കേരളത്തില്‍ ബക്രീദ് പ്രമാണിച്ച് അനുവദിച്ച ലോക്ഡൗണ്‍ ഇളവുകള്ക്കെതിരെരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ വക്താവ് അഭിഷേക് സിങ്വി. ട്വിറ്ററിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ബക്രീദ് ആഘോഷങ്ങള്‍ക്കായി മൂന്ന് ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരമാണെന്നും, കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മറക്കരുതെന്നുമാണ് അദ്ദേഹം ട്വീറ്റില്‍ പറയുന്നത്. അതോടൊപ്പം കോവിഡ് സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ യാത്ര നടത്തുന്നത് തെറ്റാണെങ്കില്‍ ബക്രീദ് പൊതു ആഘോഷമാകുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞദിവസം അറിയിച്ചത്. പെരുന്നാള്‍ പ്രമാണിച്ചാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്.
നിലവില്‍ കട തുറക്കാന്‍ അനുമതിയില്ലാത്ത ഡി വിഭാഗത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ നിയന്ത്രണ വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കട തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെ പ്രതിദിന കണക്ക് നോക്കിയാല്‍ ഏറ്റവുമധികം കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. 16,?148 രണ്ടാമതുളള മഹാരാഷ്ട്രയില്‍ നേര്‍പകുതിയാണ് എണ്ണം 8172. തമിഴ്നാട്ടില്‍ 2205 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തതില്‍ 40 ശതമാനം രോഗികളും കേരളത്തിലാണ്. മരണനിരക്കില്‍ പക്ഷെ മുന്നില്‍ മഹാരാഷ്ട്രയാണ്. 124 മരണങ്ങള്. രണ്ടാമതുളള കേരളത്തില്‍ 114 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 3.02 കോടി ജനങ്ങളാണ് രോഗമുക്തി നേടിയത്.