യുകെയിലെ മലങ്കര കത്തോലിക്കാ സഭയുടെ എട്ടാമത് കണ്വെന്ഷന് 2023 ജൂണ്‍ മാസം 21, 22, 23 തീയതികളില്‍ വെയില്സിലുള്ള കഫന്‍ലീ പാര്‍ക്കില്‍ വെച്ച് നടത്തപ്പെടും. സഭയുടെ പരമാധ്യക്ഷന്‍ ബസ്സേലിയോസ് കര്‍ദ്ദിനാള്‍ ക്ളീമ്മീസ് കാതോലിക്കാ ബാവാ മുഖ്യാതിഥിയായിരിക്കും. കണ്വെന്ഷന് നഗറിനു സഭയുടെ മുന്‍ അധ്യക്ഷന്‍ കാലം ചെയ്ത മോറോന് മാര്‍ സിറിള്‍ ബസ്സേലിയോസ് കാതോലിക്ക ബാവായുടെ നാമധേയം ആണ് നല്‍കിയിരിക്കുന്നത്.
യുകെയിലെ 19 മിഷന് സെന്ററുകളില്‍ നിന്നുള്ള വിശ്വാസികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. സണ്ടേസ്കൂള്‍, യുവജന സംഘടനയായ എം സി വൈ എം, മാതൃവേദി, പിതൃവേദി സുവിശേഷസംഘം മുതലായ വിഭാഗങ്ങളുടെ സെമിനാറുകള്‍, പ്രതിനിധി സമ്മേളനം, സംയുക്ത സമ്മേളനം പ്രാര്‍ത്ഥനകള്‍ വിശുദ്ധ കുര്‍ബാന എന്നിവയായിരിക്കും നടത്തപ്പെടുക. പ്രഗത്ഭരായ വ്യക്തികള്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും.
ഇദംപ്രഥമായി നടത്തപെടുന്ന ത്രിദിന റെസിഡന്‍ഷ്യല്‍ കണ്വെന്ഷന് യുകെയിലെ സ്പെഷ്യല്‍ പാസ്റ്റര്‍ ആന്‍ഡ് കോര്‍ഡിനേറ്റര്‍ റവ. ഡോ. കുര്യാക്കോസ് തടത്തിലിന്റെ നേതൃത്വത്തിലുള്ള മലങ്കര നാഷണല്‍ കൗണ്‍സിലാണ് ചുക്കാന്‍ പിടിക്കുക. കണ്‍വെന്‍ഷന്റെ സുഗമമായ നടത്തിപ്പിന് വിവിധ വൈദീകരുടെ ചുമതലയില്‍ കമ്മറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.