ഖത്തര്‍ ലോകകപ്പ് കഴിഞ്ഞ് ഒരുമാസം പിന്നിടവേ മത്സരത്തിന്റെ ഫൈനല്‍ ദിവസം അധിക്ഷേപകരമായ പെരുമാറ്റത്തിന് അര്‍ജന്റീനയ്ക്കെതിരെ ഫിഫ അച്ചടക്ക നടപടി ആരംഭിച്ചു. ഫിഫ ഡിസിപ്ലിനറി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 11, 12, ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ലെ ആര്‍ട്ടിക്കിള്‍ 44 എന്നിവയുടെ ലംഘനത്തിന് സാധ്യതയുള്ളതിനാല്‍ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസോസിയേഷനെതിരെ അച്ചടക്ക സമിതി നടപടികള്‍ ആരംഭിച്ചതായി ഫിഫയുടെ ഔദ്യോഗിക അറിയിപ്പ് വ്യക്തമാക്കുന്നു.
2018ലെ ചാമ്ബ്യന്മാരായ ഫ്രാന്‍സിനെതിരെ ശക്തമായ പോരാട്ടത്തിനൊടുവിലാണ് ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീനിയന്‍ ടീം കിരീടം നേടിയത്. വൈകാരികമായ ആ നിമിഷത്തില്‍ അര്‍ജന്റീനന്‍ താരങ്ങളുടെ ആഘോഷം അതിരുവിട്ടതായി പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, അര്‍ജന്റീനിയന്‍ കളിക്കാര്‍ വിജയം ആഘോഷിക്കുന്നതിനിടയില്‍ ഔദ്യോഗിക അഭിമുഖം നടത്തുന്ന മേഖലയിലേക്ക് കടന്നു. തല്‍ഫലമായി, ചുമരിന് കേടുപാടുകള്‍ സംഭവിച്ചു.
ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ ആഘോഷമായിരുന്നു കൂടുതല്‍ വിവാദമായത്. മത്സരത്തിന് ശേഷമുള്ള ചടങ്ങിനിടെ തനിക്ക് ലഭിച്ച ഗോള്‍ഡന്‍ ഗ്ലോവ് അവാര്‍ഡുമായി മാര്‍ട്ടിനെസ് കാട്ടിയ മോശം ആംഗ്യങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. എന്തിനാണ് ഇത്തരമൊരു ആഘോഷം നടത്തിയതെന്ന് ചോദിച്ചപ്പോള്‍, ഫ്രഞ്ചുകാര്‍ തന്നെ ചീത്തവിളിച്ചതുകൊണ്ടാണ് താന്‍ ചെയ്തതെന്നായിരുന്നു മാര്‍ട്ടിനെസിന്റെ പ്രതികരണം.