നെയ്റോബി : പാസ്റ്ററുടെ വാക്ക് കേട്ട് ദൈവ ദര്‍ശനത്തിനായി കാട്ടില്‍ പോയവരില്‍ നാല് പേര് മരിച്ചു. കാട്ടില്‍ ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വന്ന സംഘത്തിലുള്ള നാല് പേരാണ് മരിച്ചത്.
മഗരിനി മണ്ഡലത്തിലെ ഷാകഹോല ഗ്രാമത്തിലാണ് സംഭവം. വിശ്വാസികളായ ഒരു സംഘത്തെ പാസ്റ്റര്‍ പറഞ്ഞ് പറ്റിക്കുകയായിരുന്നു. സംഘത്തില്‍ ബാക്കിയുണ്ടായിരുന്ന അവശ നിലയിലായ 11 പേരെ ആശുപത്രിയില്‍ എത്തിച്ചു.
കെനിയയിലെ കിലിഫി കൗണ്ടിലെ വനത്തിനുള്ളിലാണ് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യേശുവിനായുള്ള കാത്തിരിപ്പില്‍ ഉപവസിക്കണമെന്ന പാസ്റ്ററുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ദിവസങ്ങളോളമായി ഇവര്‍ വനത്തില്‍ താമസിക്കുകയായിരുന്നു. വനത്തിനുള്ളില്‍ പ്രാര്‍ഥന നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അങ്ങോട്ട് എത്തിയത്. 15 പേരെ കണ്ടെത്തിയെങ്കിലും 11 പേര്‍ക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.