അര്‍ജുന പുരസ്കാരവും ഖേല്‍ രത്ന പുരസ്കാരവും മടക്കിനല്‍കി ഗുസ്തിതാരം വിനേഷ് ഫോഗട്ട്. ഗുസ്തി ഫെഡറേഷന് മുന്‍ മേധാവി ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
ഡല്‍ഹിയിലെ കര്‍ത്തവ്യ പഥിലെ ബാരിക്കേഡിന് മുന്നില്‍ പുരസ്കാരം വച്ച് മടങ്ങുകയായിരുന്നു അവര്‍. പ്രധാനമന്ത്രി ഓഫീസിന്റെ പുറത്ത് പുരസ്കാരം ഉപേക്ഷിക്കാനായിരുന്നു താരത്തിന്റെ തീരുമാനമെങ്കിലും പോലീസ് തടഞ്ഞു.
ബ്രിജ്ഭൂഷണ് സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് നേരത്തെ വിനേഷ് ഫോഗട്ട് വ്യക്തമാക്കിയിരുന്നു. ഖേല്‍രത്ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് താരം കത്ത് നല്‍കിയിരുന്നു.
ഇതോടെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന് ഭരണസമിതി കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. ദേശീയ മത്സരങ്ങള്‍ തിടുക്കത്തില്‍ പ്രഖ്യാപിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കായികമന്ത്രാലയം ഗുസ്തി ഫെഡറേഷന് സസ്പെന്‍ഡ് ചെയ്തത്.