കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലേക്കു വരുന്ന ഇന്ത്യക്കാര്‍ക്കുള്ള യാത്രാനയം ഖത്തര്‍ ആരോഗ്യ മന്ത്രാലയം പുതുക്കി. ഇതനുസരിച്ച് ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, പാക്കിസ്താന്, ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ കൊവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചാലും ക്വാറന്റൈനില്‍ കഴിയണം. ആഗസ്ത് രണ്ടുമുതല്‍ ഇന്ത്യയില്‍ നിന്ന് വരുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും ക്വാറന്റൈന് നിര്‍ബന്ധമാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ അറിയിച്ചു.
ഖത്തറില്‍ നിന്ന് വാക്സിനെടുക്കുകയോ 12 മാസത്തിനുള്ളില്‍ കൊവിഡ് വന്ന് ഭേദമാവുകയോ ചെയ്തവരാണെങ്കില്‍ രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിഞ്ഞ് രണ്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈന് ഒഴിവാക്കും. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ നിന്ന് വരുന്ന ബാക്കി മുഴുവന്‍ യാത്രക്കാരും 10 ദിവസത്തെ ക്വാറന്റൈനല് കഴിയണമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള വിമാന കമ്പനികളുടെ വെബ്സൈറ്റിലും ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം യാത്രക്കാരുടെ കൈയില്‍ ചുരുങ്ങിയത് രണ്ട് ദിവസത്തെ ക്വാറന്റൈന് ഹോട്ടല്‍ ബുക്കിങിനുള്ള രേഖ ആവശ്യമാണെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. ഡിസ്കവര് ഖത്തര്‍ വഴിയാണ് ക്വാറന്റൈന് ബുക്കിങ് നടത്തേണ്ടത്.