ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ അമേരിക്കന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് (എബിഎം) നടത്തുന്ന ക്രിസ്ത്യന്‍ മതപരിവര്‍ത്തന സംഘത്തിന് ധനസഹായം നല്കുന്നു എന്ന ആരോപണവുമായി ആര്‍എസ്എസിന്റെ മുഖ പത്രമായ 'ഓര്‍ഗനൈസര്‍. ഇത്തരത്തില്‍ വടക്കുകിഴക്കന്‍ ഇന്ത്യയില്‍ 25,000 പേരെ ക്രിസ്ത്യാനികളാക്കി മാറ്റിയതായി എഐഎം (ആള് ഇന്ത്യന്‍ മിഷന്) വെബ്സൈറ്റില്‍ പറഞ്ഞതായി അവകാശപ്പെടുന്നു. 'അമേസിംഗ് ക്രോസ് കണക്ഷന്' എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിലാണ് ആരോപണങ്ങള്‍.
'അമേരിക്കന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച്' എന്ന അനധികൃതസംഘടനയുമായി ആമസോണിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനത്തിന് സഹായിക്കുന്നുവെന്നുമാണ് ആര് എസ് എസിന്റെ പ്രധാന ആരോപണം.അമേരിക്കന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന് ഇന്ത്യയില്‍ ഓള് ഇന്ത്യ മിഷന് (എ ഐ എം) എന്ന പേരില്‍ ഉപസംഘടനയുണ്ട്. ഈ സംഘടനവഴി 25,000 പേരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനംചെയ്തു. ഇതുസംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും ലേഖനത്തില്‍ ആരോപണമുണ്ട്.
ആര്‍എസ്എസുമായി ബന്ധപ്പെട്ട മാസികകള്‍ ആമസോണിനെ വിമര്‍ശിക്കുകയും 'ഈസ്റ്റ് ഇന്ത്യാ കമ്പനി 2.0' എന്നും വിളിക്കുകയും ചെയ്തു.
അതേസമയം, ആരോപണങ്ങള്‍ ആമസോണ്‍ നിഷേധിച്ചു. ആമസോണ്‍ ഇന്ത്യയ്ക്ക് ഓള് ഇന്ത്യ മിഷനുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.അനുകൂല സര്‍ക്കാര്‍ നയങ്ങള്‍ക്കായി കമ്പനി കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയെന്ന് ആര്‍എസ്എസ് ബന്ധമുള്ള ഹിന്ദി വാരികയായ 'പാഞ്ചജന്യ' കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആരോപിച്ചിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ആമസോണ്‍ തങ്ങളുടെ കുത്തക സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് 'പാഞ്ചജന്യ' അവകാശപ്പെടുന്നുണ്ട്.