പ്രണയ പകയുടെ മറ്റൊരു ഇരയാവാതെ കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയ പ്രണയം നിരസിച്ചതിന് യുവാവ് യുവതിയെ അപായപ്പെടുത്താന്‍ വീട്ടിലെത്തുകയായിരുന്നു.
യുവതിയെ കൊലപ്പെടുത്താന്‍ വീട്ടിലെത്തിയ കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത് (24)നെ വളരെ സാഹസികമായിട്ടാണ് നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടിയത്. യുവതിയുടെ വീട്ടിലേക്ക് അരുണ്‍ജിത്ത് കയറി വരുന്നത് കണ്ട അമ്മ വാതില്‍ അടച്ചതിനാല്‍ വീടിനകത്തേക്ക് കയറാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും ഒരു ലിറ്റര്‍ പെട്രോളും, ലൈറ്ററും കണ്ടെടുത്തു. പ്രതി മുമ്പും പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ട യുവതിയോട് ഇയാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഇത് നിരസിച്ചതോടെയാണ് ഇയാള്‍ അക്രമാസക്തനാകുന്നത്. എന്നാല്‍ ഇത് ആദ്യമല്ലെന്നും നേരത്തെയും യുവതിയെ അപായപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. ഇത് പരാജയപ്പെട്ടതിനാല്‍ ഇത്തവണ പെട്രോളും ലൈറ്ററുമായെത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ ഭവനഭേദനം, അപായപ്പെടുത്തല്‍, സ്ത്രീത്വത്തിനെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.