ഇംഫാല്‍ : ബോക്സിങ്ങില്‍ ആറ് തവണ ലോക ജേതാവും 2012 ഒളിംപിക്സ് മെഡലിസ്റ്റുമായ ഇന്ത്യന്‍ വനിത ബോക്സിംഗ് ഇതിഹാസം മേരി കോം വിരമിച്ചെന്ന വാര്‍ത്ത കാട്ട് തീ പോലെയാണ് പരന്നത്. എന്നാലിതാ ആ വാര്‍ത്ത തെറ്റെന്ന് താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മേരി കോം വിരമിച്ചെന്ന വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിച്ചത്. എന്നാല്‍ തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തി രംഗത്തുവരികയാണ് താരം.
തനിക്ക് ഇപ്പോഴും ബോക്സിങ് റിങ്ങില്‍ തുടരാന്‍ അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്റെ നിയമപ്രകാരം 40 വയസ് പിന്നിട്ടതിനാല്‍ തനിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. താന്‍ ജീവിതത്തില്‍ എല്ലാം നേടിക്കഴിഞ്ഞു. ഇനി വിരമിക്കുക മാത്രമാണ് ബാക്കിയുള്ളതെന്നായിരുന്നു മേരി കോം വ്യക്താക്കിയത്. താന്‍ വിരമിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഔദ്യോ?ഗികമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുമെന്നും മേരി കോം കൂട്ടിച്ചേര്‍ത്തു.