നടനും പ്രൊഡക്ഷന്‍ കണ്ട്രോളറും സംവിധായകന് മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന് പട്ടാമ്പിക്കെതിരെ പീഡനപരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് വനിതാ ഡോക്ടര്‍. ഒന്നരക്കൊല്ലം മുമ്പ് താന്‍ നല്കിയ പരാതിയില്‍ ഇതുവരെ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. അപവാദ പ്രചരണവും ഭീഷണിയും തുടരുന്നതായി കാണിച്ച് കഴിഞ്ഞയാഴ്ച പാലക്കാട് പട്ടാമ്പി പൊലീസില്‍ നല്കിയ
രണ്ടാമത്തെ പരാതിയിലും ഇതുവരെ അറസ്റ്റുണ്ടായില്ല. കണ്ണന് പട്ടാമ്പി ഒളിവിലാണെന്നാണ് പട്ടാമ്പി പൊലീസിന്റെ വിശദീകരണം.
പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് 2019 നവംബറിലാണ് ഡോക്ടര്‍ കണ്ണനെതിരെ ആദ്യ പരാതി നല്‍കിയത്. ആശുപത്രിയിലെത്തി തന്നെ ബലമായി കടന്നുപിടിക്കാന്‍ ശ്രമിച്ചു, ദേഹോപദ്രവം നടത്തി, ഭീഷണിപ്പെടുത്തി എന്നിവയായിരുന്നു കണ്ണനെതിരായ ഡോക്ടറുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍ അന്ന് പൊലീസ് താരത്തിനെതിരെ നടപടി സ്വീകരിച്ചില്ലെന്നും അന്ന് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡോക്ടര്‍ പറഞ്ഞത്: 'കണ്ണന് പട്ടാമ്ബിക്കെതിരെ ഒന്നരവര്‍ഷം മുന്‍പ് ഞാന്‍ പരാതി കൊടുത്തതാണ്. ഈ ഒന്നര വര്‍ഷത്തിനിടെയും കണ്ണന് പട്ടാമ്ബി സമാനരീതിയില്‍ അപമാനിക്കുന്നത് തുടരുകയാണ്.
സോഷ്യല്‍മീഡിയയിലൂടെയും അപവാദപ്രചരണങ്ങള്‍ നടത്തുന്നുണ്ട്. അന്ന് കൊടുത്ത പരാതിയില്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ അവസ്ഥാ ഒഴിവാക്കാമായിരുന്നു.'
അതേസമയം ആരോപണം ഉന്നയിക്കപ്പെട്ട നടന് കണ്ണന് പട്ടാമ്പി ഒളിവിലാണെന്നാണ് പട്ടാമ്പി പൊലീസ് പറയുന്നത്. വനിതാ ഡോക്ടര്‍ ഒന്നര വര്‍ഷം മുന്‍പ് നല്കിയ പരാതിയില്‍ പരിശോധന നടത്തും. ഏറ്റവും അവസാനം നല്കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
നേരത്തേ വാട്ടര്‍ അതോറിറ്റി ജീവനക്കാരനെയും ദമ്പതികളെയും ഓടിച്ചിട്ടു മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ണന് പട്ടാമ്പിയേയും രണ്ട് സുഹൃത്തുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജല അതോറിറ്റി ജീവനക്കാരന് മാര്‍ട്ടിനെതിരെയായിരുന്നു ആക്രമണം ഉണ്ടായത്. വാഹനം തടഞ്ഞ് നിര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു പിന്നീട് മര്‍ദ്ദനത്തിലേക്ക് നീണ്ടത്.