കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എഫ് സി ഐ (ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ)യില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ ബിജെപി നേതാവ് കീഴടങ്ങി. ആലപ്പുഴ മുളക്കുഴ മുന്‍ ഗ്രാമപഞ്ചായത്തംഗം സനു എന്‍ നായരാണ് ചെങ്ങന്നൂരില്‍ കീഴടങ്ങിയത്. കേന്ദ്ര മന്ത്രിമാരുടെയും മുതിര്‍ന്ന ബിജെപി നേതാക്കളുടെയും വിശ്വസ്തര്‍ എന്ന് പറഞ്ഞാണ് സനുവും കൂട്ടരും പണം തട്ടിയത്. കേസിലെ മറ്റ് പ്രതികളും ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. സനുവിനെ ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിലെ ഉന്നത ബന്ധങ്ങള്‍ പുറത്തുവരുമെന്നാണ് പൊലീസ് നല്കുന്ന സൂചന.
കേസില്‍ ഒന്നാം പ്രതിയാണ് സാനു. എഫ്.സി.ഐയില്‍ എന്‍ജിനീയര്‍ മുതല്‍ പല തസ്തികകളില്‍ ജോലി വാദ്ഗാനം ചെയ്താണ് ലക്ഷങ്ങള്‍ തട്ടിയത്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് കൂടുതല്‍ പേര് തട്ടിപ്പിന് ഇരയായത്. ബുധനൂര്‍ സ്വദേശി രാജേഷ് കുമാര്‍, എറണാകുളം വൈറ്റില സ്വദേശി ലെനിന് മാത്യു എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അരീക്കര ബ്ലോക്ക് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു സനു എന്‍ നായര്‍.