്റര്‍ ക്രൗണ്‍ കോടതിയാണ് ഇയാള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് തടവ് ശിക്ഷ വിധിക്കുകയും ചെയ്തത്.  പാഡ് മാറ്റാനുള്ള ശ്രമത്തിന് ഇടയില്‍ വൃദ്ധന്‍ അനങ്ങാതിരിക്കാന്‍ വേണ്ടിയാണു ജിനു ഷാജിക്രൂരത കാട്ടിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം. മുത്തച്ഛന്‍ വേദന കൊണ്ട് യാചിക്കുന്ന ശബ്ദം മരണം വരെ തന്റെ കാതുകളില്‍ മുഴങ്ങുമെന്നും ഇത്തരക്കാര്‍ ഒരു കെയര്‍ ഹോമിലും ജോലിയ്ക്ക് ഉണ്ടാകരുത് എന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് വൃദ്ധന്റെ കൊച്ചു മകള്‍ കോടതിയില്‍ വ്യക്തമാക്കി. ജോലിയുടെ അമിത ഭാരത്തില്‍ മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നെന്നും വര്‍ക്ക് വിസയെ ബാധിക്കും എന്നതിനാല്‍ ജോലി ഭാരം സംബന്ധിച്ചു മാനേജ്‌മെന്റിനോട് പരാതി പറയാന്‍ പറ്റുന്ന സാഹചര്യം അല്ലായിരുന്നു എന്നും ജിനു ഷാജി കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ക്യാമറ ഘടിപ്പിച്ചതായി അറിഞ്ഞിട്ടും ജിനു ഷാജി ഈ ക്രൂരത ചെയ്യാന്‍ മടിച്ചില്ലെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ലാംഗ്ഫോര്‍ഡ് പാര്‍ക്കിലെ മറ്റ് കെയറര്‍മാര്‍ കഠിനാധ്വാനം ചെയ്യുന്നവരാണെങ്കിലും ജിനുവിന്റെ പരിചരണമാണ് മുത്തശ്ശന്റെ മരണം വേഗത്തിലാക്കിയതെന്നാണ് കുടുംബം കരുതുന്നത്. ജിനു ഷാജിക്കൊപ്പം കെയര്‍ ഏജന്‍സി വഴി ജോലിക്കെത്തിയ മൂന്ന് യുവാക്കള്‍ കൂടി ക്യാമറ ദൃശ്യങ്ങളില്‍ പതിഞ്ഞെങ്കിലും അവര്‍ പിന്നീട് ജോലിക്ക് വരുന്നത് കെയര്‍ ഹോം വിലക്കുക ആയിരുന്നു. 

20 മൈൽ വേഗപരിധി ലംഘിച്ചാൽ 100 പൗണ്ടും 3 പെനാൽറ്റി പോയിന്റും പിഴശിക്ഷ! മോട്ടോർ വേകളിൽ നാളെ മുതൽ പിഴകൾ ഈടാക്കും, പ്രതിഷേധവുമായി ഡ്രൈവർമാരും പ്രതിപക്ഷ കക്ഷികളും! നിയമ നടത്തിപ്പുമായി മുന്നോട്ടെന്ന് സർക്കാർ

സർക്കാർ നടപ്പിലാക്കിയ  ഏറ്റവും വിവാദമായ നിയമ മാറ്റങ്ങളിൽ ഒന്നാണ് വെയിൽസിലെ മോട്ടോർവേകളിലെ മണിക്കൂറിൽ  20 - മൈൽ  വേഗപരിധി നിയമം. ബിൽറ്റ്-അപ്പ് ഏരിയകളിൽ വേഗപരിധി 30mph-ൽ നിന്ന് 20mph ആയി കുറയ്ക്കുന്നത് വെൽഷ് സർക്കാർ പ്രാബല്യത്തിൽ വരുത്തിയത് ജനുവരി മുതലാണ്. എന്നാൽ ട്രയൽ റൺ പൂർത്തിയാകുന്നതോടെ മാർച്ച് 18 തിങ്കളാഴ്ച്ച മുതൽ 20mph വേഗപരിധി ലംഘിക്കുന്നവരിൽ നിന്നും പിഴ ഈടാക്കും. സ്ട്രീറ്റുകളിലെ അപകടങ്ങളിൽ നിന്ന് ജീവൻ രക്ഷിക്കുന്നതിനും കൂടുതൽ ആളുകളെ നടപ്പാതകൾ ഉപയോഗിക്കുന്നതിനും സൈക്കിൾ ചവിട്ടുന്നതിനുമായി  പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത് അവതരിപ്പിച്ചത്,  ജനുവരി മുതൽ പൊതുജനങ്ങളെ പരിചയപ്പെടുത്താനായാണ്  പുതിയ നിയമം നടപ്പിലാക്കിയത്. അതിനാൽ നിയമലംഘകർക്ക് ഇതുവരെ പിഴശിക്ഷകൾ ഏർപ്പെടുത്തിയിരുന്നില്ല. എന്നാൽ തിങ്കളാഴ്ച മുതൽ 20mph പരിധി ലംഘിക്കുന്ന ആർക്കും ഇടപഴകൽ പ്രവർത്തിക്കാത്ത റോഡുകളിൽ പെനാൽറ്റി പോയിൻ്റുകളും പിഴകളും നേരിടേണ്ടിവരും. 34 മില്യൺ പൗണ്ട് ചിലവഴിച്ച് ആറ് മാസം മുമ്പ് പ്രാബല്യത്തിൽ വരുത്തിയ നിയമം റോഡുകളിലെ മരണങ്ങൾ കുറയ്ക്കുമെന്ന് മന്ത്രിമാർ അവകാശപ്പെടുന്നു. അതിനിടെ പ്രതിഷേധക്കാർ നൂറുകണക്കിന് 20mph സൈനുകൾ കേടാക്കിയതിനാൽ  പലയിടത്തും  ഈ മാറ്റത്തോട് പൊരുത്തപ്പെടാൻ  ജനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. വെയിൽസ് ഗവൺമെൻ്റിൻ്റെ അധിക ധനസഹായത്തെത്തുടർന്ന് റോഡ് സുരക്ഷാ അപകടസാധ്യതയുള്ളതായി തെളിവുകൾ ഉള്ളിടത്തും പുതിയ 20mph റോഡുകളിലും നിയമ മാറ്റം നടപ്പിലാക്കുമെന്ന് വെയിൽസിൻ്റെ റോഡ് സുരക്ഷാ സ്ഥാപനമായ ഗോസേഫ് അറിയിച്ചു. സമീപ ദിവസങ്ങളിൽ നിയമലംഘകരുടെ എണ്ണം കുത്തനെ കൂടുകയും ചെയ്തിട്ടുണ്ട്. എങ്കിലും 90% ജനങ്ങളും നിയമം പാലിക്കുന്നു. ക്രാഷ് അപകടസാധ്യത കൂടുതലുള്ളിടത്ത് സ്ഥാപിച്ചിട്ടുള്ള ഫിക്സഡ് സ്പീഡ് ക്യാമറകൾ പുതിയ വേഗതയിലേക്ക് ക്രമീകരിക്കുമെന്നും "പുതിയ പരിധിയുമായി കുറവ് പാലിക്കുന്നു" എന്നതിന് തെളിവുണ്ടെങ്കിൽ നടപടി എടുക്കണമെന്നും ഗോസേഫ് കൂട്ടിച്ചേർത്തു. സ്പീഡ് ക്യാമറകൾ ഉപയോഗിച്ച് പുതിയ 20 മൈൽ സ്‌ട്രെച്ചുകളിൽ 26 മൈലോ അതിൽ കൂടുതലോ ഓടിക്കുന്ന ഡ്രൈവർമാരെ പ്രോസിക്യൂട്ട് ചെയ്യും. ഡ്രൈവർമാർ ഒരു ബിൽറ്റ്-അപ്പ് ഏരിയയിൽ 20mph-ൽ കൂടുതൽ വേഗത ഉപയോഗിച്ചാൽ, അവർക്ക് കുറഞ്ഞത് £100 പിഴയും മൂന്ന് പെനാൽറ്റി പോയിൻ്റുകളും ലഭിക്കും. അതേസമയം ഈ നിയമം വെൽഷ് പാർലമെൻ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിപക്ഷ പ്രതിഷേധത്തിലേക്കും പെറ്റീഷനിലേക്കും നയിച്ചിട്ടുണ്ട്. സൈൻ ബോർഡുകൾ നശിപ്പിച്ച് നിരവധിപ്പേർ തെരുവിലും പ്രതിഷേധിക്കുന്നു. ഇവർക്കെതിരെ പോലീസ് നിയമനടപടികൾ കൈക്കൊള്ളും. ലോക്കൽ ഡെമോക്രസി റിപ്പോർട്ടിംഗ് സർവീസിനു  ലഭിച്ച കണക്കുകൾ പ്രകാരം, സെപ്തംബർ മുതൽ ഗ്വെൻ്റിലുടനീളം വേഗപരിധി മൂലം  145 സൈൻ ബോർഡുകൾക്ക് കേടുപാടുകൾ സംഭവിച്ചതായിറിപ്പോർട്ട് ചെയ്യുന്നു. ടോർഫെൻ, കേർഫില്ലി കൗൺസിൽ ഏരിയകളിൽ 103 അടയാളങ്ങൾ കേടായ നിലയിലാണ്. ഏറ്റവും കൂടുതൽ സൈൻബോർഡ് നശീകരണമോ വേഗപരിധി ബോർഡുകൾക്ക് കേടുപാടുകളോ സംഭവിച്ചത് മൊൺമൗത്ത്‌ഷെയറിൽ. ഇവിടെ സെപ്റ്റംബർ മുതൽ "കുറഞ്ഞത് 22" സൈൻ ബോർഡ് നശീകരണമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കൗൺസിൽ പറഞ്ഞു. ഓരോ പുതിയ റോഡ് അടയാളവും ഫിറ്റ് ചെയ്യാൻ £1,000 ചിലവാകുമെന്നതും കേടായ സൈൻ ബോർഡുകൾ നന്നാക്കുന്നതിൽ നിന്നും കൗൺസിൽ അധികൃതരെ പിന്നോട്ടുവലിക്കുന്നു.

കറുത്തവംശജന് കുറിവീണാൽ വെയിൽസും ചരിത്രം കുറിക്കും! വെയിൽസിലെ അടുത്ത ലേബർ നേതാവിനെയും ഫസ്റ്റ് മിനിസ്റ്ററെയും ഇന്നറിയാം, ഗെതിങ്ങോ മൈൽസോ ആരുജയിച്ചാലും സവിശേഷതയുള്ള വെയിൽസിലെ ആദ്യത്തെ പ്രഥമ മന്ത്രിയാകും!

വെയിൽസിലെ ഫസ്റ്റ് മിനിസ്റ്റർ അഥവാ പ്രഥമ മന്ത്രിയാകാൻ ഇക്കുറി കറുത്തവംശജന്‌ കുറി വീഴുമോ?  അതോ ഒരു സ്വവർഗപ്രേമി ഇതാദ്യമായി വെയിൽസ് ഫസ്റ്റ് മിനിസ്റ്ററാകുമോ? രണ്ടായാലും വെയിൽസ് സർക്കാരിന്റെയും ലേബർ പാർട്ടിയുടേയും  ഇതുവരെയുള്ള ചരിത്രം തിരുത്തിക്കുറിക്കപ്പെടും. വെൽഷ് ലേബർ പാർട്ടിയുടെ  നേതൃത്വ തിരഞ്ഞെടുപ്പിലെ വിജയിയെ ശനിയാഴ്ചയാണ് പാർട്ടി ഔദ്യോഗികമായി  പ്രഖ്യാപിക്കുക.  അട്ടിമറികൾ ഒന്നും സംഭവിച്ചില്ലെങ്കിൽ, സ്വാഭാവികമായും വെയിൽസിൻ്റെ പുതിയ പ്രഥമ മന്ത്രിയും ഈ ലേബർ നേതാവ് തന്നെയായിരിക്കും. അടുത്തയാഴ്ച ഔദ്യോഗികമായി സ്ഥാനമൊഴിയുന്ന മാർക്ക് ഡ്രേക്ക്ഫോർഡിന് പകരക്കാരനാകാൻ പാർട്ടിയിലെ പ്രമുഖരായ വോൺ ഗെതിംഗും ജെറമി മൈൽസുമാണ്  മത്സരിച്ചത്. സാംബിയയിലാണ് വോൺ ഗെതിംഗ്  ജനിച്ചത്. മുൻ സോളിസിറ്ററായ വോൺ ഗെതിംഗ് വെയിൽസിലെ ലേബർ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയാണ്.  നിലവിൽ വെയിൽസിലെ വിദ്യാഭ്യാസ മന്ത്രിയായ ജെറമി മൈൽസാണ് നേതൃത്വത്തിനായി മത്സരിച്ച രണ്ടാമൻ. അഭിഭാഷക വൃത്തിയിൽ നിന്നാണ് ജെറമി ലേബർ പാർട്ടിയിലേക്ക് വരുന്നത്. വെയിൽസിൽ തന്നെ ജനിച്ചുവളർന്ന, വെൽഷ് ഭാഷ സംസാരിക്കുന്ന ഒരു പരമ്പരാഗത വെള്ളക്കാരനാണ് ജെറമി. വോൺ ഗെതിംഗ് വിജയിച്ചാൽ വെയിൽസിലെ ആദ്യത്തെ കറുത്തവർഗക്കാരനായ ഫസ്റ്റ് മിനിസ്റ്റർ എന്ന പദവിക്കർഹനാകും.  ജെറമി മൈൽസിനാണ്  വിജയമെങ്കിൽ രാജ്യത്തെ ആദ്യത്തെ സ്വവർഗാനുരാഗിയായ പ്രഥമമന്ത്രി എന്ന പദവിക്കും അർഹനാകും.  വോൺ  ഗെതിങ്ങാണ്  വിജയിക്കുന്നതെങ്കിൽ, യുകെയിലെ മൂന്ന് പ്രധാന അംഗരാജ്യങ്ങളായ ഇംഗ്ലണ്ടിലും സ്കോട്ട്ലാൻഡിലും വെയിൽസിലും കുടിയേറ്റക്കാരും  വിദേശ വംശജരും പ്രഥമ മന്ത്രിമാർ ആകുമെന്ന പ്രത്യേകതയുമുണ്ട്. ഫെബ്രുവരി 16 നും മാർച്ച് 14 നും ഇടയിൽ വെയിൽസ് ലേബർ പാർട്ടിയിലെ അംഗങ്ങൾ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള വോട്ടുകൾ തപാൽ വഴിയോ ഓൺലൈനായോ രേഖപ്പെടുത്തിക്കഴിഞ്ഞു. ഇന്ന് ലേബർ പാർട്ടി ഭാരവാഹികൾ കാർഡിഫിലാണ്  തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. വെയിൽസിലെ മറ്റുപാർട്ടികൾക്ക് നിലവിലെ സർക്കാരിൽ ലേബറുകളേക്കാൾ  പ്രാതിനിധ്യം വളരെ കുറവാണ്. കാർഡിഫ് ബേയിലെ 60 സീറ്റുകളിൽ 30 എണ്ണവും ലേബർ കൈവശം വച്ചിരിക്കുന്നു,  അതിനാൽ ലേബറുകൾക്ക്, പുതിയ പാർട്ടി നേതാവുതന്നെ  അടുത്ത പ്രഥമ മന്ത്രിയാകുമെന്നത് ഉറപ്പാക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. അല്ലാത്തപക്ഷം ലേബർ പാർട്ടി അംഗങ്ങൾക്കിടയിൽ തന്നെ പിളർപ്പ് രൂപപ്പെട്ട്  അട്ടിമറി സംഭവിക്കണം. മാർക്ക് ഡ്രേക്ക്ഫോർഡ് അടുത്തയാഴ്ച്ച സ്ഥാനമൊഴിയുന്ന മുറയ്ക്ക് വെയിൽസിന്റെ പുതിയ ഫസ്റ്റ്  മിനിസ്റ്റർ അധികാരമേൽക്കും.

ചട്‌നി… സാമ്പാർ… മസാലദോശൈയ്… മലയാളിയുടെ ഇഷ്ടവിഭവമൊരുക്കി ഗ്ലോസ്റ്റെർ എൻഎച്ച്എസ് കാന്റീൻ! ന്യൂട്രീഷൻ വീക്കിന്റെ ഭാഗമായി ദോശയും ചമ്മന്തിയും സായിപ്പുമാരുടെ മനവും കവർന്നു; നൊസ്റ്റാൾജിയ രുചിക്കൂട്ടിൽ മനസ്സുനിറച്ച് മലയാളി നഴ്‌സുമാരും, കാന്റീനുകളിൽ പതിവാകും

ചായ… വട.. ഉണ്ടംപൊരിയേ… ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ് ശബ്ദംകേട്ട് തിരിഞ്ഞു നോക്കിയപ്പോൾ, മലയാളിയുടെ ചായക്കട കണ്ട്  അന്തംവിട്ടുവെന്നാണ് പഴങ്കഥ.  എന്നാൽ ഡ്യൂട്ടിക്കിടെ ഭക്ഷണത്തിനായ്  യുകെയിലെ എൻഎച്ച്എസ് കാന്റീനിൽ എത്തുമ്പോൾ നല്ല ചൂടൻ സാമ്പാറും ചട്‌നിയും മസാലദോശയും കഴിക്കാൻ കിട്ടിയാലോ? ഗ്ലോസ്റ്റെർഷെയർ എൻഎച്ച്എസ് ആശുപത്രിയിലെ മലയാളി സ്റ്റാഫുകൾക്കാണ് കഴിഞ്ഞ ദിവസം ആ അപൂർവ്വ അവസരം കൈവന്നത്. ഏറ്റവും കൂടുതൽ മലയാളി നഴ്സുമാര്‍ ജോലിചെയ്യുന്ന യുകെയിലെ എൻഎച്ച്എസ് ആശുപത്രികളിലൊന്നാണിത്. മാർച്ച്‌ 11 മുതൽ 17 വരെ ഇവിടെ നടക്കുന്ന ന്യൂട്രീഷൻ ആൻഡ് ഹൈഡ്രേഷൻ വീക്കിന്റെ ഭാഗമായാണ് മലയാളികളുടേയും ദക്ഷിണേന്ത്യക്കാരുടേയും ഇഷ്‌ട ഭക്ഷ്യവിഭവമായ ദോശയും വിശിഷ്ടാതിഥിയായി തീന്മേശയിലെത്തിയത്. കാന്റീൻ ചുമതലക്കാരായ മലയാളി ജീവനക്കാർ തന്നെയാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചതും. ഈമാസം 17 വരെ എല്ലാവർഷവും  നടത്തുന്ന ന്യൂട്രീഷൻ ആൻഡ് ഹൈഡ്രേഷൻ വീക്കിലെ ഓരോദിവസവും പോഷകാഹാരപ്രദവും ശരീരത്തിലെ ജലാംശം നിലനിർത്തുന്നതുമായ ലോകത്തിലെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രത്യേക വിഭവങ്ങളാണ് അവതരിപ്പിക്കുക. മാർച്ച് 12 ചൊവ്വാഴ്ചയാണ് അന്താരാഷ്ട്ര ജീവനക്കാരുടെ ഇഷ്ടവിഭവമൊരുക്കൽ ദിവസത്തിൽ മലയാളി നഴ്‌സുമാരുടെ രുചിവിഭവമായി ദോശയും സാമ്പാറും ഒരുക്കിയത്. ഫൈബർ ഫ്രൈഡേ ഒന്നുപേരിട്ട മാർച്ച് 15 വെള്ളിയാഴ്ചസാധാരണ മെനുവിനൊപ്പം ലഘുഭക്ഷണത്തിനായി പച്ചക്കറികളുടേയും  പഴങ്ങളുടേയും വലിയ നിരയുണ്ടാകും. ഇന്ത്യൻ മസാല രുചിക്കൂട്ടുകൾ വീണ്ടുമെത്തുന്നത്  പ്രോഗ്രാമിന്റെ അവസാന ദിവസമായ ഞായറാഴ്ചയാണ്. കേരളത്തിന്റെ തനതായ രുചിക്കൂട്ടുമായി ദോശയും സാമ്പാറും നല്ല എരിവുള്ള  തേങ്ങാച്ചമ്മന്തിയും കിട്ടിയപ്പോള്‍, മലയാളി നഴ്സുമാർ അടക്കമുള്ള ഇന്ത്യൻ ജീവനക്കാര്‍ നൊസ്റ്റാൾജിക് കൊതിയോടെ കഴിച്ചുതീർത്തു. ദോശയും സാമ്പാറും ചട്ട്ണിയുമൊക്കെ സായിപ്പുമാരായ സ്റ്റാഫുകളുടേയും  മനം കവർന്നു. ദോശദിവസം ചൂടപ്പം പോലെ വിറ്റുപോയത് 400 ലേറെ  തട്ടിൽപുട്ടി  ദോശകളാണ്. മസാല നിറച്ച ദോശകൾ വേറെ. ദോശയ്ക്ക് കൂട്ടായി സാമ്പാറും പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയുമൊക്കെ ചേർത്തരച്ച തേങ്ങാച്ചമ്മന്തിയും നാവിലെ രസമുകുളങ്ങളിൽ മലയാളി രുചിവിതറി! ഗ്ലോസ്റ്റർ എൻഎച്ച്എസ് ആശുപത്രി ക്യാന്റീനിലെ പാചക  ചുമതലയുള്ള മലയാളികളായ ബെന്നി ഉലഹന്നാനും അരുള്‍, നൂവീദ് എന്നീ സഹ ജീവനക്കാരുമാണ് ദോശ ചുട്ടത്. കേരളത്തിൽ നിന്നുനേടിയ പാചകകലയിലെ കൈപ്പുണ്യം അവർ നന്നായി പ്രകടിപ്പിക്കുകയും ചെയ്‌തു. മൂന്ന് പൗണ്ടാണ് ദോശയ്ക്കും സാമ്പാറിനും ചമ്മന്തിക്കും ഈടാക്കിയത്. എൻഎച്ച്എസ് സ്റ്റാഫുകൾക്ക്  50% ഡിസ്‌കൗണ്ടും നൽകി. സംഭവം കേട്ടറിഞ്ഞും രുചിയറിഞ്ഞും എത്തിയ എല്ലാവർക്കും ദോശ നൽകാൻ കഴിഞ്ഞില്ല എന്നതാണ് ബെന്നിയുടേയും  സഹപ്രവർത്തകരുടേയും ഇപ്പോഴത്തെ സങ്കടം.   സ്റ്റാഫുകളുടെ ദോശപ്രിയവും ഗുണമേന്മയും  തിരിച്ചറിഞ്ഞതോടെ ആഴ്ചയില്‍ ഒരുദിവസം ദോശയും ചമ്മന്തിയും സാമ്പാറും പതിവാക്കാൻ മാനേജുമെന്റുമായുള്ള  ആലോചനയിലാണ് ക്യാന്റീൻ നടത്തിപ്പുകാർ ഇപ്പോൾ.  സായിപ്പുമാർക്കും രുചിപിടിച്ചതോടെ നഴ്‌സുമാരും മറ്റുമായി നിരവധി മലയാളി സ്റ്റാഫുകളുള്ള യുകെയിലെ ഇതര എൻഎച്ച്എസ് ആശുപത്രി കാന്റീനുകളിലും, ദോശയ്ക്കും ഇഢലിക്കുമൊപ്പം  നാലുമണി പലഹാരങ്ങളായ പരിപ്പുവടയും സുഖിയനും ബോണ്ടയുമൊക്കെ എത്തുന്നകാലവും വിദൂരമല്ല.

വിദേശ കെയർ വർക്കർമാരെ ചൂഷണം ചെയ്യൽ.. ഹോം ഓഫീസ് നടപടികൾ കർശനമാക്കുന്നു; ഹാവിക്കിലെ കെയർ ഏജൻസിയുടെ റിക്രൂട്ടിങ് ലൈസൻസ് റദ്ദാക്കി, കെയറർമാരെ ബലാത്സംഗത്തിനുവരെ ഇരയാക്കിയതായി പരാതി, ഓവർ ഡ്യൂട്ടിയും ശമ്പളക്കുറവും പിരിച്ചുവിടൽ ഭീഷണിയും പതിവുരീതി!

യുകെ ജോലിനേടാനുള്ള ഹെൽത്ത് കെയർ അസിസ്റ്റന്റ്സ് അഥവാ കെയറർമാരുടെ യോഗ്യതകളിലും നിയന്ത്രണ നിയമങ്ങളിലും ഇളവുകൾ നൽകിയതോടെ, കഴിഞ്ഞ രണ്ടുവർഷത്തിനിടെ യുകെയിലേക്ക് ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് വിദേശ കെയറർമാരാണ്. അതോടൊപ്പം ഹെൽത്ത് കെയർ വർക്കർമാരെ  ചൂഷണങ്ങൾക്കും പീഡനത്തിനും ഇരയാക്കുന്നുവെന്ന പരാതിയും വ്യാപകമായി. ഓവർ ഡ്യൂട്ടിയും ശമ്പളക്കുറവും മുതൽ ബലാത്‌സംഗവും ലൈംഗിക - വംശീയ പീഡനങ്ങളും പിരിച്ചുവിടൽ ഭീഷണികളും വരെ ഉയർന്നുവന്നു. യുകെയിലെ ദേശീയ മാധ്യമത്തിലടക്കം ഇതുസംബന്ധിച്ച വാർത്തകളും നിരന്തരം വന്നിരുന്നു. ഇതേത്തുടർന്ന് യുകെ ഹോം ഓഫീസും അന്വേഷണ ഏജൻസികളും ഇപ്പോൾ നടപടികൾ കൂടുതൽ ശക്തമാക്കുന്നു.  ഇന്ത്യയിൽ നിന്നടക്കം നിരവധി കെയറർമാരെ റിക്രൂട്ടുചെയ്തിട്ടുള്ള സ്കോട്ട്ലാൻഡിലെ കെയർ സർവ്വീസ് സ്ഥാപനത്തിന്റെ വിദേശ കെയർ  വർക്കർമാരെ  റിക്രൂട്ടുചെയ്യാനുള്ള ലൈസൻസ് റദ്ദാക്കിയതാണ് ഇതുസംബന്ധിച്ച ഏറ്റവും പുതിയ നടപടി. കുടിയേറ്റ തൊഴിലാളി നിയമങ്ങൾ ലംഘിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ, ഹാവിക്ക് ആസ്ഥാനമായുള്ള സ്ഥാപനം ‘സപ്പോർട്ട് സർവീസസ് ഫസ്റ്റ് ചോയ്‌സ് ലിമിറ്റഡി’നെതിരെയാണ് നടപടി. യുകെ ഗവൺമെൻ്റ്  ഇവർക്കെതിരെയുള്ള പരാതി സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരുന്നു. ഈ കമ്പനിയുടെ വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യാനുള്ള ലൈസൻസ് ഹോം ഓഫീസ് റദ്ദാക്കി. വീടുകളിൽ കഴിയുന്ന രോഗികളേയും  വൃദ്ധരേയും  പരിചരിക്കുന്ന കെയറർമാരെയാണ് ഹാവിക്ക് ബോർഡർ മേഖലയിലുടനീളം കമ്പനി കുടുതലും നിയോഗിച്ചിരുന്നത്. നിർദ്ദിഷ്ട വേതന നിരക്കിലും വളരെ കുറഞ്ഞ നിരക്കിൽ ശമ്പളം നൽകി എന്നതാണ് ഇവർക്കെതിരെ ഉയർന്ന പ്രധാന ആരോപണം. നിലവിലെ നിയമങ്ങൾ പ്രകാരം ആഴ്ചയിൽ 37.5 മണിക്കൂർ  ജോലിചെയ്യുന്ന ജീവനക്കാർക്ക് കുറഞ്ഞത് £20,960 അല്ലെങ്കിൽ മണിക്കൂറിന് £10.75, അതിൽ ഏതാണ് ഉയർന്നത് അത് വേതനമായി നൽകണം. നിയമവിരുദ്ധമായി പ്രവർത്തിക്കുകയും ജീവനക്കാർക്ക് കുറഞ്ഞ ശമ്പളം നൽകുകയും ചെയ്യുന്നവർക്കെതിരെ പ്രോസിക്യൂഷൻ  നടപടികളെടുക്കും. ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസവും (TBIJ) സിറ്റിസൺസ് അഡ്വൈസും നടത്തിയ അന്വേഷണത്തിൽ യുകെയിലുടനീളമുള്ള വിദേശ കെയർ വർക്കർമാരെ  ചൂഷണത്തിനും ലൈംഗിക പീഡനങ്ങൾക്കും ഇരയാക്കിയതിന്റെ 170-ലധികം പരാതികളാണ് ഉയർന്നുവന്നത്. ഏജൻസി മാനേജർ ആവർത്തിച്ച് ബലാത്സംഗം ചെയ്‌തെന്നും എന്നാൽ ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ പോലീസിൽ പരാതിപ്പെടാൻ കഴിഞ്ഞില്ലെന്നുമാണ് ഇന്ത്യയിൽ നിന്നുമെത്തിയ  ഒരു വനിതാ കെയറർ അന്വേഷകരോട് പരാതിപ്പെട്ടത്. താമസസ്ഥലം  ഒരുക്കിയതിന്റെ പേരിൽ വീട്ടുടമ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി ആഫ്രിക്കയിൽ നിന്നുമെത്തിയ മറ്റൊരു കെയററും ആരോപിക്കുന്നു. ജോലിയിൽ നിന്നും പിരിച്ചുവിടും വിസ റദ്ദാക്കും തുടങ്ങിയ ഭീഷണി മുഴക്കിയാണ് ഇവരെ പീഡനങ്ങൾക്ക് വിധേയരാക്കുന്നത്. ഈ വിധത്തിലുള്ള നിരവധി പരാതികളിൽ അന്വേഷണം നടക്കുകയാണ്. 2023-ൽ ഏകദേശം 106,000 വിസകൾ കെയർ വർക്കർമാർക്കായി അനുവദിച്ചതായി സർക്കാർ കണക്കുകൾ വെളിപ്പെടുത്തുന്നു. 2022-ൽ നൽകിയതിൻ്റെ ഇരട്ടിയാണിത്.  ഇന്ത്യ, നൈജീരിയ, സിംബാബ്‌വെ, ഘാന, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഈ ആരോഗ്യമേഖലയിൽ ബ്രെക്‌സിറ്റ് സൃഷ്ടിച്ച തൊഴിലാളി ക്ഷാമം നികത്താൻ യുകെയിലേക്ക് യാത്ര ചെയ്യുന്നവരുടെ പട്ടികയിൽ മുന്നിൽ . ഇംഗ്ലീഷ് ഭാഷാ സ്‌കോർ അടക്കം യോഗ്യതകളിൽ കുറവുവരുത്തിയതോടെ യുകെയിൽ രജിസ്റ്റേർഡ് നഴ്സുമാരാകാൻ കഴിയാതിരുന്ന മലയാളികൾ അടക്കം നൂറുകണക്കിനു കെയറർമാർ ഈ വിസ റൂട്ടിലൂടെ യുകെയിലെത്തി. ഐ.ഇഎൽടിഎസ് സ്‌കോർ 4 മതിയെന്നതാണ് കെയറർ വിസ ലഭിക്കുക കൂടുതൽ എളുപ്പമാക്കുന്നത്. വരും ദിനങ്ങളിൽ കൂടുതൽ ഏജൻസികൾക്കെതിരെ  നടപടികൾക്ക് തയ്യാറെടുക്കുകയാണ് ഹോം ഓഫീസും കെയർ ക്വാളിറ്റി കമ്മീഷനും അന്വേഷണ ഏജൻസികളും. പീഡനത്തിന് വിധേയരാകുന്നവർ പോലീസിൽ അറിയിച്ചും മറ്റും പരാതിയുമായി മുന്നോട്ടുവരണമെന്നും അന്വേഷകർ ആവശ്യപ്പെടുന്നു.

ഡിപെൻഡന്റ് വിസ നിരോധനമടക്കം പുതിയ മാറ്റങ്ങളിൽ ആശയക്കുഴപ്പവും ആശങ്കയുമായി കെയറർമാർക്കൊപ്പം പോസ്റ്റ് സ്റ്റഡി വർക്ക് വിസക്കാരും! നിയമ മാറ്റത്തിലെ ഇളവുകൾ, യോഗ്യതകൾ, പാർട്ട്ണർ വിസ, പോസ്റ്റ് സ്റ്റഡിക്കാരുടെ സാധ്യത - യാഥാർത്ഥ്യങ്ങൾ അറിയുക

യുകെയിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ്സ് അഥവാ കെയറർമാരുടെ ഡിപെൻഡന്റ് വിസ നിരോധനം മാർച്ച് 11 ന്  നിലവിൽ വന്നതോടെ, പുതിയ നിയമമാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണ് കെയറർമാർക്കൊപ്പം ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളും. സോഷ്യൽ മീഡിയകളിലും ചില ഓൺലൈൻ സൈറ്റുകളിലും ഇതുസംബന്ധിച്ച തെറ്റിദ്ധാരണ വരുത്തുന്ന വാർത്തകളും പരക്കുന്നു. മാർച്ച് 11 ലെയും  ഏപ്രിൽ മാസം നടപ്പിലാക്കുന്ന മറ്റ്  ഇമിഗ്രേഷൻ നിയമമാറ്റങ്ങളേയും കുറിച്ച് ബ്രിട്ടീഷ്‌പത്രം  മാർച്ച് പത്തിന് വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്. എങ്കിലും നിരവധിപ്പേർ സംശയങ്ങളുമായി ഇപ്പോഴും ബന്ധപ്പെടുന്നതിനെ  തുടർന്നാണ് ചിലകാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാക്കി ഇതിൽ നൽകുന്നത്. കെയറർമാരുടെ ഡിപെൻഡന്റ് വിസ നിരോധനം നാളെമുതൽ പ്രാബല്യത്തിൽ, സ്‌കിൽഡ് വിസയിലെയും പാർട്ട്ണർ വിസയിലെയും വേതന പരിധി ഉയർത്തലും ഷോർട്ടേജ് ലിസ്റ്റിലെ മാറ്റവും ഏപ്രിലിൽ നടപ്പിലാകും; ഹോം ഓഫിസ് നടപ്പിലാക്കുന്ന അഞ്ചിന നിയമമാറ്റം അറിയുക https://www.britishpathram.com/index.php?page=newsDetail&id=95603 ഹെൽത്ത് കെയർ അസിസ്റ്റന്റ്സ് അഥവാ കെയറർമാരുടെ ഡിപെൻഡന്റ് വിസ നിരോധനം 2024 മാർച്ച് 11 മുതൽ യുകെയിൽ നിലവിൽവന്നു കഴിഞ്ഞു. മാർച്ച് 11 മുമ്പ് അപേക്ഷിച്ചവർക്ക് മാത്രമാണ് യോഗ്യതയുണ്ടെങ്കിൽ ഇനി ഡിപെൻഡന്റ് വിസ ലഭിക്കുക. എന്നിരുന്നാലും  ചില പ്രത്യേക യോഗ്യതകൾ നേടിയിട്ടുള്ള കെയറർമാർക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. അപേക്ഷകർ  2024 മാർച്ച് 11-ന് മുമ്പ് യുകെയിൽ ഒരു കെയർ വർക്കർ അല്ലെങ്കിൽ സീനിയർ കെയർ വർക്കർ ആയി ജോലിചെയ്യുകയാണെങ്കിൽ,  അതിനൊപ്പം താഴെപ്പറയുന്ന യോഗ്യതകളിൽ ഏതെങ്കിലും ഒരെണ്ണം അവർക്കുണ്ടെങ്കിലും പങ്കാളിക്കും കുട്ടികൾക്കും അവരോടൊപ്പം ചേരാനോ അവരുടെ ആശ്രിതരായി യുകെയിൽ തുടരാനോ അപേക്ഷിക്കാം: 1.  2024 മാർച്ച് 11-ന് മുമ്പ് ഹെൽത്ത് ആൻ്റ് കെയർ വർക്കർ വിസയിൽ യുകെയിലെ  അംഗീകൃത സ്ഥാപനത്തിൽ  കെയർ വർക്കർ അല്ലെങ്കിൽ സീനിയർ കെയർ വർക്കർ ആയി ജോലി ചെയ്തിട്ടുള്ളവർ. 2 .  കെയർ ക്വാളിറ്റി കമ്മീഷനിൽ കെയറർമാരായി രജിസ്റ്റർ ചെയ്തിട്ടുള്ളവർ.  ഈ യോഗ്യതകൾ ഉള്ളവർക്കാണ് ഡിപെൻഡന്റ് വിസയിലെ ഇളവുകൾ ലഭിക്കുക.  അതുപോലെ കെയറർമാരുടെ ഡിപെൻഡന്റ് വിസയിൽ നിലവിൽ യുകെയിലുള്ളവരെ പുതിയ മാറ്റം ബാധിക്കില്ല. പങ്കാളികളുടെ കെയറർ വിസയുടെ കാലാവധി തീരുംവരെ അവർക്കും യുകെയിൽ തുടരാനാകും. പാർട്ട്ണർ  വിസയും ഡിപെൻഡന്റ് വിസയും രണ്ടാണോ? കെയറർമാർക്കിടയിൽ പൊതുവായി ഉയർന്നിട്ടുള്ള മറ്റൊരു സംശയമാണ് പാർട്ട്ണർ  വിസയും ഡിപെൻഡന്റ് വിസയും രണ്ടാണോയെന്ന കാര്യം. അതായത് ഡിപെന്ഡന്റ് വിസ നിരോധനം വന്നാലും പാർട്ട്ണർ  വിസയിൽ  ജീവിത പങ്കാളികൾക്ക് യുകെയിൽ എത്തുവാൻ കഴിയുമോ എന്നാണ് സംശയം. പാർട്ട്ണർ വിസയും ഡിപെൻഡന്റ് വിസയും ഒന്നുതന്നെയാണ്. ഡിപെൻഡന്റ് അഥവാ ആശ്രിത വിസയിൽ ഉൾപ്പെടുന്ന ഒരു കാറ്റഗറി മാത്രമാണ് ജീവിത പങ്കാളി.  കെയറർ വിസയിലുള്ള വ്യക്തിയുടെ ജീവിത പങ്കാളി അടക്കമുള്ള മറ്റ്  ആശ്രിതർ അതായത് കുട്ടികൾ, മാതാപിതാക്കൾ, മറ്റാരും സംരക്ഷിക്കാനില്ലാത്ത സഹോദരങ്ങൾ, സാധാരണരീതിയിലെ ഭാര്യയും ഭർത്താവുമല്ലാതെ സ്വവർഗ ബന്ധത്തിലെ പങ്കാളി എന്നിവരും വിശാലമായ അർത്ഥത്തിൽ ഡിപെൻഡന്റ് വിസ കാറ്റഗറിയിൽ ഉൾപ്പെടും. ഉയർന്നിട്ടുള്ള മറ്റൊരു സംശയമാണ് നിലവിൽ പോസ്റ്റ് സ്റ്റഡി വിസ അഥവാ (പിഎസ്‌ഡബ്ള്യു) വിസയിൽ നിന്നും കെയറർ വിസയിലേക്ക് മാറുന്നവർക്ക് ഡിപെൻഡന്റ് വിസയ്ക്കായി അപേക്ഷിക്കാൻ കഴിയുമോയെന്ന കാര്യം. കഴിയില്ല എന്നതാണ് മറുപടി. എന്നുമുതൽ  കെയറർ വിസയിലേക്ക് മാറുന്നുവോ അന്നുമുതൽ മാത്രമായിരിക്കും കെയറർ വിസയിലെ നിയമങ്ങൾ ഇവർക്കും ബാധകമാകുക.

യുകെയിൽ കഴിവുതെളിയിച്ച മലയാളി നഴ്‌സുമാർ ഒരുമിച്ചപ്പോൾ കോട്ടയം മെഡിക്കൽ കോളേജിനു ലഭിച്ചത് അപൂർവ്വ സമ്മാനം, ലോകോത്തര കാർഡിയോ തെറാസിക് നഴ്‌സിംഗ് പ്രാക്‌ടീസും നഴ്‌സിംഗ് അഡ്‌മിനിസ്‌ട്രേഷനും ഇനി കേരളത്തിലും ലഭ്യമാകും

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പലപ്പോഴായി യുകെയിലേക്ക് കുടിയേറിയവർ. നഴ്‌സിംഗ് മേഖലയിൽ വർഷങ്ങളോളം പ്രവർത്തിച്ച് പ്രാഗത്ഭ്യം തെളിയിച്ച അവർക്കൊപ്പം സഹപ്രവർത്തകയായ ഒരു വെള്ളക്കാരിയും കൂടിയപ്പോൾ, കോട്ടയം മെഡിക്കൽ കോളേജിന് ലഭിച്ചത് അപൂർവ്വ നേട്ടവും ബഹുമതിയും. കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോതൊറാസിക് നഴ്സിംഗ് പ്രാക്ടീസ് ആൻഡ് നഴ്‌സിങ് അഡ്മിനിസ്ട്രേഷൻ ട്രാൻസ്ഫോർമേഷൻ പ്രൊജക്റ്റ് പിറവിയെടുത്തതിനു  പിന്നിലെ കഥയാണിത്. യുകെയിൽ മാത്രമല്ല കേരളത്തിൽ നിന്ന് വിദേശരാജ്യത്തെ ആരോഗ്യസേവന രംഗത്ത്  എത്തുന്ന ഏതൊരു നഴ്സിന്റെയും  സ്വപ്നങ്ങളിൽ  ഒന്നാണ് അവിടെ നിന്നും  പുതിയതായി ലഭിക്കുന്ന അറിവുകളും നൂതനമായ പ്രവർത്തന രീതികളും സ്വന്തം നാടിനു കൂടി  ഉപകാരപ്പെടുത്തുന്ന തലത്തിൽ നാട്ടിലെ ആരോഗ്യമേഖലയുമായി പങ്കുവെക്കാൻ ഒരു അവസരം ലഭിക്കുക എന്നുള്ളത്. കോട്ടയം പാലാ സ്വദേശി മിനിജാ ജോസഫിനെ അറിയാത്ത യുകെ മലയാളികൾ കുറവാകും. നിരവധി തവണ യുകെയിലെ ബെസ്‌റ്റ്  നഴ്‌സസ് അവാർഡിന് അർഹയായിട്ടുണ്ട്  മിനിജ. രാജ്ഞിയുടെ വിരുന്ന് സൽക്കാരത്തിനുവരെ ക്ഷണിക്കപ്പെട്ട് ആദരവ് നേടിയിട്ടുള്ള മിനിജ,  അറിയപ്പെടുന്ന നഴ്‌സിംഗ് ഇൻസ്ട്രക്റ്റർ കൂടിയാണ്. മിനിജയുടെ  കൂടെ കോട്ടയം ഗവൺമെന്റ് നഴ്‌സിങ്  കോളേജ് പൂർവ്വ വിദ്യാർത്ഥിയും കൈരളി യുകെ ദേശീയ കമ്മറ്റി അംഗവുമായ ബിജോയുമാണ് ഈ സ്വപ്‌നം  യാഥാർഥ്യമാക്കാൻ മുന്നിട്ടിറങ്ങിയത്. അവർക്കൊപ്പം  സുഹൃത്തുക്കളും സഹപ്രവർത്തകരുമായ മേരി എബ്രഹാമും അയർലന്റുകാരി  മോന ഗഖിയൻ ഫിഷറും കൈകോർത്തു.  യുകെ മലയാളികൾക്കിടയിലെ സംഘാടന ശേഷിയുടെ കൈത്താങ്ങുമായി കൈരളി യുകെയുടെ ദേശീയ നേതൃത്വവും ഒരുമിച്ചെത്തിയപ്പോൾ  ലോകോത്തര നിലവാരത്തിലുള്ള കാർഡിയോതൊറാസിക് നഴ്സിംഗ് പ്രാക്ടീസ് ആൻഡ് നഴ്‌സിങ് അഡ്മിനിസ്ട്രേഷൻ ട്രാൻസ്ഫർമേഷനും കോട്ടയം മെഡിക്കൽ കോളേജിൽ യാഥാർത്ഥ്യമായി. ഈ ആശയം ആദ്യം കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ജയകുമാറുമായും കാർഡിയോ തൊറാസിക് ഡിപ്പാർട്ടുമെന്റ് മേധാവി ഡോക്ടർ വിനീതയുമായും പങ്കുവച്ചപ്പോൾ അവർക്കും നൂറുവട്ടം സമ്മതം.  കൈരളി ദേശീയ സെക്രട്ടറി കുര്യൻ ജേക്കബും പ്രസിഡന്റ്‌ പ്രിയാ രാജനും ഈ വിശദമായ പ്രോജക്ട് റിപ്പോർട് ആരോഗ്യ മന്ത്രി വീണ ജോർജിനുമുന്നിൽ അവതരിപ്പിച്ചു. ചർച്ചകളിൽ ഗവണ്മെന്റിനെ പ്രതിനിധീകരിച്ചു പങ്കെടുക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി എ പി മുഹമ്മദ് ഹനീഷ് ഐ എ എസിനെയാണ്  മന്ത്രി നിയോഗിച്ചത്.   യാതൊരു വിധ ഗവണ്മെന്റ് ഫണ്ടുകളോ ഔദ്യോഗിക രേഖ  കൈമാറ്റമോ പണച്ചിലവുകളോ  ഇല്ലാതെ നേരിട്ട് നഴ്സിങ് പ്രാക്ടീസ് നിരീക്ഷിച്ചും ആർജിത അറിവുകൾ പങ്കുവെച്ചും ഓൺലൈൻ ക്ലാസുകളുമെടുത്തുകൊണ്ടും കാർഡിയോ തൊറാസിക് രോഗിയുടെ യാത്രയിലെ വിവിധ ഘട്ടങ്ങളിലെ സേഫ്റ്റിയും നഴ്സിങ് കെയറിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നത് വഴി മികച്ച റിസൾട്ട് ഉണ്ടാക്കാനുള്ള ഈ പദ്ധതി വളരെ വേഗംതന്നെ ഗവണ്മെന്റ് തലത്തിലെ  അനുമതികളും  നേടി. ഡോക്ടർ ജയകുമാറിന്റെയും ഡോക്ടർ വിനീതയുടെയും നേത്രൃത്വത്തിൽ പരിപൂർണ്ണമായ പിന്തുണയോടുകൂടെ ഐസിയുവിലും   തിയേറ്ററുകളിലും  വാർഡുകളിലും  ഉൾപ്പടെയുള്ള  വിവിധ ക്ലിനിക്കൽ ഏരിയയിലെ നഴ്‌സുമാരും  ഇറങ്ങി തിരിച്ചപ്പോൾ ഈ പദ്ധതി നടത്തിപ്പ് അതിവേഗം കുതിച്ചു. കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോ തൊറാസിക് ഡിപ്പാർട്ടുമെന്റിന്റെ പശ്ചാത്തലവും നിലവിലുള്ള  പ്രവർത്തന രീതികളും അത്യാവശ്യമായി വരുത്തേണ്ട മാറ്റങ്ങളെയുമൊക്കെ കുറിച്ച് മനസിലാക്കാൻ അതിനു ശേഷം നടന്ന നിരന്തരമായ ഓൺലൈൻ സ്റ്റഡി സെഷനുകളും ആശയ വിനിമയങ്ങളും സഹായകമായി.   ഡോ. തോമസ്‌ ഐസക്കിന്റെ നേതൃത്വത്തിൽ ജനുവരിയിൽ തിരുവല്ലയിൽ നടത്തിയ മൈഗ്രേഷൻ കോൺക്ലേവിലെ ആശയങ്ങൾ ഉൾക്കൊണ്ടു നടത്തുന്ന ഇത്തരം പദ്ധതികളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കേരളത്തിലെ ആരോഗ്യമേഖലയിലുൾപ്പെടെയുള്ള പ്രവർത്തന രീതികളെ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്.  ഈ പ്രോജക്ടിന്റെ പ്രവർത്തനങ്ങൾക്കായി യുകെയിൽ നിന്ന് ഇതിനു നേത്രൃത്വം നൽകുന്ന മിനിജയും മോണയും ബിജോയിയും മേരിയുമടങ്ങുന്ന നാൽവർ സംഘം കഴിഞ്ഞ ദിവസം നാട്ടിലെത്തി. ഒരാഴ്ചയോളം കോട്ടയം മെഡിക്കൽ കോളേജിൽ ചിലവഴിച്ചു  അവിടെയുള്ള വിവിധ  വകുപ്പുകളിൽ സേവനം അനുഷ്ഠിക്കുന്നവരുമായി ചർച്ചകൾ നടത്തി. പ്രൊജക്ടിൽ പ്രായോഗികമായ മാറ്റങ്ങൾ നടപ്പിൽ വരുത്തുന്നതോടൊപ്പം തന്നെ യുകെയിലെയും മറ്റു വിദേശ രാജ്യങ്ങളിലും നിലവിലുള്ള നൂതന സംവിധാനങ്ങളും തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പ്രോട്ടോകോളുകളും ക്ലിനിക്കൽ ഗൈഡ് ലൈനുകളും വികസിപ്പിക്കുന്ന  അറിവുകൾ പങ്കുവക്കുകയും  കൂടാതെ  നഴ്‌സുമാരുടെ നേതൃത്വപാടവവും  ടീം വർക്കും മെച്ചപ്പെടുത്താനുള്ള മാർഗനിർദ്ദേശങ്ങൾ  സമർപ്പിക്കുകയൂം ചെയ്യുക എന്നതാണ് അടുത്ത ഘട്ടം. നഴ്‌സിംഗ് മേഖലയിൽ നിരവധി വർഷത്തെ പ്രവർത്തന പരിചയവും യുകെയിലെ പ്രവർത്തനങ്ങൾക്കു ആദരവും അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ളതുമായ മിനിജ ജോസഫ്, നിലവിൽ  കിങ്‌സ് കോളേജ് എൻ എച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ തീയേറ്റർ ലീഡ് നഴ്‌സ് ആണ്.  ബിജോയ് സെബാസ്റ്റ്യൻ  യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലെ ക്രിട്ടിക്കൽ കെയർ എലെക്റ്റിവ് സർജിക്കൽ പാത്ത് വെയ്‌സ് സീനിയർ നഴ്‌സ് ആയും, മേരി കിങ്‌സ് കോളേജ് എൻഎച്ച്എസ് ഐസിയു, എച്ച്‌.ഡി.യു വാർഡ് മാനേജറായും സേവനം അനുഷ്ഠിക്കുന്നു.  യുകെയിലെയും  അയർലാൻഡിലെയും ആശുപത്രികളിലെ വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മിനിജയുടെ ദീർഘകാല സഹപ്രവർത്തകയുമായ മോന ഗെക്കിയൻ ഫിഷർ 2018 -2021 കാലഘട്ടത്തിൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് പേരി ഓപ്പെറേറ്റിവ് പ്രാക്ടീസിന്റെ പ്രസിഡന്റ്‌ സ്ഥാനം അലങ്കരിച്ച വ്യക്തി കൂടിയാണ്. അറിവും പരിചയസമ്പത്തും പരസ്പരം പങ്കുവെയ്ക്കാനും, അതിലൂടെ നമ്മുടെ നാട്ടിലെ സാധാരണക്കാരായ ജനങ്ങൾ ഏറ്റവും അധികം ആശ്രയിക്കുന്ന മെഡിക്കൽ കോളേജ്‌ പോലെയുള്ള സംവിധാനങ്ങളിൽ ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ഒരു ഘടകമായതിൽ കൈരളി യുകെ അഭിമാനിക്കുന്നു.  സാധാരണക്കാർ ആശ്രയിക്കുന്ന മെഡിക്കൽ കോളേജിൽ, സേവന തൽപ്പരതയോടെ ഈവിധത്തിൽ  ഒരു പോജക്‌ട്  കൊണ്ടുവരാൻ കഴിഞ്ഞതിന്റെ സാഫല്യത്തിലും സന്തോഷത്തിലുമാണ് ഈ പ്രവാസി മലയാളികളിപ്പോൾ.  

യുകെ സ്വപ്‌നങ്ങൾ ബാക്കിയാക്കി നഴ്‌സ് ടീന സൂസനും മടങ്ങി, മുപ്പത്തിയേഴാം വയസ്സിൽ ജീവൻ കവർന്നത് അപ്രതീക്ഷിതമായി തിരിച്ചറിഞ്ഞ അർബുദം! ഹൃദയം തകർന്ന് ഭർത്താവ് അനീഷും മക്കളും, വിശ്വസിക്കാനാകാതെ സഹപ്രവർത്തകരും സുഹൃത്തുക്കളും

കേംബ്രിജിലെ ആഡംബ്രൂക്ക് എൻഎച്ച്എസ് ഹോസ്പിറ്റലിൽ ജോലിനേടുക എന്നത് യുകെയിലെ തന്നെ നഴ്‌സുമാരുടെ വലിയ സ്വപ്‌നമാണ്. ആ സ്വപ്‌നം നേടി യുകെയിലെത്താൻ കഴിഞ്ഞ മലയാളി നഴ്‌സ് ടീന  സൂസൻ,  ഭാവികാല ജീവിതത്തെക്കുറിച്ച് ഏറെ പ്ലാൻ ചെയ്തിരിക്കണം. എന്നാൽ വിധിയുടെ ക്രൂരത എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായി. നാലുവർഷങ്ങൾക്കിപ്പുറം സ്വപ്നങ്ങൾ ബാക്കിയാക്കി  ഈ ലോകത്തുനിന്നുതന്നെ സൂസൻ മടങ്ങുമ്പോൾ, നെഞ്ചുപൊട്ടി വിതുമ്പുകയാണ് ഭർത്താവ് അനീഷ് മാണിയും പറക്കമുറ്റാത്ത രണ്ട്  മക്കളും. കുറഞ്ഞ നാളുകൾകൊണ്ടുതന്നെ എല്ലാവരുടേയും  സൗഹൃദം നേടിയ ടീനയുടെ മടക്കം ആഡംബ്രൂക്ക് ഹോസ്പിറ്റലിലെ സഹപ്രവർത്തകർക്കും നൊമ്പരപ്പെടുത്തുന്ന ഓർമ്മകളുടേതായി. കേംബ്രിഡ്‌ജ്  മലയാളികൾക്കിടയിലും ഓർമ്മപ്പെടുത്തുന്ന സാന്നിധ്യമാകാൻ സൂസനും ഭർത്താവ് അനീഷിനും കഴിഞ്ഞിരുന്നു. 2020 ലാണ് കോട്ടയം പാമ്പാടി തേരകത്ത് ഹൗസിൽ അനീഷ്‌ മാണിയുടെ ഭാര്യ ടീന സൂസൻ തോമസ്, 37, യുകെയിൽ എത്തുന്നത്.  കേംബ്രിജ് ആഡംബ്രൂക്ക് എൻഎച്ച്എസ് ഹോസ്പിറ്റലിൽ നഴ്സായി ജോലി കിട്ടിയതിനെ തുടർന്ന് ഭർത്താവും കുട്ടികളുമായി കേംബ്രിഡ്‌ജിൽ  താമസവുമാക്കി.എന്നാൽ ജീവിത സ്വപ്നങ്ങളെല്ലാം തകർത്തെറിഞ്ഞ് തികച്ചും അപ്രതീക്ഷിതമായാണ് ഒരുവർഷം മുമ്പ് അർബുദബാധ തിരിച്ചറിഞ്ഞത്. തിരിച്ചറിയാൻ വൈകിയെങ്കിലും പ്രതീക്ഷ കൈവിടാതെ ചികിത്സ തുടർന്നു. ഏറ്റവുമധികം യുകെ മലയാളികളുടെ ജീവൻ അപഹരിച്ച  മാരക രോഗത്തോടുള്ള പോരാട്ടത്തിനൊടുവിൽ,  വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ടീന സൂസൻ വിടപറഞ്ഞു. മകളുടെ അപ്രതീക്ഷിത രോഗാവസ്ഥയറിഞ്ഞ്, ചികിത്സയിൽ സഹായിക്കാൻ ടീനയുടെ മാതാപിതാക്കൾ യുകെയിൽ എത്തിയിരുന്നു.  ഹൃദയം തകർന്ന അവസ്ഥയിലാണ് അവരുമിപ്പോൾ. കേംബ്രിജിൽ സെന്റ് ഇഗ്‌നാഷിയസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ ഇടവകാംഗങ്ങൾ ആണ് ടീനയും കുടുംബവും. ടീന - അനീഷ് ദമ്പതികൾക്ക് രണ്ടുമക്കളാണുള്ളത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടത്താനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്. യുകെയിലെ തുടർ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചാൽ ഉടൻ തന്നെ മൃതദേഹം നാട്ടിലേക്ക് അയക്കും. യുകെയിലെ പൊതുദർശനവും നാട്ടിൽ മണർകാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രലിൽ നടത്തുന്ന സംസ്‌കാര ചടങ്ങുകളുടെ സമയവും പിന്നീട് തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കെയറർമാരുടെ ഡിപെൻഡന്റ് വിസ നിരോധനം നാളെമുതൽ പ്രാബല്യത്തിൽ, സ്‌കിൽഡ് വിസയിലെയും പാർട്ട്ണർ വിസയിലെയും വേതന പരിധി ഉയർത്തലും ഷോർട്ടേജ് ലിസ്റ്റിലെ മാറ്റവും ഏപ്രിലിൽ നടപ്പിലാകും; ഹോം ഓഫിസ് നടപ്പിലാക്കുന്ന അഞ്ചിന നിയമമാറ്റം അറിയുക

സമീപകാലത്ത് യുകെയിലേക്ക് കുടിയേറിയ മലയാളി കെയറർമാരേയും നഴ്‌സുമാരേയും ഏറ്റവുമധികം ആശങ്കപ്പെടുത്തിയ നിയമമാറ്റ പ്രഖ്യാപനമാണ് കെയറർമാരുടെ ഡിപെൻഡന്റ് അഥവാ ആശ്രിത വിസ നിരോധനം.    മാർച്ച് 11 മുതൽ കെയറർമാരുടെ ഡിപെൻഡന്റ് വിസ നിരോധനം യുകെയിൽ പ്രാബല്യത്തിൽ വരും. ഏതാനും മണിക്കൂറുകൾ കൂടി കഴിഞ്ഞാൽ ഭർത്താവിനെയോ ഭാര്യയെയോ മറ്റേതെങ്കിലും വിധത്തിലുള്ള ജീവിതപങ്കാളിയെയോ കുട്ടികളെയോ മറ്റുവിധത്തിലുള്ള ആശ്രിതരേയോ യുകെയിലേക്ക് കൊണ്ടുവരാനും കൂടെ താമസിപ്പിക്കാനുമുള്ള ഹെൽത്ത് കെയർ അസിസ്റ്റന്റ്സ് അഥവാ കെയറർമാരുടെ അനുമതി ഇല്ലാതാകും. മാർച്ച് 11 നുമുമ്പ് അപേക്ഷിച്ചിട്ടുള്ളവരിൽ ഹോം ഓഫീസ് അംഗീകരിച്ചവർക്ക് തുടർന്നും ആശ്രിതരെ കൊണ്ടുവരാനുള്ള അനുമതി ലഭിക്കും. എന്നാൽ അതിനുശേഷമുള്ള അപേക്ഷകളൊന്നും തന്നെ ഡിപെൻഡന്റ് വിസയ്ക്കായി പരിഗണിക്കില്ല. കഴിഞ്ഞ ഒന്നുരണ്ട് വർഷങ്ങളായി യുകെയിലേക്ക് മലയാളി കെയറർമാരുടെ കുത്തൊഴുക്ക് നടന്നിരുന്നു. വൻതുക ഏജന്റുമാർക്ക് നൽകി എത്തിയവരും ഇതിൽ ഉൾപ്പെടുന്നു. നഴ്‌സുമാരാണ് കുടുതലും ഈ കാറ്റഗറിയിൽ  എത്തിയത്. മറ്റുസ്ഥലങ്ങളിലെ ജോലികൾവരെ ഉപേക്ഷിച്ച് അവരിൽപ്പലരും യുകെയിലേക്ക് വരാനുള്ള പ്രധാനകാരണം ഡിപെൻഡന്റ് വിസയായിരുന്നു. ഡിപെൻഡന്റ് വിസയിൽ എത്തുന്നവർക്ക് ജോലി ചെയ്യാമെന്നതും വരുമാന സാധ്യതയും  കൂട്ടി. അതിനുള്ള അവസരമാണ് ഇപ്പോൾ നഷ്ടമാകുന്നത്. ഇതുമൂലം ഏജന്റുമാർക്ക് കൊടുത്ത ലക്ഷങ്ങൾ തിരികെ സമ്പാദിക്കുക നിലവിൽ കെയറർ ജോലിചെയ്യുന്നവർക്ക് കൂടുതൽ പ്രയാസകരമാകും. ഈ നിയമത്തിൽ ഇളവുകൾ അനുവദിച്ചേക്കും എന്ന പ്രതീക്ഷയും ഇപ്പോൾ അസ്ഥാനത്തായി. കുടിയേറ്റം കുറയ്ക്കൽ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നിയമത്തെ പാർലമെന്റിൽ, തിരഞ്ഞെടുപ്പ് വർഷത്തിൽ ലേബറുകൾ അടക്കമുള്ള പ്രതിപക്ഷം എതിർക്കുവാനും സാധ്യത കുറവാണ്. അതുപോലെ ഇതിനൊപ്പം കുടിയേറ്റ നിയന്ത്രണം ലക്ഷ്യമിട്ട് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി 2023 ഡിസംബർ 4-ന് പ്രഖ്യാപിച്ച നിയമമാറ്റങ്ങളുടെ അഞ്ചിന പദ്ധതിയും ഏപ്രിൽ മാസം വിവിധ തീയതികളിലായി പ്രാബല്യത്തിൽ വരും. സ്‌കിൽഡ് വർക്കർ വിസയ്ക്കുള്ള ഏറ്റവും കുറഞ്ഞ ശമ്പളം മിനിമം £26,200 ൽ നിന്ന് £38,700 ആയി ഉയർത്തുന്നത് 2024 ഏപ്രിൽ 4-ന് നടപ്പിലാക്കും. എന്നാൽ  നഴ്സിംഗും സോഷ്യൽ കെയറും ഉൾപ്പെടുന്ന  ഹെൽത്ത് ആൻ്റ് കെയർ വർക്കർ വിസയ്ക്കോ ദേശീയ ശമ്പള സ്കെയിലുകളിലുള്ള വിദ്യാഭ്യാസ മേഖലാ ജീവനക്കാർക്കോ ഈ മാറ്റം ബാധകമാകില്ല. അതുപോലെ പാർട്ട്ണർ അഥവാ ജീവിത പങ്കാളി  വിസയ്‌ക്കായി ആരെയെങ്കിലും സ്പോൺസർ ചെയ്യുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ വരുമാനം   പ്രതിവർഷം £18,600 ൽ നിന്ന് ആദ്യം £29,000 ആയും ഒടുവിൽ ഏകദേശം £38,700 ആയും ഉയരും. ഇത് നടപ്പിലാക്കുന്നതിന് പാർട്ട്ണർ അല്ലെങ്കിൽ പങ്കാളി വിസയുടെ കുറഞ്ഞ വരുമാനം ആദ്യം 2024 ഏപ്രിൽ 11-ന് £29,000 ആയി വർദ്ധിപ്പിക്കും. പിന്നീട് 2024-ൽ ഒരു നിശ്ചിത സമയത്ത് ഏകദേശം £34,500 ആയുയർത്തും.  ഒടുവിൽ  2025-ൻ്റെ തുടക്കത്തോടെ £38,700 ആയും ഉയർത്തും. 2024 ഏപ്രിലിൽ (ഏപ്രിൽ 4 ന് മിക്കവാറും) ഷോർട്ടേജ് ഒക്കപ്പേഷൻ  ലിസ്റ്റിലെ പ്രാരംഭ മാറ്റങ്ങൾ സംഭവിക്കും. ഇതിനായി  മൈഗ്രേഷൻ അഡൈ്വസറി കമ്മിറ്റി തൊഴിൽ തസ്‌തികകൾ  ഉൾപ്പെടുത്തിയുള്ള പുതിയ ലിസ്‌റ്റ്  ഉടൻ സർക്കാരിന് സമർപ്പിക്കുമെന്നറിയുന്നു. ബ്രിട്ടീഷ് സർവ്വകലാശാലകളിലെ വിദേശ ബിരുദധാരികൾക്കുള്ള രണ്ട് വർഷത്തെ സ്പോൺസർ ചെയ്യാത്ത വർക്ക് പെർമിറ്റായ ഗ്രാജുവേറ്റ് വിസയുടെ പുനരവലോകനവും  ഈവർഷം നടക്കും. വർക്ക് പെർമിറ്റുകൾ എടുത്തുകളയണോ  എന്നകാര്യത്തിൽ ചർച്ചകൾ നടക്കുന്നു. 2024 അവസാനത്തോടെ സമിതി റിപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർലമെന്റിൽ ഈ മാറ്റങ്ങൾ അംഗീകരിക്കാനോ നിരസിക്കാനോ ഭേദഗതി ചെയ്യാനോ എംപിമാർ വോട്ട് ചെയ്യാനുള്ള സാധ്യതയും തീരെ കുറവാണ്. തിരഞ്ഞെടുപ്പ് വർഷമായതിനാൽ  കുടിയേറ്റം നിയന്ത്രിക്കുന്നതിനെ  എതിർക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പ്രധാന പ്രതിപക്ഷ കക്ഷികളായ ലേബറുകളും കരുതുന്നു.

ഇസ്രയേലിൽ കൊല്ലപ്പെട്ട മലയാളി യുവാവ് നിബിന്റെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്‌കാരം ഇന്നുവൈകിട്ട് നാലുമണിക്ക് കൊല്ലത്ത് നടത്തും, ഏറ്റുവാങ്ങാൻ കേന്ദ്രമന്ത്രിയും ഇസ്രയേൽ കോൺസലുമെത്തി; കേരള സർക്കാർ പ്രതിനിധികൾ ആരുമെത്തിയില്ല, പ്രതിഷേധവുമായി പ്രവാസികൾ

ഇസ്രയേലിൽ ഹമാസിനെ പിന്തുണയ്ക്കുന്ന ഹിസ്‌ബൊള്ളാ ഭീകരരുടെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവ് നിബിന്‍ മാക്സ്​വെല്ലിന്റെ  മൃതദേഹം കേരളത്തിലെത്തിച്ചു.  വെള്ളിയാഴ്ച വൈകിട്ട് ഡൽഹിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. ബന്ധുക്കൾക്കൊപ്പം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, ഇന്ത്യയിലെ ഇസ്രായേൽ കോൺസൽ ജനറൽ ടാമി ബെൻ-ഹൈം എന്നിവർ തിരുവനന്തപുരം വിമാനത്താവളത്തിൽ മാക്‌സ്‌വെല്ലിൻ്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയിരുന്നു. അതേസമയം കേരള സർക്കാരിന്റെ പ്രതിനിധികളോ മന്ത്രിമാരോ ഉന്നത നേതാക്കളോ എത്താതിരുന്നത് പ്രവാസികൾക്കിടയിൽ കടുത്ത പ്രതിഷേധം ഉളവാക്കിയിട്ടുണ്ട്. 2021 ൽ ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹത്തോട് കാണിച്ച അതേ അവഗണനയാണ് കേരള സർക്കാർ ഇപ്പോൾ നിബിനോടും പ്രകടമാക്കിയത്. നിബിൻ മാക്‌സ്‌വെല്ലിൻ്റെ സഹോദരങ്ങളും ബന്ധുക്കളും ഏറ്റുവാങ്ങിയ ഭൗതികദേഹം തിരുവനന്തപുരത്തു നിന്ന്  റോഡുമാർഗം കൊല്ലത്തെ ജന്മനാട്ടിലേക്ക് കൊണ്ടുപോയി.  സംസ്‌കാരവും അന്തിമ ശുശ്രൂഷകളും ശനിയാഴ്ച വൈകീട്ട് നാലിന് കൊല്ലത്ത് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു നിബിന്റെ ബന്ധുക്കളെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, പ്രത്യേകം ആശ്വസിപ്പിച്ചു. മരണവുമായി ബന്ധപ്പെട്ട നിയമനടപടികൾ പെട്ടെന്ന് പൂർത്തീകരിക്കുമെന്നും കേന്ദ്രസർക്കാരിന്റെ നഷ്ടപരിഹാര സഹായം ബന്ധുക്കൾക്ക് ലഭ്യമാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.  “ഇന്ത്യൻ സർക്കാരുമായി നന്നായി സഹകരിച്ചതിനും മാക്‌സ്‌വെല്ലിൻ്റെ ഭൗതിക ശരീരം കാലതാമസം കൂടാതെ ഇന്ത്യയിലെത്തിക്കാൻ മുൻകൈയെടുത്തതിനും ഇസ്രായേൽ സർക്കാരിന് ഞങ്ങൾ നന്ദി പറയുന്നു,” മുരളീധരൻ പറഞ്ഞു. ഇസ്രായേൽ സർക്കാരിനെ പ്രതിനിധീകരിച്ച് എത്തിയ ഇന്ത്യയിലെ ഇസ്രായേൽ കോൺസൽ ജനറൽ ടാമി ബെൻ-ഹൈമും  സഹോദരങ്ങളേയും മറ്റ്  കുടുംബാംഗങ്ങളേയും സമാശ്വസിപ്പിച്ചു. അത്യന്തം ദൗർഭാഗ്യകരമായ  സംഭവമാണ് നടന്നതെന്ന് കോൺസൽ ജനറൽ പറഞ്ഞു. മൃതദേഹം ഏറ്റുവാങ്ങാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ  മിസ് ബെൻ-ഹെയിം, ഇസ്രായേൽ സർക്കാർ ഭീകരതയ്‌ക്കെതിരെ യുദ്ധം ചെയ്യുകയാണെന്നും രാജ്യത്തെ സ്വദേശികളെയും വിദേശികളെയും ഭീകരതയിൽ നിന്ന് സംരക്ഷിക്കാൻ എല്ലാം ചെയ്യുന്നുണ്ടെന്നും പറഞ്ഞു.  മാക്‌സ്‌വെല്ലിൻ്റെ കുടുംബത്തെ സഹായിക്കുമെന്നും  അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മിസ് ബെൻ-ഹൈം പറഞ്ഞു. കൊല്ലം വാടി സ്വദേശി നിബിന്‍ മാക്സ്​വെൽ, 31,  ജനുവരിയിലാണ് ജോലിതേടി ഇസ്രയേലിലെത്തിയത്. ഇസ്രയേലിലുള്ള ജ്യേഷ്‌ഠ സഹോദരനടുത്തേക്കാണ് നിബിൻ പോയത്. കുടുംബത്തിന്റെ ആകെ ആശ്രയമായിരുന്നു ഇരുയുവാക്കളും. മാർച്ച് 4 തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഇസ്രായേൽ - ഹമാസ് യുദ്ധം നടക്കുന്ന സ്ഥലങ്ങളിൽ നിന്നും ഏറെദൂരെയായി ഗലീലിയിലെ ഫിംഗറില്‍ മൊഷാവെന്ന സ്ഥലത്തായിരുന്നു റോക്കറ്റ് ആക്രമണം നടന്നത്. യുദ്ധത്തിൽ  ഹമാസിനെ പിന്തുണയ്ക്കുന്ന ലെബനിലെ ഹിസ്‌ബൊള്ളാ ഭീകരരാണ് ആക്രമണം നടത്തിയത്. ഇസ്രായേൽ ടാങ്കിനുനേരെ അയച്ച മിസൈലാണ് ലക്ഷ്യംതെറ്റി തോട്ടത്തിൽ പതിച്ചതെന്ന് ഹിസ്‌ബൊള്ള പറയുന്നു. എന്നാൽ ഭീകരർ മനഃപൂർവ്വം തൊഴിലാളികൾക്കു  നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നും മിസൈൽ വിട്ട ലെബനിലെ ഹിസ്‌ബൊള്ളാ കേന്ദ്രങ്ങൾക്കുനേരെ തിരിച്ചടിച്ചതായും ഇസ്രായേൽ സൈന്യം അറിയിച്ചു. നിബിന്റെ കൂടെ ജോലിചെയ്‌തിരുന്ന ബുഷ് ജോസഫ് ജോർജ്ജ്, പോൾ മെൽവിൻ എന്നിവർക്കും പരുക്കേറ്റു. ഇരുവരും ഇടുക്കി ജില്ലയിൽ നിന്നുള്ളവരാണ്. ഇവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. അതേസമയം ഇസ്രായേലിൽ ജോലിതേടി പോകുന്ന നഴ്‌സുമാരും കെയറർമാരും അടക്കമുള്ള മലയാളികളോട് കേരള സർക്കാർ കാണിക്കുന്ന അവഗണനയിൽ ലോകവ്യാപകമായി പ്രവാസികൾക്കിടയിൽ കടുത്ത അമർഷവും പ്രതിഷേധവും ഉയർന്നിട്ടുണ്ട്.  2021ൽ ഇസ്രായേലിൽ ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ്  സൗമ്യ സന്തോഷിൻറെ മൃതദേഹത്തോടും കുടുംബത്തോടും കാണിച്ച അവഗണനയുടെ തനിയാവർത്തനം തന്നെയാണ് ഇപ്പോഴും നടത്തുന്നത്. അന്ന്  സൗമ്യയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനും കുടുംബാംഗങ്ങളെ സന്ദർശിക്കുവാനും കേരളസർക്കാരിന്റെ പ്രതിനിധികളോ പ്രമുഖ നേതാക്കളോ ആരും എത്തിയിരുന്നില്ല. നാട്ടിലെ തൊഴിലില്ലായ്‌മയും  യോഗ്യതയുള്ളവരെ തഴഞ്ഞ് രാഷ്ട്രീയക്കാർ നടത്തുന്ന അനർഹരുടെ പിൻവാതിൽ - ബന്ധുനിയമനങ്ങളുമാണ്, വീട്ടിലെയും നാട്ടിലെയും പട്ടിണി മാറ്റുവാനായി മലയാളി യുവാക്കളെ വിദേശരാജ്യങ്ങളിലേക്ക് ജോലിതേടിപ്പോകാൻ നിർബന്ധിതരാക്കുന്നത്. എന്നാൽ അവരുടേതല്ലാത്ത കുറ്റത്തിൽ, കൊല്ലപ്പെട്ടാൽ പോലും കേരള  സർക്കാർ അവഗണന കാണിക്കുന്നതാണ് കടുത്ത പ്രതിഷേധത്തിന് വഴിവച്ചിട്ടുള്ളത്. ഒരു പ്രത്യേക ന്യൂനപക്ഷ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് കേരളസർക്കാരും ഇടതുമുന്നണിയും ഇസ്രായേലിൽ ജോലിചെയ്യുന്ന പ്രവാസികളോട് അവഗണന കാണിക്കുന്നതെന്ന വിമർശനവും ശക്തമാണ്. അതേസമയം സർക്കാരിന്റെ ഇത്തരം പ്രവർത്തികൾ, പ്രവാസികൾക്കു  പുറമേ  കേരളത്തിലെ സംസ്‌കാര  സമ്പന്നരായ ജനങ്ങളെ ഒന്നാകെ  ഇടതുമുന്നണിയിൽ  നിന്നും അകറ്റുകയാണെന്ന യാഥാർത്ഥ്യം മറക്കരുതെന്നും വിവിധ പ്രവാസി സംഘടനകൾ ഓർമപ്പെടുത്തുന്നു.

More Articles

വാടക കുതിച്ചുയരുന്നു… വീടുകിട്ടാതെ വലഞ്ഞ് മലയാളി വിദ്യാർഥികൾ അടക്കം കുടിയേറ്റക്കാർ, പ്രമുഖ സിറ്റികളേക്കാൾ വാടക ചെറുനഗരങ്ങളിൽ! വാടകകൂടിയ സ്ഥലങ്ങളും വാടക ലിസ്റ്റിൽ എങ്ങനെ മുൻനിരയിൽ എത്താമെന്നും അറിയുക
തെരഞ്ഞെടുപ്പ് സ്റ്റണ്ടുമായി ഹണ്ടിന്റെ ബഡ്‌ജറ്റ്‌! നാഷണൽ ഇൻഷുറൻസ്‌ കട്ടിൽ 2 പെൻസ് ഇളവ്, പെട്രോൾ, മദ്യ വിലകളും സ്ഥലനികുതിയും ഒരു വർഷത്തേക്ക് കൂടില്ല, വിമാന യാത്രാ നിരക്കുയരും, പുകവലിക്കാരും പാടുപെടും; ബഡ്‌ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ
ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക സ്‌കോളർഷിപ്പുമായി യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ, നഴ്‌സിംഗ്, സയൻസ്, ആർട്സ്, എന്നിവയിലെ അണ്ടർ ഗ്രാഡ്വേറ്റ്, പിജി പഠനങ്ങൾക്ക് സ്‌കോളർഷിപ്പുകൾ ലഭിക്കും, മികച്ച പഠന റിസൾട്ടുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം
ഇസ്രയേലില്‍ ഹിസ്‌ബൊള്ള ഭീകരരുടെ മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു! രണ്ട് മലയാളികൾ അടക്കം 7 പേർക്ക് പരുക്കേറ്റു! രണ്ടുപേരുടെ നില ഗുരുതരം; ഇസ്രായേലിലെ മലയാളികൾ ആശങ്കയിൽ! കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രവാസികൾ
അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ചിട്ടും നോർത്താംപ്ടൺ മലയാളിയുടെ ബിഎംഡബ്ല്യു കാർ മോഷ്ടിക്കപ്പെട്ടു! പക്ഷേ, കാറിലെ ആപ്പിൾ സാങ്കേതിക വിദ്യ മോഷ്ടാക്കളെ കുടുക്കി, സുഭാഷിനെ അഭിനന്ദിച്ച് ബ്രിട്ടീഷ് പോലീസും, യുകെ മലയാളികൾ അറിഞ്ഞിരിക്കേണ്ട കാർ സുരക്ഷ
കേരളത്തിൽ നിന്ന് 900 നഴ്‌സുമാരെ സ്വാൻസിയ ഹെൽത്ത് ബോർഡ് റിക്രൂട്ടുചെയ്യും, നോർക്കയുടെ 250 നഴ്‌സുമാർ തീരെ കുറവെന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിംഗ്! വെയിൽസിൽ മാത്രം നിലവിലുള്ളത് മൂവായിരത്തിലേറെ നഴ്‌സുമാരുടെ ഒഴിവുകൾ! വീണ്ടും മലയാളി നഴ്‌സുമാരുടെ സുവർണ്ണകാലം!
വിസ്‌റ്റൺ എൻഎച്ച്എസ് ഹോസ്പിറ്റലിൽ വനിതാരോഗിയെ ബലാത്സംഗംചെയ്‌ത മലയാളിയായ ഹെൽത്ത് കെയററുടെ വിചാരണ തുടങ്ങി; കുറ്റം നിഷേധിച്ച് നായർ; ആശുപത്രികളിലെ ലൈംഗിക കെണി പുതിയതായി യുകെയിലെത്തിയ മലയാളി നഴ്‌സുമാരും കെയറർമാരും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം!
ട്രെയിൻ സമരങ്ങളുടെ മാർച്ചിന് ഇന്നുമുതൽ തുടക്കം, അർദ്ധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്ക്, മാർച്ചുമാസം അവസാനം വരെ സമരങ്ങളുടെ പരമ്പര അരങ്ങേറും! ടിക്കറ്റ് ചാർജ്ജുകൾ തിരികെ ലഭിക്കും, യാത്ര പുറപ്പെടും മുമ്പ് ട്രെയിൻ സമയം പരിശോധിക്കണം

Most Read

British Pathram Recommends