ഓക്സ്ഫോര്‍ഡ് : ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ സുറിയാനി പ്രൊഫസ്സര്‍ ഡോക്ടര്‍ സെബാസ്ററ്യന് ബ്രോക്കിനെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ക്യാമ്പിയന് ഹോളില്‍ വച്ച് ആദരിച്ചു. സുറിയാനി ഭാഷ, ചരിത്രം, ദൈവശാസ്ത്രം, തുടങ്ങിയ മേഖലകളിലുള്ള ഡോക്ടര്‍ ബ്രോക്കിന്റെ അതുല്യ സംഭാവനകള്‍ പരിഗണിച്ചാണ് ഈ അനുമോദന സമ്മേളനം നടത്തിയത്. സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന് രൂപത മെത്രാന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ യോഗത്തിന് അദ്യക്ഷത വഹിച്ചു.
മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായ അബ്രഹാം മാര്‍ സ്തേഫാനോസ് മെത്രാപ്പോലീത്ത ഡോക്ടര്‍ ബ്രോക്കിനെ പൊന്നാട അണിയിച്ചു. പ്രൊഫസര്‍ സെബാസ്ററ്യന് ബ്രോക്കിനെ അഭിനന്ദിച്ചുകൊണ്ടുള്ള സീറോ-മലബാര്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആശംസാ സന്ദേശം സീറോ-മലബാര്‍ ഗ്രേറ്റ് ബ്രിട്ടന് രൂപത ചാന്‍സിലര്‍ ഫാദര്‍ മാത്യു പിണക്കാട്ട് വായിച്ചു. ക്യാമ്പ്യന്‍ ഹോള്‍ മാസ്റ്റര്‍ ഫാദര്‍ നിക്കോളാസ്ഓസ്റ്റിന്‍, എസ്സ്. ജെ, ഫാദര്‍ കെ എം ജോര്‍ജ്ജ്, ഫാദര്‍ ജിജിമോന് പുതുവീട്ടില്‍ക്കളം എസ്സ്.ജെ, പ്രൊഫസ്സര്‍ ഡേവിഡ് ടെയ്ലര്, പ്രൊഫസ്സര്‍ ആലിസണ് ജി സാല്‍വെസന്‍, പ്രൊഫസ്സര്‍ ആന്റണി ഒമാനി എന്നിവര്‍ പ്രസംഗിച്ചു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ നിരവധി അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും അനുമോദന സമ്മേളനത്തില്‍ പങ്കെടുത്തു.