ചാത്തന്നൂര്‍ : മകളുടെ സ്കൂളില്‍ വാര്‍ഷിക ചടങ്ങിന് പോയ അമ്മ അപകടത്തില്‍ പെട്ട് മരിച്ചു. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നവരെ ടിപ്പര്‍ ഇടിക്കുകയായിരുന്നു. കല്ലവാതുക്കല്‍ നടയ്ക്കല്‍ മില്‍മ ജംക്ഷനില്‍ പ്രേം ഹൗസില്‍ (വിസ്മയ) ഉല്ലാസ് കുമാറിന്റെ ഭാര്യ ബിന്ദുകുമാരിയാണു (45) മരിച്ചത്.ഒപ്പം ഉണ്ടായിരുന്ന സമീപവാസി സിദ്ധി ഭവനില്‍ ബിന്ദുവിന് പരുക്കേറ്റു.
ഇന്നലെ വൈകിട്ട് 4.30ന് ദേശീയപാതയില്‍ ശീമാട്ടി ജംക്ഷനില്‍ അടിപ്പാത നിര്‍മിക്കുന്നതിനു സമീപമാണ് അപകടം. ബിന്ദു കുമാരി സ്കൂട്ടറിന്റെ പിന്നിലിരിക്കുകയായിരുന്നു. ലോറിക്കടിയില്പ്പെട്ടാണു മരണം. മറ്റേതെങ്കിലും വാഹനം തട്ടിയിട്ടതാണോയെന്നും പൊലീസ് അന്വേഷിക്കുന്നു.ചാത്തന്നൂര്‍ ക്രിസ്തോസ് മാര്‍ത്തോമ്മാ യുപി സ്കൂളില്‍ മകള്‍ വിസ്മയ നൃത്തത്തിനായി ഒരുങ്ങുമ്പോഴാണു ദാരുണവാര്ത്തയെത്തുന്നത്.
ബിന്ദുവിന്റെ മൃതശരീരം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം ഇന്നു നടക്കും. ഭര്‍ത്താവ് വിദേശത്താണ്. ഇന്നു നാട്ടില്‍ എത്തും.ചാത്തന്നൂര്‍ താഴം പുടന്തര കിഴക്കതില്‍ പരേതനായ ബാലചന്ദ്രന് പിള്ളയുടെ മകളാണ്. ടിപ്പര്‍ ലോറി ഡ്രൈവറെ ചാത്തന്നൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.