നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് പരാജയപ്പെട്ടത് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ച മൂലമെന്ന് സിപിഎം അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്. തൃക്കാക്കരയിലും മണ്ഡലം കമ്മിറ്റിക്ക് വലിയ വീഴ്ച സംഭവിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകള്‍ ഉള്‍പ്പെടെ സ്വരാജിന് ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.
ഏരൂര്‍, തെക്കുംഭാഗം, ഉദയംപേരൂര്‍ പഞ്ചായത്തുകളില്‍ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്ന് സിപിഐഎം അന്വേഷണ കമ്മീഷന് പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മണ്ഡലത്തിലെ ചിലര്‍ക്ക് സ്ഥാനാര്‍ഥി മോഹമുണ്ടായതും വോട്ടുചോര്‍ച്ചയ്ക്ക് കാരണമായതായി കമ്മീഷന് കണ്ടെത്തിയെന്നും സൂചനയുണ്ട്.
992 വോട്ടുകള്‍ക്കായിരുന്നു തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും എം സ്വരാജ് പരാജയപ്പെട്ടത്. പരാജയത്തെക്കുറിച്ച് അന്വേഷിക്കുവാനായി സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കല്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെജെ ജേക്കബ് എന്നിരടങ്ങിയ അന്വേഷണ കമ്മീഷനെയാണ് പാര്‍ട്ടി നിയോഗിച്ചത്.
കെ. ബാബുവിന്റെ തൃപ്പൂണിത്തറ മണ്ഡലത്തിലെ വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ദൈവത്തിന് പേര് പറഞ്ഞ് കെ. ബാബു വോട്ട് ചോദിച്ചുവെന്നാണ് സ്വരാജ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന വാദം. നേരത്തെ ബിജെപിയുടെ വോട്ട് വാങ്ങിയാണ് കെ. ബാബു വിജയിച്ചതെന്ന് എല്‍ഡിഎഫ് ആരോപിച്ചിരുന്നു. പിന്നാലെയാണ് സ്വരാജ് നിയമപോരാട്ടത്തിന് തുടക്കംകുറിക്കുകയായിരുന്നു.