കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി കേസ് പരിഗണിക്കുന്ന പ്രത്യേക ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിയില്‍ കത്ത് നല്കി.
കേസില്‍ ആഗസ്റ്റിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം സാധ്യമാവില്ലെന്നും സ്പെഷ്യല്‍ ജഡ്ജി അറിയിച്ചു.
കോവിഡിനെ തുടര്‍ന്ന് കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായതും ജീവനക്കാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതും കോടതി നടപടികള്‍ വൈകുന്നതിന് കാരണമായെന്ന് സ്പെഷ്യല്‍ ജഡ്ജി സുപ്രീംകോടതിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ഇതോടൊപ്പം കേസില്‍ നിന്ന് പ്രോസിക്യൂട്ടര്‍ പിന്മാറിയതും, കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്ക് മുമ്ബാകെ ഹര്‍ജിയും എത്തിയതും വിചാരണ നടപടികള്‍ വൈകാനിടയാക്കിയെന്ന് കത്തില്‍ പറയുന്നു.
ആറു മാസത്തെ സമയം കൂടി ആവശ്യപ്പെട്ടാണ് സ്പെഷല്‍ ജഡ്ജ് കത്തയച്ചിരിക്കുന്നത്. ചില നടീനടന്മാരെ സാക്ഷിയായി വിസ്തരിക്കാന്‍ സമയമെടുക്കുമെന്നും സുപ്രിംകോടതി അറിയിച്ചു. ഓഗസ്റ്റ് 15 ന് മുന്‍പ് കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രിംകോടതി നേരത്തെ കീഴ്ക്കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 11 പ്രതികളുള്ള കേസില്‍ കേസില്‍ നടന് ദിലീപ് എട്ടാം പ്രതിയാണ്.
2017 ഫെബ്രുവരി 17നാണ് കേസിന് ആസ്പദമായ സംഭവം. കൊച്ചിയില്‍ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ വാഹനത്തില്‍ അതിക്രമിച്ച് കയറിയ സംഘം താരത്തെ അക്രമിക്കുകയും, അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തുവെന്നാണ് കേസ്.