രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ കടുത്ത ചുമ ഭേദമാകാന്‍ വ്യാജവൈദ്യന് ചെയ്തത് കണ്ണില്ലാത്ത ക്രൂരതയാണ്. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊളളലേല്പിച്ചായിരുന്നു ചികിത്സിച്ചത്.
ഗുജറാത്തിലെ പോര്‍ബന്തറിലാണ് സംഭവം. കുഞ്ഞിന് ഒരാഴ്ച മുന്‍പായിരുന്നു ചുമ തുടങ്ങുന്നത്. നാട്ടിലെ വൈദ്യനെ കാണിച്ച് ചികിത്സ ആരംഭിച്ചു എങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ അമ്മ ഈ വൈദ്യനെ കാണാന്‍ എത്തുന്നത്.
ദേവ്രാജ് ഭായ് കത്താര എന്നാണ് വൈദ്യന്റെ പേര്. എന്നാല്‍ അസുഖം പൂര്‍ണ്ണമായും ഭേദമാകാന്‍ കുഞ്ഞിനെ ഇരുമ്പ് ദണ്ഡ് ചൂടാക്കി നെഞ്ചിലും വയറിലും പൊള്ളിക്കുകയായിരുന്നു. ഇത് ചെയ്തിട്ടും കുഞ്ഞിന്റെ അസുഖം ഭേദമാകാതെ വന്നപ്പോഴാണ് കുഞ്ഞിന്റെ അമ്മ പോര്‍ബന്തറിലെ ജനറല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നത്. ഇതോടെയാണ് ഈ സംഭവം പുറം ലോകം അറിയുന്നത്.
ഇപ്പോള്‍ കുഞ്ഞ് സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലുള്ള കുഞ്ഞിനെ ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. കുഞ്ഞിനെ പൊള്ളലേല്പിച്ച വ്യാജവൈദ്യനെതിരെയും കുട്ടിയുടെ അമ്മക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. വ്യാജ വൈദ്യനെ പിടികൂടുകയും ചെയ്തു.