കേരളത്തിലെ ജനങ്ങള്‍ ഇന്ന് ഉത്രാടപ്പാച്ചിലില്‍. നാടെങ്ങും ഓണാഘോഷത്തിന്റെ അവസാന തയ്യാറെടുപ്പിലാണ്. ഓണത്തെ വരവേല്‍ക്കുന്ന സന്തോഷത്തിലാണ് ജനങ്ങള്‍.
ദിവസങ്ങളായി നീണ്ടു നിന്ന ഓണത്തിനുള്ള തയ്യാറെടുപ്പിന്റെ അവസാന ഘട്ടമാണ് ഇന്നത്തെ ഉത്രാട ദിനത്തിലുള്ളത്. നാളെ തിരുവോണ നാളിലേക്ക് വേണ്ടി ഓണക്കോടിയും, പൂക്കളവും, സദ്യയും എല്ലാം ഒരുക്കുന്ന തയ്യാറെടുപ്പിലാണ് കേരളക്കര.
ഒത്തു കൂടലിന്റെ ആഘോഷം കൂടിയ ഓണത്തിന് നാടെങ്ങും ഒരുങ്ങി കഴിഞ്ഞു. സദ്യ വിളമ്പാന്‍ വാഴയില മുതല്‍ പൂക്കളമിടാനുള്ള ബന്ദിയും ജമന്തിയും വരെ നിരത്തുകളില്‍ കാണാം. ഓണാവേശം വീടുകളിലെത്തിക്കാനുള്ള അവസാനവട്ട ഓട്ടമാണ് ഇന്ന്, ഏറെ പ്രിയപ്പെട്ട ഉത്രാടപ്പാച്ചില്‍.
സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന് ഇന്നലെ തുടക്കമായി. മാനുഷ്യര്‍ എല്ലാവരും ഒന്നുപോലെ എന്ന പഴയ സങ്കല്പ്പത്തിനെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണ് നാമെന്നും നമുക്ക് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്നും ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.