ചികിത്സയ്ക്കെത്തിയ യുവതിയുടെ ഇരു വൃക്കകളും ഡോക്ടര്‍ നീക്കം ചെയ്ത സംഭവത്തില്‍ ക്ലിനിക്ക് ഉടമ അറസ്റ്റില്‍. സെപ്റ്റംബര്‍ മൂന്നിന് ബിഹാര്‍ മുസ്സാഫര്‍പൂരിലെ ശുഭ്കാന്ത് നഴ്സിങ് ഹോമില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി എത്തിയ സുനിതാ ദേവി(38)യാണ് തട്ടിപ്പിനിരയായത്. ഡയാലിസിസിലൂടെയാണ് യുവതി ഇപ്പോള്‍ ജീവന് നിലനിര്‍ത്തുന്നത്. സംഭവത്തില്‍ ക്ലിനിക്ക് ഉടമ പവന്കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പു വെളിപ്പെട്ടതോടെ ഒളിവില്‍ പോയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ആര് കെ സിങിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുറ്റവാളിയായ ഡോക്ടറെയും ഉടന്‍ പിടികൂടണമെന്നും ഡോക്ടറുടെ വൃക്കകള്‍ തനിക്കു നല്‍കണമെന്നുമാണ് യുവതിയുടെ ആവശ്യം. അംഗീകാരമില്ലാതെയാണ് നഴ്സിങ് ഹോം പ്രവര്‍ത്തിച്ചിരുന്നതെന്നും ബിഹാര്‍ പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഇടപെട്ട ദേശീയ മനുഷ്യാവകാശ കമ്മിഷന് സംസ്ഥാന ആരോഗ്യവകുപ്പിനോട് വിശദീകരണം തേടിയിട്ടുണ്ട്.
ക്ലിനിക്ക് റജിസ്ട്രേഷന് നമ്പര്‍ കൂടാതെയാണ് പ്രവര്‍ത്തിച്ചു വന്നതെന്ന് മുസാഫര്‍പുര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് ജയന്ത് കാന്ത് പറഞ്ഞു. യുവതിയുടെ അമ്മ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പവന്‍കുമാറിനും ഡോ. ആര് കെ സിങിനുമെതിരെ അവയവ മാറ്റിവെക്കല്‍ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.