മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ കിണറ്റില്‍ വീണ എട്ടുവയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം കലാശിച്ചത് വന്‍ ദുരന്തത്തില്‍. കുഞ്ഞിനു പിറകെ കിണറ്റില്‍ വീണത് 40 ഓളം പേര്. വ്യാഴാഴ്ചയാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്താന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയപ്പോള്‍ 40 അടി താഴ്ചയുള്ള കിണറിന്റെ ചുറ്റുമുള്ള മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു.
അപകടത്തില്‍പെട്ട 23 പേരെ രക്ഷിച്ചിട്ടുണ്ട്. വിദിഷയില്‍നിന്ന് 50 കി.മീറ്റര്‍ ദൂരത്തുള്ള ഗഞ്ച് ബസോഡയിലാണ് രക്ഷാപ്രവര്‍ത്തനം വലിയ ദുരന്തത്തിലേക്ക് വഴിവച്ചത്. വ്യാഴാഴ്ച വൈകീട്ട് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പെണ്‍കുട്ടി കിണറ്റില്‍ വീണത്. സംഭവമറിഞ്ഞ് വന്‍ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി. എന്നാല്‍, ആളുകള്‍ കൂടിയതോടെ ഭാരം താങ്ങാനാകാതെ കിണറിന്റെ ആള്‍മറ തകര്‍ന്നുവീണു. പിറകെ ചുറ്റുമുണ്ടായിരുന്നവരും കിണറില്‍ പതിക്കുകയായിരുന്നുവെന്ന് ഭോപ്പാല്‍ അഡീഷണല്‍ ഡിജിപി സായ് മനോഹര്‍ പറഞ്ഞു.
മധ്യപ്രദേശ് ആരോഗ്യ വിദ്യാഭ്യാസ മന്ത്രിയും നാട്ടുകാരനുമായ വിശ്വാസ് കൈലാഷ് സാരങ്ങിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കിണറില്‍ നിന്ന് രക്ഷിച്ച 13 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിച്ചതായി മന്ത്രി അറിയിച്ചു. എന്നാല്‍, ആദ്യം അപകടത്തില്‍പ്പെട്ട കുട്ടിയെക്കുറിച്ചും രക്ഷിക്കാന്‍ ബാക്കിയുള്ളവരെക്കുറിച്ചും വിവരമില്ല.
പലരും ആള്‍മറയുടെ അവശിഷ്ടത്തിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് കരുതപ്പെടുന്നത്. സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഉന്നതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.