പാമ്പിനെ കാണുമ്പോള്‍ പലര്‍ക്കും ഉള്ളില്‍ പലതരം ചിന്തകളാണ്. ചിലര്‍ക്ക് പാമ്പിനെ ഒന്ന് തൊടണം എന്നാണെങ്കില്‍ ചിലര്‍ക്ക് പാമ്പിനൊപ്പം ഒന്ന് സെല്‍ഫി എടുക്കണമെന്നായിരിക്കും. കടയിലെത്തിയ പാമ്പാട്ടിയുടെ കുട്ടയിലുണ്ടായിരുന്ന പാമ്പിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഒരു യുവാവിന് ഒടുവില്‍ സംഭവിച്ച കാര്യങ്ങളാണ് ഏറെ ഞെട്ടലുണ്ടാക്കുന്നത്.
പ്രകാശം ജില്ലയിലെ തല്ലൂര് മണ്ഡലത്തിലെ ബോഡിക്കുറപ്പാട് ഗ്രാമത്തിലെ പോളംറെഡ്ഢി മണികണ്ഠ റെഡ്ഢി എന്ന 32കാരനാണ് വാര്‍ത്തകളില്‍ നിറയുന്ന യുവാവ്. ഇയാള്‍ നെല്ലൂരിലെ കണ്ടുകൂര്‍ ടൗണ്‍ പരിധിയില്‍ കോവൂര്‍ ജംഗ്ഷന് സമീപം ജ്യൂസ് കട നടത്തി വരികയായിരുന്നു. ഇയാളുടെ കടയിലേക്ക് പാമ്പാട്ടി എത്തി. തന്റെ കൈവശം കുറച്ച് പാമ്പുകളുണ്ടെന്നും. അവ നിരുപദ്രനവകാരിയാണെന്നും പറഞ്ഞതോടെയാണ് യുവാവിന് പാമ്പിനൊപ്പം സെല്‍ഫിയെടുക്കാന്‍ മോഹം ഉദിച്ചത്. എന്നാല്‍ അതിനുള്ളിലെ അപകടം അയാള്‍ മനസ്സിലാക്കിയിരുന്നില്ല.
പാമ്ബിനൊപ്പം സെല്‍ഫിയെടുക്കാന്‍ അനുവദിക്കണമെന്ന് മണികണ്ഠ പാമ്പാട്ടിയോട് ആവശ്യപ്പെടുകയും പൂര്‍ണ്ണ സമ്മതം നല്‍കുകയും ചെയ്തു. പാമ്പാട്ടിയുടെ വാക്ക് വിശ്വസിച്ച യുവാവ് പാമ്പിനെ കഴുത്തിലിട്ട് സെല്‍ഫിയെടുത്തു. പക്ഷെ കഴുത്തില്‍ നിന്നും തിരിച്ചെടുക്കുന്നതിനിടയില്‍ പാമ്പ് ഇയാളുടെ കൈയ്യില്‍ ആഞ്ഞ് കൊത്തി.
തുടര്‍ന്ന് പാമ്പിനെ മണികണ്ഠയും പാമ്പാട്ടിയുടെ ചേര്‍ന്ന് പിടികൂടുകയും ചെയ്തു. കയ്യില്‍ കടിയേറ്റതിനെ കുറിച്ച് മണികണ്ഠ പാമ്പാട്ടിയോട് പറഞ്ഞെങ്കിലും പേടിക്കാനില്ലെന്നും വിഷമില്ലാത്ത പാമ്പാണെന്നുമാണ് മറുപടി നല്‍കിയത്. ആദ്യം ഇത് വിശ്വസിച്ചെങ്കിലും അല്പം കഴിഞ്ഞതും അസ്വസ്ഥത അനുഭവപ്പെട്ട മണികണ്ഠയെ നാട്ടുകാര്‍ ചേര്‍ന്ന് ഓങ്ങല്ലൂര്‍ സര്‍കാര്‍ ജെനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ബുധനാഴ്ച പുലര്‍ചെയോടെ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.