മുഖ്യമന്ത്രിക്ക് യുഎഇയിലേക്കുള്ള യാത്രാ അനുമതി നിഷേധിച്ചതോടെ ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. യുഎഇയിലെ അബുദാബി ബിസിനസ് മീറ്റിന് പങ്കെടുക്കാനാണ് ഉദ്യോഗസ്ഥ സംഘം പുറപ്പെടുന്നത്.
ഉദ്യോഗസ്ഥ സംഘത്തില്‍ ചീഫ് സെക്രട്ടറി, ടൂറിസം, നോര്‍ക്ക സെക്രട്ടറിമാര്‍, സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണുരാജാമണി എന്നിവരെ അയയ്ക്കാനാണ് തീരുമാനം. കേന്ദ്ര തീരുമാനത്തോടെ ജൂണിലെ അമേരിക്കന്‍ യാത്രയുടെ ഭാവിയെക്കുറിച്ചും ചര്‍ച്ച സജീവമാണ്.
മെയ് ഏഴിന് വൈകിട്ട് അബുദാബിയിലും പത്തിന് ദുബായിലുമായിരുന്നു പരിപാടികള്‍ സംഘടിപ്പിക്കാനിരുന്നത്. സന്ദര്‍ശനാനുമതി നല്‍കില്ലെന്ന് ഉറപ്പായതോടെ യുഎഇയില്‍ മുഖ്യമന്ത്രിക്ക് നല്‍കാനിരുന്ന സ്വീകരണ പരിപാടികളും റദ്ദാക്കി. സ്വീകരണ പരിപാടികള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. മെയ് ഏഴിന് യുഎഇയിലെത്തുന്ന മുഖ്യമന്ത്രിക്കായി രണ്ട് സ്വീകരണ പരിപാടികളായിരുന്നു ഒരുക്കിയിരുന്നത്.