ജര്‍മ്മനിയില്‍ ഹാംബര്‍ഗിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെപ്പ്. അക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടതായി പൊലീസ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് വെടിവയ്പ്പ് നടന്നത്. അതേസമയം, ആക്രമണത്തില്‍ ഒന്നോ അതിലധികമോ അക്രമികള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. ഗ്രോസ്ബോര്‍സ്റ്റല്‍ ജില്ലയിലെ ഡീല്‍ബോഗ് സ്ട്രീറ്റിലെ പള്ളിയിലാണ് വെടിവെപ്പ് നടന്നിട്ടുള്ളത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു. അതേസമയം, ആക്രമണത്തെക്കുറിച്ച് കൃത്യമായ അറിവുകള്‍ ലഭിച്ചിട്ടില്ല. ആറ് പേര് കൊല്ലപ്പെട്ടതായി നിരവധി ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അക്രമി ഒളിവിലാണെന്ന് ജര്‍മ്മന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ദുരന്ത മുന്നറിയിപ്പ് ആപ്പ് ഉപയോഗിച്ച് ജനങ്ങള്‍ക്ക് പൊലീസ് സന്ദേശം കൈമാറിയിട്ടുണ്ട്. ജനങ്ങള്‍ വീട്ടിനുള്ളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും അപകടം നടന്ന സ്ഥലത്തേക്ക് പോകാന്‍ ശ്രമിക്കരുതെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പള്ളിക്ക് ചുറ്റുമുള്ള തെരുവുകള്‍ ഉപരോധിച്ചിതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. 2016 ഡിസംബറില്‍ ക്രിസ്തുമസ് മാര്‍ക്കറ്റില്‍ ലോറിയിടിച്ച് കയറ്റിയ സംഭവത്തില്‍ 12 പേര് മരിച്ചിരുന്നു. 2019ല്‍ ഒരു സിനഗോഗിലെ ആക്രമണത്തില്‍ രണ്ടുപേരും 2020ല്‍ ഹനാവു നഗരത്തില്‍ ഒരാളുടെ വെടിവയ്പ്പില്‍ 10 പേര് മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.