ലെസ്റ്റര്‍ : ഗ്രേറ്റ് ബ്രിട്ടന് രൂപതാ കുടുംബ കൂട്ടായ്മ വാര്‍ഷിക സമ്മേളനം നടത്തി. ലെസ്റ്റെറിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ നടന്ന വാര്‍ഷിക സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്തു. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള വൈദികരും അല്മായ പ്രതിനിധികളും പങ്കെടുത്ത സമ്മേളനം മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് ആരംഭിച്ചത്.
ഉയിര്‍ത്തെഴുന്നേറ്റ ഈശോയുടെ സാന്നിധ്യത്തിന്റെ ആഘോഷമാണ് വിശുദ്ധ കുര്‍ബാന, തിരുവചനം വായിക്കുമ്പോഴും ഈശോയുടെ സാന്നിധ്യമാണ് അനുഭവപ്പെടുന്നത്, വിശ്വാസത്തോടും, സ്നേഹത്തോടും,. ഭക്തിയോടും കൂടി വിശുദ്ധ കുര്‍ബാനയില്‍ കാര്‍മ്മികനും, ആരാധനസമൂഹം ഒന്നായും പങ്കുചേരുമ്പോള്‍ ആണ് ഈ സാന്നിധ്യം അനുഭവേദ്യമാകുന്നത്, വിശുദ്ധ കുര്‍ബാന മധ്യേ ഉള്ള സന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളെ ഉത്ബോധിപ്പിച്ചു.
ഉത്ഥിതന്റെ സാന്നിധ്യം പ്രഘോഷിക്കാനും, അനുഭവിക്കാനും എല്ലാവര്ക്കും സാധിക്കട്ടെ എന്നും, സന്തോഷത്തിന്റെ ഫലങ്ങള്‍ അനുഭവിക്കാനും ദൈവിക ജീവന് ലഭിക്കുവാനും എല്ലാവര്ക്കും സാധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശുദ്ധ കുര്‍ബാനക്ക് ശേഷം, രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് വെരി റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട്, ഡോ മാര്ട്ടിന് തോമസ് ആന്റണി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കുടുംബ കൂട്ടായ്മ കമ്മീഷന്റെ ചാര്‍ജുള്ള സിഞ്ചെല്ലൂസ് വെരി റെവ ഫാ ജോര്‍ജ് ചേലക്കല്‍, കുടുംബ കൂട്ടായ്മ കമ്മീഷന് ചെയര്മാന് റെവ ഫാ ഹാന്‍സ് പുതിയാകുളങ്ങര എം എസ് ടി, വൈദികര്‍, കുടുംബ കൂട്ടായ്മ കമ്മീഷന് റീജിയണല്‍ കോഡിനേറ്റേഴ്സ്, പി ആര് ഓ വിനോദ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സമ്മേളനത്തില്‍ സെക്രട്ടറി റെനി സിജു തോമസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, ജെയിംസ് മാത്യു നന്ദി അര്‍പ്പിക്കുകയും ചെയ്തു.