പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍/ നിരീക്ഷണ വിഷയത്തില്‍ മണിക്കൂറുകള്‍തോറും പുതിയ വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. വ്യവസായി അനില്‍ അംബാനി, മുന്‍ സിബിഐ മേധാവി അലോക് വര്‍മ, ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമയുടെ ഉപദേശകര്‍, സഹായികള്‍ തുടങ്ങിയവരുടെ നമ്പറുകളും പെഗസസ് ചാര സോഫ്റ്റ്വെയര് ഉപയോഗിച്ചു ചോര്‍ത്തിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
അനില്‍ അംബാനിക്ക് പുറമെ അദ്ദേഹത്തിന്റെ കമ്പനിയുടെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ ടോണി യേശുദാസന്റെയും ഭാര്യയുടെയും ഫോണുകള്‍ ചോര്‍ത്തിയെന്നും 'ദി വയര്‍' റിപ്പോര്‍ട്ടു ചെയ്തു. റഫാല്‍ കരാര്‍ അടക്കമുള്ളവയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് സുപ്രധാന വെളിപ്പെടുത്തല്‍. റഫാല്‍ നിര്‍മാതാക്കളായ ദസോ ഏവിയേഷന്റെ ഇന്ത്യയിലെ പ്രതിനിധി വെങ്കട്ട റാവു പോസിനയുടെ ഫോണും ചോര്‍ത്തി. റഫാല്‍ കരാറിനെ ശക്തമായ ന്യായീകരിച്ച് രംഗത്തെത്തിയതിലൂടെ മാധ്യമ ശ്രദ്ധ നേടിയ വ്യക്തിയാണ് പോസിന.
സി.ബി.ഐ. മുന്‍മേധാവി അലോക് കുമാര്‍ വര്‍മയുടെ ഫോണ്‍ നമ്പറുകളും നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നതായാണ് റിപ്പോര്‍ട്ട്. സി.ബി.ഐ. മേധാവിസ്ഥാനത്തുനിന്ന് നീക്കം ചെയ്ത് മണിക്കൂറുകള്‍ക്ക് പിന്നാലെ അലോക് വര്‍മയുടെ പേരിലുള്ള ഫോണ്‍ നമ്പറുകള്‍ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിരീക്ഷിക്കാന്‍ ആരംഭിച്ചതായി ദ വയറിന്റെ റിപ്പോര്‍ട്ട് പറയുന്നു.
2018 ഒക്ടബോര്‍ 23-നാണ് സി.ബി.ഐ. മേധാവിസ്ഥാനത്തുനിന്ന് അലോക് വര്‍മയെ നീക്കിയത്. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും നമ്പറുകള്‍ നിരീക്ഷിക്കാന്‍ ആരംഭിക്കുകയായിരുന്നു. സര്‍വീസ് അവസാനിപ്പിക്കാന്‍ മൂന്നുമാസം കൂടി ഉണ്ടായിരിക്കേയാണ് അലോകിനെ സ്ഥാനത്തുനിന്ന് നീക്കിയത്.
അലോക് വര്‍മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്നു നമ്പറുകള്‍ നിരീക്ഷണത്തിനോ ചോര്‍ത്തലിനോ വിധേയമായിട്ടുണ്ടെന്നാണ് പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പക്കുന്നത്. അലോക് വര്‍മയെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയുടെയും മകളുടെയും മകളുടെ ഭര്‍ത്താവിന്റെയും സ്വകാര്യ ടെലഫോണ്‍ നമ്പറുകള്‍ നിരീക്ഷിക്കപ്പെട്ടിരുന്നു എന്നാണ് വിവരം. അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട എട്ട് നമ്പരുകളാണ് നിരീക്ഷണത്തിന് വിധേയമായത്.
അന്ന് സി.ബി.ഐ. തലപ്പത്തുണ്ടായിരുന്ന രാകേഷ് അസ്താനയുടെയും എ.കെ. ശര്‍മയുടെയും നമ്പറുകളും നിരീക്ഷണ പട്ടികയില്‍ ഉണ്ടായിരുന്നു.
ഇതിന് പിന്നാലെ ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമയുടെ ഉപദേശകരുടെയും സഹായികളുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു.
ടെംപ സെറിംഗ് അടക്കമുള്ള മുതിര്‍ന്ന ഉപദേശകര്‍, സഹായികളും വിശ്വസ്തരുമായ ടെന്‍സിംഗ് ടക്ല്ഹ, ചിമി റിഗ് സണ്‍ എന്നിവരടക്കം ദലൈലാമയുടെ വലയത്തിലുള്ള ഒരു കൂട്ടം ആളുകളുടെ ഫോണുകള്‍ ചോര്‍ന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ധരംശാലയിലെ ടിബറ്റന്‍ പ്രവാസ സര്‍ക്കാര്‍ തലവനായ ലോബ് സാങ് സാങ്ഗേയുടെയും ഫോണ്‍ ചോര്‍ത്തപ്പെട്ടെന്നാണ് ദി ഗാര്ഡിയന് വെളിപ്പെടുത്തിയത്. 2017 മുതലുള്ള വിവരങ്ങളാണ് പെഗാസസ് ഉപയോഗിച്ച് നിരീക്ഷിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്ര് ബറാക്ക് ഒബാമയുമായി ദലൈലാമ 2017ല്‍ കൂടിക്കാഴ്ച നടത്തിയതിന് തൊട്ട് മുന്‍പും ശേഷവുമാണ് ഫോണ്‍ ടാപ്ചെയ്യപ്പെട്ടിരിക്കുന്നത്.