കഴിഞ്ഞ ദിവസം കൊച്ചിയില്‍ മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവര്‍മാരെ കൈയ്യോടെ പൊക്കി പൊലീസുകാര്‍. മദ്യപിച്ച് വാഹനം ഓടിച്ച 16 ബസ് ഡ്രൈവര്‍മാരെയാണ് പൊലീസ് പൊക്കിയത്.
പൊലീസ് സ്റ്റേഷനിലെത്തിയവര്‍ക്ക് 1,000 തവണയാണ് പൊലീസ് ഇംപോസിഷന്‍ നല്‍കിയത്. 'ഇനിമേലില്‍ ഞാന്‍ മദ്യപിച്ച് വാഹനം ഓടിക്കില്ല' എന്ന് എഴുതിവച്ച ശേഷമാണ് ഡ്രൈവര്‍മാരെ ജാമ്യത്തില്‍വിട്ടത്. ഡ്രൈവര്‍മാര്‍ തറയില്‍ കുത്തിയിരുന്ന് ഇംപോസിഷന്‍ എഴുതുന്ന ചിത്രം പുറത്തുവന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിമുതല്‍ 9 വരെ തൃപ്പൂണിത്തുറ ഹില്‍പാലസ് ഇന്‍സ്പെക്ടര്‍ വി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് 2 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍, 10 സ്വകാര്യബസ് ഡ്രൈവര്‍മാര്‍, 4 സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ എന്നിവര്‍ പിടിയിലായത്. ഈ ബസുകളില്‍ യാത്ര ചെയ്തവരെ പൊലീസ് ഡ്രൈവര്‍മാര്‍ തൃപ്പൂണിത്തുറ ബസ് സ്റ്റാന്‍ഡിലെത്തിച്ചു. സ്കൂള്‍ കുട്ടികളെ മഫ്തി പൊലീസുകാര്‍ അതത് സ്കൂളിലും എത്തിച്ചിരുന്നു.
കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെ പ്രത്യേക റിപ്പോര്‍ട്ട് നല്കി അധികാരികള്‍ക്ക് അയയ്ക്കും. കൂടാതെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതിനും വാഹനങ്ങളുടെ റജിസ്ട്രേഷന് റദ്ദാക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഇന്‍സ്പെക്ടര്‍ വി.ഗോപകുമാര്‍ അറിയിച്ചു.