കോഴിക്കോട് : കേരളത്തെ നടുക്കിയ എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസില്‍ വഴിത്തിരിവ്. കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ഷൊര്‍ണൂരില്‍ നിന്നും സഹായം ലഭിച്ചതായി കണ്ടെത്തിയതായി പൊലീസ്. സംഭവത്തില്‍ നാല് പേര് നിരീക്ഷണത്തില്‍ ആണ്.
ഷൊര്‍ണൂരില്‍ സെയ്ഫിക്ക് സഹായം നല്കി എന്നു കരുതുന്ന നാലുപേരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. ഇവരിലൂടെ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
സംഭവം നടന്ന അന്ന് ഷൊര്‍ണൂരില്‍ വെച്ച് ഷാറൂഖ് സെയ്ഫി ഉപയോഗിച്ച മൊബൈല്‍ഫോണ്‍ പൊലീസ് കണ്ടെടുത്തിരുന്നു. ചെര്‍പ്പുളശ്ശേരിയിലെ കടയില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. ആ മൊബൈല്‍ഫോണ്‍ കൊണ്ടുവന്നയാളെക്കുറിച്ചും പൊലീസ് സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. ട്രെയിന്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച് കൃത്യമായ ആസൂത്രണം നടന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് രാവിലെ യോഗം ചേരും. പ്രതി ഷാറൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കുകയാണ്. പ്രതിയുടെ ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും.