നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ കിടപ്പ് രോഗി ആശുപത്രിയിലെ ഫാനിന് കാറ്റില്ലാത്തത് കാരണം വീട്ടില്‍ നിന്നും ടേബിള്‍ ഫാന്‍ കൊണ്ടു വന്നതിന് ചാര്‍ജ്ജ് ഏര്‍പ്പെടുത്തി.
ആശുപത്രിയിലെ സര്‍ജറി വാര്‍ഡില്‍ വരുന്ന രോഗികള്‍ക്ക് നേരിടേണ്ടി വരുന്ന ദുരിതമാണ് ഈ സംഭവത്തോടെ പുറത്തു വരുന്നത്. കിടപ്പ് രോഗികള്‍ക്ക് കാറ്റ് കൊള്ളണമെങ്കില്‍ വീട്ടില്‍ നിന്ന് ഫാന്‍ കൊണ്ടുവരണമെന്ന ഗതികേടാണ്. എന്നാല്‍ അതിനും എക്സ്ട്രാ ചാര്‍ജ്ജ് ഈടാക്കുകയാണ് ആശുപത്രി.
ഒമ്പത് ദിവസമായി പ്രദീപ് എന്ന 39കാരന് ഇവിടെ ചികിത്സയിലായിട്ട്. ബൈക്കപകടത്തെ തുടര്‍ന്ന് നട്ടെല്ലിന് ഒടിവുണ്ടായാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. എട്ട് ദിവസം മുമ്പാണ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ 12 ഫാനുകളുണ്ട്, പക്ഷേ പകുതിയിലധികവും പ്രവര്‍ത്തനരഹിതമാണ്. ദേഹമാസകലം തളര്‍ന്ന് കിടപ്പിലായ പ്രദീപ് കടുത്ത ചൂട് സഹിക്കാന്‍ കഴിയാത്തതിനാല്‍ ആശുപത്രിയിലെ കേടായ ഫാന്‍ നന്നാക്കണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴാണ് വേണമെങ്കില്‍ വീട്ടില്‍ നിന്ന് ഒരു ഫാന്‍ കൊണ്ടുവരാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത്.
ചൂട് സഹികെട്ടപ്പോഴാണ് വീട്ടില്‍ നിന്നും ഫാന്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനായി 50 രൂപ വൈദ്യുതി ചാര്‍ജ്ജ് നല്‍കണമെന്ന് അധികൃതര്‍ പറഞ്ഞത്. തുടര്‍ന്ന് സൂപ്രണ്ടിന് അപേക്ഷ നല്‍കിയെങ്കിലും 100 രൂപ വൈദ്യുതി ചാര്‍ജായി ബില്‍ അടക്കേണ്ടി വന്നു.