ആധുനിക കൃഷിരീതികള്‍ പഠിക്കുന്നതിനായി സര്‍ക്കാര്‍ സംഘത്തിനൊപ്പം ഇസ്രയേലില്‍ പോയി കാണാതായ മലയാളി കര്ഷകന് ബിജു കുര്യന് മടങ്ങിയെത്തി. ബിജു ഇന്ന് നാട്ടിലെത്തുമെന്ന് ഇന്നലെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ഇന്ന രാവിലെ കരിപ്പൂര്വിമാനത്താവളത്തിലെത്തിയ ബിജു നാട്ടിലേക്ക് തിരിച്ചു. ഇസ്രയേലില്‍ പോയപ്പോള്‍ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്ന് മോഹമുണ്ടായെന്നും എന്നാല്‍ ഇത് സംഘത്തോട് പറഞ്ഞാല്‍ സമ്മതിക്കില്ലെന്നും തോന്നിയതിനാലാണ് പറയാതെ പോയതെന്നും. മുങ്ങി എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ വിഷമം തോന്നി എന്നുമാണ് ബിജു മാധ്യമങ്ങളോട് പറഞ്ഞത്.
ഇപ്പോള്‍ സ്വമേധയാ ആണ് മടങ്ങി വന്നതെന്നും ബിജു പറഞ്ഞു. മാത്രമല്ല ഒരു ഏജന്‍സിയും തന്നെ അന്വേഷിച്ച് വന്നില്ലെന്നും തന്റെ സഹോദരനാണ് ടിക്കറ്റെടുത്ത് നല്‍കിയതെന്നും ബിജു മാധ്യമങ്ങളെ അറിയിച്ചു. സര്‍ക്കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നുവെന്നും ബിജു കുര്യന് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ചശേഷം ബന്ധുക്കള്‍ക്ക് ഒപ്പം ബിജു നാട്ടിലേക്ക് തിരിച്ചു.
അതേസമയം ബിജു തിരികെ വരുന്നത് സംബന്ധിച്ച് സര്‍ക്കാരിന് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് കൃഷി മന്ത്രി പി. പ്രസാദ് ഇന്നലെ പറഞ്ഞിരുന്നു. ബിജുവിനെതിരായി പ്രതികാര നടപടികളുണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു. വിസ റദ്ദാക്കല്‍ നടപടികളിലേക്കടക്കം സര്‍ക്കാര്‍ കടന്നതോടെയാണ് ബിജു തിരിച്ചുവരുന്നതായി അറിയിച്ചതെന്നാണ് മന്ത്രി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.