ഒരു രൂപ പോലും നികുതിയടയ്ക്കാതെ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബേസോസ് ബഹിരാകാശത്തേക്ക് വിനോദയാത്ര പോയ വാര്‍ത്തയാണ് ഇപ്പോള്‍ ഞെട്ടലോടെ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജെഫ് ബേസോസ് ബഹിരാകാശത്തേക്ക് വിനോദയാത്ര പോയത്. 28 ദശലക്ഷം ഡോളര്‍ മുടക്കിയായിരുന്നു ജെഫിന്റെ യാത്ര. എന്നാല്‍ നികുതിയിനത്തിലേക്ക് ഒരു രൂപ പോലും കെട്ടിവയ്ക്കാതെയാണ് ജെഫ് യാത്ര ചെയ്തത്.
ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായ ജെഫ് ബേസോസ് പക്ഷേ, ഈ വര്‍ഷം ഇതുവരെ നികുതിയായി ഒന്നും ഒടുക്കിയിട്ടില്ല. ഇത് ഏതെങ്കിലും ഒരു വര്‍ഷത്തെ ഒറ്റപ്പെട്ട കണക്കല്ല. 2021ല്‍ മാത്രം ജെഫ് ബേസോസിന്റെ ആസ്തി 212.40 ബില്ല്യണ്‍ ഡോളറാണ്. പക്ഷേ, നികുതി അടയ്ക്കാതെ ബെസോസ് രക്ഷപെടുന്നു.
ഓണ്‍ലൈന്‍ മാധ്യമമായ പ്രോപബ്ലിക ഇതേക്കുറിച്ച് ഒരു റിപ്പോര്‍ട്ട് നേരത്തെ പ്രസിദ്ധപ്പെടുത്തിയിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ ആസ്തിയുടെ ഒരു ശതമാനം പോലും യുഎസ് ശതകോടീശ്വരന്മാര് നികുതി അടച്ചിട്ടില്ല. ഓണ്‍ലൈന്‍ ഷോപ്പിങ് ഭീമനായ ആമസോണ്‍ മുതലാളിയാകട്ടെ 2007, 2011 വര്‍ഷങ്ങളില്‍ ഒറ്റ ഡോളര്‍ പോലും ഫെഡറല്‍ നികുതിയായി അടച്ചിട്ടില്ല. അമേരിക്കയിലെ ആഭ്യന്തര റവന്യൂ സര്‍വ്വീസസ് വിഭാഗത്തില്‍ നിന്ന് ചോര്‍ന്ന രേഖകളാണ് പ്രോപബ്ലിക റിപ്പോര്‍ട്ടിന് ആധാരം.