ട്രൂപ്പിംഗ് ദി കളര്‍, ഡി-ഡേ അനുസ്മരണങ്ങള്‍, സമ്മര്‍ ഗാര്‍ഡന്‍ പാര്‍ട്ടികള്‍, റോയല്‍ അസ്‌കോട്ട്, ശരത്കാല വിദേശ യാത്രകള്‍ എന്നിങ്ങനെ അടുത്ത് വരുന്ന ചില വലിയ ഇവന്റുകളില്‍ ചാള്‍സ് രാജാവ് പങ്കെടുക്കുമോ എന്ന കാര്യം അനിശ്ചിതത്വത്തില്‍. കാന്‍സര്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഇക്കാര്യത്തില്‍ വൈദ്യോപദേശം അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുമെന്നാണ് കൊട്ടാരം പറയുന്നത്. എന്നാല്‍ ഇത് ഒരു 'പൂര്‍ണ്ണ വേനല്‍ക്കാല പരിപാടി' ആയിരിക്കില്ലെന്നും കൊട്ടാരം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരിയില്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തെ തുര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായതും തുടര്‍ന്ന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചതിനും പിന്നാലെ രാജാവ് പതിവ് പൊതു പരിപാടികള്‍ ഭാഗികമായി നിര്‍ത്തി വച്ചിരുന്നു.
കാമില രാജ്ഞിയുമായി അദ്ദേഹം അടുത്ത ആഴ്ച ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം സന്ദര്‍ശിക്കുകയും രോഗികളെയും ജീവനക്കാരെയും കാണുകയും കാന്‍സര്‍ ഗവേഷണത്തിനുള്ള തന്റെ പിന്തുണ അറിയിക്കുകയും ചെയ്യും.
പ്രധാനമന്ത്രിയുമായുള്ള പതിവ് കൂടിക്കാഴ്ചകള്‍ ഉള്‍പ്പെടെ, രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ അദ്ദേഹം തന്റെ സ്വകാര്യ ജോലികള്‍ ചെയ്യുന്നുണ്ടെങ്കിലും, ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗിക പൊതു ഇടപഴകലായിരിക്കും ഈ സന്ദര്‍ശനം.
വിന്‍ഡ്സറിലെ ഒരു ഈസ്റ്റര്‍ സണ്‍ഡേ ചര്‍ച്ചില്‍, അഭ്യുദയകാംക്ഷികളെ അഭിവാദ്യം ചെയ്തും ആളുകളുടെ കൈ കുലുക്കിയും അദ്ദേഹം ജനക്കൂട്ടത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ജൂണ്‍ അവസാനത്തോടെ, രാജാവ് രാഷ്ട്രത്തലവന്റെ റോളില്‍ ജപ്പാനിലെ ചക്രവര്‍ത്തിയെ സ്വീകരിക്കും. 1998 ന് ശേഷം ജപ്പാന്റെ ആദ്യത്തെ ഔദ്യോഗിക ബ്രിട്ടീഷ് സന്ദര്‍ശനമായിരിക്കും ഇത്.
അത്തരം സന്ദര്‍ശനങ്ങളില്‍ സാധാരണയായി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ഒരു വിരുന്നും ഒരു വാഹന പരേഡും ഉണ്ടാകും. എന്നാല്‍ രാജാവിന്റെ അപ്പോളത്തെ ആരോഗ്യ അവസ്ഥയെ ആശ്രയിച്ച് ഈ സന്ദര്‍ശനത്തിന് ചില മാറ്റങ്ങള്‍ ഉണ്ടാകാം.
രാജകുടുംബത്തിന് ഈ വര്‍ഷത്തിന്റെ തുടക്കം ദുഷ്‌കരമായിരുന്നു. വെയില്‍സ് രാജകുമാരിയും ക്യാന്‍സറിന് ചികിത്സയിലാണ്. അതേസമയം, തന്റെ കാന്‍സര്‍ രോഗനിര്‍ണയം മുതല്‍, തനിക്ക് രോഗമുക്തി ആശംസിക്കുന്ന എല്ലാ സന്ദേശങ്ങളും കാര്‍ഡുകളും തന്നെ എത്രമാത്രം ആശ്വസിപ്പിക്കുന്നുവെന്ന് രാജാവ് പറഞ്ഞിട്ടുണ്ട്.