മൊബൈല്‍ ഫോണില്‍ അശ്ലീല വിഡിയോയോ ചിത്രങ്ങളോ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ലെന്ന് കേരള ഹൈക്കോടതി. അശ്ലീലത കാണുക എന്നത് ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പാണ്. ഇതിന്മേല് സ്വീകരിക്കുന്ന നിയമ നടപടി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വിധിച്ചു. പോണ് വീഡിയോകള്‍ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് കുറ്റമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
പൊതു സ്ഥലത്ത് മൊബൈല്‍ ഫോണില്‍ അശ്ലീല വിഡിയോ കണ്ടതിന് അങ്കമാലി കറുകുറ്റി സ്വദേശിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 294 വകുപ്പ് ചുമത്തി എടുത്ത കേസ് റദ്ദാക്കികൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാല്‍ ചെറിയ കുട്ടികള്‍ ഇത്തരം വിഡിയോകള്‍ നിരന്തരം കാണുകയും ഇതിന് അടിമപ്പെടുകയും ചെയ്യുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ വിധിന്യായത്തില്‍ പറഞ്ഞു.
;ഡിജിറ്റല്‍ യുഗത്തില്‍ ഇത്തരം വീഡിയോകള്‍ ലഭിക്കാന്‍ പ്രയാസമില്ല. എല്ലാ പ്രായക്കാര്‍ക്കും ഒരു വിരല്‍തുമ്പില്‍ വിഡിയോകള്‍ ലഭ്യമാകും. എന്നാല്‍ ചെറിയ കുട്ടികള്‍ ഇത്തരം വിഡിയോകള്‍ നിരന്തരം കാണുകയും അതിന് അടിമപ്പെടുകയും ചെയ്യുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും,കോടതി പറഞ്ഞു.
2016 ജൂലൈയിലാണ് ആലുവ പാലത്തിന് സമീപം മൊബൈല്‍ ഫോണില്‍ പോണ് വീഡിയോ കണ്ടതിന് കറുകുറ്റി സ്വദേശിയായ 27 കാരനെതിരെ ആലുവ പൊലീസ് കേസെടുത്തത്. കേസിലെ എല്ലാ തുടര്‍ നടപടികളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. മറ്റാരും കാണാതെ സ്വകാര്യ സമയത്ത് അശ്ലീല വീഡിയോ കാണുന്നതില്‍ ഇടപെടുന്നത് സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റമാകുമെന്നതിനാല്‍ ഇത്? കുറ്റമായി പ്രഖ്യാപിക്കാനാകില്ലെന്ന്? കോടതി വ്യക്തമാക്കി.
ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധമോ സ്വകാര്യതയില്‍ അശ്ലീല വീഡിയോ കാണുന്നതോ രാജ്യത്ത് കുറ്റകരമല്ല. അശ്ലീല പുസ്തകം, ലഘുലേഖ, തുടങ്ങിയവയുടെ വില്‍പ്പനയും വിതരണവും കുറ്റകരമാണ് എന്നാണ് ഐപിസി 294 വകുപ്പിന്റെ നിര്‍വ്വചനമെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു.