ഡെര്‍ബിയ്ക്കടുത്ത് ബര്‍ട്ടണില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. 25കാരിയായ ജെറീന ജോര്‍ജ് ആണ് വീട്ടില്‍ എക്‌സസൈസ് ചെയ്യുമ്പോള്‍ കുഴഞ്ഞു മരിച്ചത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് മരണം സംഭവിച്ചത്. ബര്‍ട്ടണിലെ ജോര്‍ജ്ജിന്റെയും റോസ്ലിയുടെയും മൂന്നു പെണ്‍മക്കളില്‍ ഏറ്റവും ഇളയ മകളാണ് ജെറീന. അപ്രതീക്ഷിതമായി എത്തിയ മരണവാര്‍ത്തയില്‍ തകര്‍ന്നിരിക്കുകയാണ് കുടുംബം.
പഠനം പൂര്‍ത്തിയാക്കി ജെറീന യു കെ യിലെ പ്രശതമായ ടാക്‌സ് അഡൈ്വസറി കമ്പനി യായ ബീ ഡി ഓ നോട്ടിംഗാമില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് / സീനിയര്‍ ടാക്‌സ് അഡൈ്വസര്‍ ആയി ജോലി ചെയ്ത് വരുകയായിരുന്നു. ജോലിയില്‍ പ്രവേശിച്ച ശേഷം ജെറീനയുടെ വിവാഹവും നടത്താന്‍ തീരുമാനിച്ചിരുന്നു. അതിനുള്ള ഒരുക്കങ്ങളും തയ്യാറെടുപ്പുകളും നടക്കവേയാണ് മരണം സംഭവിച്ചിരിക്കുന്നത്.
വീട്ടില്‍ കുഴഞ്ഞുവീണ ഉടനെ തന്നെ നഴ്‌സും ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്യുകയും ചെയ്യുന്ന അമ്മ റോസിലി സിപിആര്‍ കൊടുക്കുകയും എമര്‍ജന്‍സി സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു . എമര്‍ജന്‍സി ആന്റ് ആംബുലന്‍സ് വിഭാഗം സ്ഥലത്തെത്തിയെങ്കിലും ജെറീന സംഭവസ്ഥലത്തു തന്നെ മരിച്ചതായാണ് അറിയാന്‍ സാധിച്ചത്. ജെറീനയുടെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നാണ് പ്രാഥമിക വിവരം.
നാട്ടില്‍ അങ്കമാലി പാലിശേരി വെട്ടിക്കയില്‍ കുടുംബാംഗം ആണ് പിതാവ് ജോര്‍ജ്ജ്. സഹോദരങ്ങള്‍ മെറീനാ ലിയോ, അലീനാ ജോര്‍ജ്ജ്. സഹോദരി ഭര്‍ത്താവ് ലിയോ തോളത്ത്, സ്‌കന്ത്രോപ്പ്.
ജെറീനയുടെ അപ്രതീക്ഷിത നിര്യാണത്തില്‍ ബ്രിട്ടീഷ്പത്രം അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം ജെറീനയുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ വേര്‍പാട് താങ്ങാനാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.