'കാറ്റ്സാരിഡാഫോബിയ' പലരിലും ഉള്ള ഒരു തരം അസുഖമാണ്. പേര് കേട്ട് തല പുകയ്ക്കണ്ട. സംഭവം പാറ്റയെ പേടി എന്ന് മലയാളത്തില്‍ പറയും.കാറ്റ്സാരിഡാഫോബിയ കുറച്ച് നാളത്തേക്ക് മാറ്റി വയ്ക്കാന്‍ സാധിക്കുമെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത് 2000 ഡോളറാണ്. അതായത് ഏകദേശം 1.5 ലക്ഷം രൂപ.
കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ്. അമേരിക്കയിലെ ഒരു കമ്പനിയാണ് വ്യത്യസ്തമായ ഈ ഓഫര്‍ മുന്നോട്ടു വയ്ക്കുന്നത്. ഇനി സംഭവം എന്താണെന്നും കമ്പനി തന്നെ പറയുന്നു.
100 പാറ്റകളെ വീട്ടില്‍ വളര്‍ത്തി പരിപാലിച്ചാലാണ് ഈ തുക ലഭിക്കുകയുള്ളൂ. അതിന് പകരമായി ആണ് 2,000 ഡോളര്‍(ഒന്നര ലക്ഷം) രൂപ പ്രതിഫലമായി നല്‍കുന്നത്. അമേരിക്കയിലെ ഒരു കീടനിയന്ത്രണ കമ്പനി ആണ് ഇത്തരത്തില്‍ വ്യത്യസ്തമായ ഓഫര്‍ വാഗ്ദാനം ചെയ്യുന്നത്. ദി പെറ്റ് ഇന്ഫോമര് എന്ന വെബ്സൈറ്റിലാണ് കമ്പനി പരസ്യം ചെയ്തത്. ഇതോടെ ഈ അപൂര്‍വ ഓഫര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാവുകയാണ്.
പാറ്റയുടെ ശല്യം ഇല്ലാതാക്കാന്‍ പുതിയ രീതികള്‍ പരീക്ഷിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഈ ട്രയല്‍ ഒരു മാസത്തോളം നീണ്ടുനില്‍ക്കും. എന്നാല്‍ ചില നിബന്ധനകളും കമ്പനി മുന്നോട്ട് വെക്കുന്നുണ്ട്. അപേക്ഷ നല്‍കുന്നയാള്‍ക്ക് സ്വന്തമായി വീടുണ്ടാകണം. അല്ലെങ്കില്‍ വീട്ടുടമസ്ഥനെ പൂര്‍ണ്ണ അനുമതി ഉണ്ടാകണം. അതേസമയം, ഒരുമാസത്തെ പഠന കാലയളവില്‍ പാറ്റകളെ നിയന്ത്രിക്കാനുള്ള മറ്റ് മാര്‍ഗങ്ങള്‍ വീട്ടുടമസ്ഥര്‍ ചെയ്യരുത്. കമ്പനിയായിരിക്കും പാറ്റകളെ നിയന്ത്രിക്കാനുള്ള പരീക്ഷണങ്ങള്‍ നടത്തുക. ഈ പരീക്ഷണങ്ങള്‍ വീട്ടുകാര്‍ക്കോ വളര്‍ത്തുമൃഗങ്ങള്‍ക്കോ ഹാനികരമാകില്ലെന്നും കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്.