ആലുവയില്‍ അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൊന്ന് ചാക്കില്‍ കെട്ടിയ സംഭവത്തില്‍ നിര്‍ണ്ണായക മൊഴി പുറത്ത്. സംഭവ ദിവസം കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടു പോകുന്നത് നേരില്‍ കണ്ട വ്യക്തി കുട്ടിയുടെ അച്ഛനെ വിളിച്ച് പറഞ്ഞെന്നാണ് സാക്ഷി മൊഴി.
കുട്ടിയുമായി അസ്ഫാഖ് ആലം കൊണ്ടു പോകുന്നത് കണ്ടപ്പോള്‍ തന്നെ ജോലി സ്ഥലത്ത് ഉള്ള അച്ഛനെ വിളിച്ചു പറഞ്ഞെന്നാണ് സാക്ഷി പറയന്നത്.
കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ കുട്ടിയെ കെഎസ്ആര്‍ടിസി ബസ്സില്‍ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു. അത് അസ്ഫാഖാണെന്ന് തിരിച്ചറിയുകയായിരുന്നു.
പിന്നീട് വളരെ വേഗം തന്നെ പൊലീസ് ഇയാളെ കണ്ടെത്തി. 20 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ ശനിയാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ആലുവ മാര്‍ക്കറ്റിന്റെ പിന്‍ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.