ബിര്‍മിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടന് രൂപത ബൈബിള്‍ അപ്പൊസ്തലറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന രൂപത കലോത്സവ മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള റീജിയണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. രൂപതയിലെ പന്ത്രണ്ട് റീജിയണുകളിലായി നടത്തപ്പെട്ട മത്സരങ്ങളില്‍ ഓരോ ഇടവക / മിഷന് / പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് മാറ്റുരച്ചത്. ബൈബിള്‍ പ്രതിഷ്ഠയോടുകൂടി ആരംഭിച്ച ഓരോ റീജിയണിന്റെയും മത്സരങ്ങള്‍ വിശ്വാസത്തിന്റെ വലിയ പ്രഘോഷണമായി മാറി. വചനമായി അവതരിച്ച ദൈവത്തെ കലയുടെ രൂപത്തില്‍ വിവിധ സ്റ്റേജുകളില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ വലിയ ഒരു വിശ്വാസ സാക്ഷ്യത്തിന് വേദിയായി ഓരോ മത്സരങ്ങളും. രൂപത മത്സരങ്ങള്‍ നവംബര്‍ 18 ന് സ്കെന്തോര്‍പ്പില്‍ വച്ച് നടത്തപ്പെടും.
റീജിയണുകളില്‍ നിന്നും ഒന്നാം സ്ഥാനം നേടിയ മത്സരാര്‍ത്ഥികളാണ് രൂപത മത്സരങ്ങള്‍ക്ക് യോഗ്യത നേടിയിരിക്കുന്നത്. ലീഡ്സ് റീജിയണിലെ സ്കെന്തോര്‍പ്പില്‍,പതിനാറില്പരം സ്റ്റേജുകളിലായി നടത്തപ്പെടുന്ന രൂപത മത്സരങ്ങള്‍, ബ്രിട്ടണിലെത്തന്നെ ഏറ്റവും വലിയ ബൈബിള്‍ അധിഷ്ഠിത മത്സരങ്ങള്‍ക്കാണ് സാക്ഷിയാവുന്നത്. രൂപത മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി നൂറില്‍പരം വോളന്റീര്‍സിന്റെ സഹായത്തോടെ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.
രൂപത കലോത്സവ മത്സരങ്ങളോട് ചേര്‍ന്ന് നടത്തപ്പെടുന്ന ഷോര്‍ട്ട് ഫിലിം മത്സരങ്ങള്‍ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 31 നാണ്. റീജിയണല്‍ മത്സരങ്ങളില്‍ നിന്നും രൂപത മത്സരങ്ങള്‍ക്ക് യോഗ്യത നേടിയവരുടെ പേരുകള്‍ ഒക്ടോബര്‍ 31 ന് മുമ്പ് രൂപത ബൈബിള്‍ അപ്പസ്റ്റോലേറ്റില്‍ ലഭിക്കേണ്ടതാണെന്ന് ബൈബിള്‍ അപ്പോസ്തലേറ്റിന് വേണ്ടി പിആര്‍ഓ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു.