കോട്ടയത്ത് മണിമലയില്‍ വീടിനു തീ പിടിച്ചു. വീടിനകത്തുണ്ടായിരുന്ന വീട്ടമ്മ പാറവിളയില്‍ സെല്‍വരാജന്റെ ഭാര്യ രാജം (70) മരിച്ചു. രക്ഷപ്പെടാന്‍ മുകള്‍ നിലയില്‍നിന്ന് ചാടിയ മകന് വീനീഷിനെയും (30) താഴത്തെ നിലയിലുണ്ടായിരുന്ന സെല്‍വരാജനെയും (76) പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം.
ഹോളി മാഗി ഫൊറോന പള്ളിക്കു പിന്നിലാണ് അപകടം നടന്ന വീട്. അപകടം നടക്കുമ്പോള്‍ അച്ഛനും അമ്മയും താഴത്തെ നിലയിലും മകന് വിനീഷും ഭാര്യയും രണ്ട് മക്കളും മുകള്നിലയിലുമായിരുന്നു.
കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേന എത്തിയെങ്കിലും വാഹനം വീടിനു സമീപത്തേക്ക് എത്താതിരുന്നതിനാല്‍ ഒരു കിലോമീറ്റര്‍ നടന്നാണ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തിയത്. ഈ സമയം നാട്ടുകാര്‍ കിണറ്റില്‍നിന്നു വെള്ളം കോരി രക്ഷാപ്രവര്‍ത്തനം നടത്തി.
കിണറിന്റെ മോട്ടര്‍ ഉള്‍പ്പെടെ കത്തിപ്പോയതും രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു.താഴത്തെ നില പൂര്‍ണമായും നശിച്ചു.വീടു മുഴുവന്‍ കനത്ത പുകയായിരുന്നു.