സിഡ്നിക്കടുത്ത് ഓറഞ്ചില്‍നിന്നു ബ്രിസ്ബേനിലേക്കു യാത്ര ചെയ്യുകയായിരുന്ന മലയാളി കുടുംബത്തിന്റെ കാര്‍ ട്യുവുമ്പായില്‍ വച്ച് അപകടത്തില്‍പെട്ടു. ചാലക്കുടി പോട്ട സ്വദേശികളായ ചുള്ളിയാടന്‍ ബിബിനും കുടുംബവും സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പെട്ടത്. ബിബിന്റെ ഭാര്യ ലോട്സി(35)യും ഇളയമകള്‍ കെയ്തിലിനും സംഭവസ്ഥലത്തുവച്ച് മരിച്ചു. ബിബിന്‍ അപകടനില തരണം ചെയ്യുകയും കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയുമാണ്.
വ്യാഴാഴ്ച രാവിലെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ന്യൂ സൗത്ത് വെയ്ല്‍സിലെ ഓറഞ്ച് ആശുപത്രിയില്‍ നഴ്സായിരുന്ന ലോട്സിക്ക്, ക്വീന്‍സ്ലാന്‍ഡില്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് കാറില്‍ അങ്ങോട്ടു പോകുകയായിരുന്നു. കോവിഡ് വ്യാപന ഭീതി മൂലം ക്വീന്സ്ലാന്ഡ് സംസ്ഥാന അതിര്‍ത്തി അടച്ചേക്കും എന്നതിനാല്‍ ബുധന്‍ രാത്രി തന്നെ ബിപിനും കുടുംബവും യാത്ര തിരിക്കുകയായിരുന്നെന്നു സുഹൃത്തുക്കള്‍ പറഞ്ഞു.
വൈകിട്ട് എട്ടിന് ഓറഞ്ചില്‍ നിന്നു യാത്ര തിരിച്ച ഇവര്‍ 800 കിലോമീറ്ററോളം പിന്നിട്ടപ്പോഴായിരുന്നു അപകടം. പൊലീസ് എത്തിയാണു തകര്‍ന്ന കാറില്‍ നിന്ന് ഇവരെ പുറത്തെടുത്തത്. ട്രക്കില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. അപകടകാരണം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് ഹെലികോപ്റ്ററുകളും ഫയര്‍ എഞ്ചിനും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും പൊലീസ് അറിയിച്ചു.
രണ്ടു വര്‍ഷമായി ഓസ്ട്രേലിയയിലായിരുന്ന ലോട്സി കഴിഞ്ഞ മാര്‍ച്ചില്‍ നാട്ടിലെത്തി മടങ്ങിയപ്പോള്‍ ബിപിനും കുട്ടികളും ഒപ്പം പോകുകയായിരുന്നു. എലിഞ്ഞിപ്ര ആട്ടക്കാരന് ജോസിന്റെയും അല്‍ഫോന്‍സയുടെയും മകളാണ് ലോട്സി. സംസ്കാരം പിന്നീട്.