ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയ്ക്കായി 2022 ഏപ്രിലില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു. ഇന്ന് മുതല്‍ ഇവ പ്രാബല്യത്തില്‍ വരും. ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കല്‍, ബില്ലിംഗ് മുതലായവയും ഈ പുതിയ നിയമങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ക്രെഡിറ്റ് കാര്‍ഡിന്റെ മൂന്ന് പുതിയ നിയമങ്ങള്‍ ഇവയാണ്;
1) ഉപഭോക്താവിന്റെ സമ്മതമില്ലാതെ ക്രെഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്യരുത്
ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്ത തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ഉപഭോക്താവ് ക്രെഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്തിട്ടില്ലെങ്കില്‍, കാര്‍ഡ് ഇഷ്യൂ ചെയ്യുന്നവര്‍ കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുന്നതിനായി ഒറ്റ തവണ പാസ്വേഡ് അടിസ്ഥാനമാക്കിയുള്ള സമ്മതം തേടണം. ഉപഭോക്താവിന്റെ ഭാഗത്ത് നിന്നും പ്രതികരണമില്ലെങ്കില്‍/ സമ്മതമല്ലെങ്കില്‍ തുടര്‍ന്നുള്ള ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ ഉപഭോക്താവിന് യാതൊരു ചെലവും കൂടാതെ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടതാണ്.
2) ക്രെഡിറ്റ് പരിധി
കാര്‍ഡ് ഉടമയില്‍ നിന്ന് വ്യക്തമായ സമ്മതം തേടാതെ, ബാങ്ക് അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥാപനം അനുവദിച്ചിട്ടുള്ള ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി ലംഘിക്കപ്പെടുന്നില്ല എന്ന് കാര്‍ഡ് നല്കുന്നവര് ഉറപ്പാക്കണം.
3) ക്രെഡിറ്റ് കാര്‍ഡ് പലിശ നിരക്ക്
ക്രെഡിറ്റ് കാര്‍ഡ് ഇഷ്യു ചെയ്യുന്നവര്‍ ഉപഭോക്താക്കളില്‍ നിന്നും അനാവശ്യ കൂട്ടുപലിശ ഈടാക്കരുത്. അതായത് ക്രെഡിറ്റ് കാര്‍ഡില്‍ അടയ്ക്കാനുള്ള പണത്തിന്റെ മുകളില്‍ വീണ്ടും ഒരു പലിശ ഈടാക്കാന്‍ അനുവാദമില്ല. അനുവദിച്ച തുകയ്ക്ക് മുകളില്‍ മാത്രം പലിശ ഈടാക്കണം. അതായത് കുടിശിക കൂടുന്നതിന് അനുസരിച്ച് പലിശ കൂട്ടരുത്.