ബിര്‍മിംഗ് ഹാം : ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ആചരിക്കുന്ന ആരാധനാ ക്രമ വര്‍ഷത്തോടനുബന്ധിച്ച് കുടുംബങ്ങള്‍ക്കായി ആരാധനക്രമ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഇടവക/മിഷന്/പ്രൊപ്പോസഡ് മിഷന് തലങ്ങളില്‍ ആയിരിക്കും ആദ്യ ഘട്ട മത്സരങ്ങള്‍ നടക്കുന്നത്.
ഇതില്‍ യോഗ്യത നേടുന്നവര്‍ക്ക് തുടര്‍ന്ന് ഓണ്‍ലൈന്‍ ആയി നടക്കുന്ന റീജിയണല്‍ തല മത്സരത്തിലും അതെ തുടര്‍ന്ന് രൂപതാതലത്തില്‍ നവംബര്‍ 25ന് ഫൈനല്‍ മത്സരവും നടക്കുന്ന രീതിയില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. രൂപതയുടെ പ്രതിവാര ന്യൂസ് ബുള്ളറ്റിനായ ദനഹായിലും സോഷ്യല്‍ മീഡിയ പേജുകളിലും ഇപ്പോള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളെ ആസ്പദമാക്കിയാണ് ഇടവക, റീജിയണല്‍ തലങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ തയ്യാറാക്കുക.
ഇതുവരെ പ്രസിദ്ധീകരിച്ച ചോദ്യങ്ങള്‍ രൂപതയുടെ വെബ്സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട്. 50 ആഴ്ചകളില്‍ ദനഹായില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ ആരാധന ക്രമ ചോദ്യങ്ങളും (1001 ചോദ്യങ്ങള്‍) പരിശുദ്ധന് പരിശുദ്ധര്‍ക്ക് എന്ന രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിരേഖയില്‍ നിന്നുള്ള ചോദ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും നവംബര്‍ 25 ന് നടക്കുന്ന രൂപതാ തല മത്സരം. രൂപതാ തല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും നല്‍കും.
കുടുംബങ്ങള്‍ക്കുള്ള ആരാധനക്രമ ക്വിസ് മത്സരത്തിന്റെ നിയമങ്ങളും, മാര്‍ഗനിര്‍ദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരാധനക്രമ വര്‍ഷത്തില്‍ വിശ്വാസികള്‍ സഭയുടെ ആരാധനാക്രമത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കുവാനും, ആരാധനക്രമവത്സരത്തില്‍ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തുവാനും, ആരാധനക്രമത്തെക്കുറിച്ചുള്ള ധാരണ കൂടുതല്‍ ബലപ്പെടുത്തുവാനും എല്ലാ രൂപതാ മക്കളുടെയും സജീവമായ പങ്കാളിത്തം ആരാധനക്രമ ക്വിസ് 2023 ല്‍ ഉണ്ടാകുവാന്‍ ഉള്ള പ്രാര്‍ഥനാ സഹായവും അഭ്യര്‍ഥിക്കുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. മത്സരം സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു.