ബിര്‍മിംഗ് ഹാം : സിറോ മലബാര്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം 'Tota pulchra' നാളെ. ബിര്‍മിങ്ഹാം ബെഥേല്‍ കണ്വെന്ഷന് സെന്ററില്‍ രാവിലെ 8.30 മുതല്‍ വൈകിട്ടു 5 വരെ നടക്കും. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കീഴില്‍ മെത്രാന്മാരെ തിരഞ്ഞെടുക്കുന്ന സംഘത്തിലെ മൂന്നു സ്ത്രീകളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള, world union of catholic womens organaisation മുന്‍ പ്രസിഡന്റ് തുടങ്ങി നിരവധി പ്രധാനപ്പെട്ട മേഖലകളില്‍ സേവനം അനുഷ്ഠിക്കുന്ന Dr. Maria Zervino സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മേളനത്തില്‍ സന്ദേശം നല്‍കും.
സമ്മേളനത്തോടനുബന്ധിച്ച് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും. ഉല്‍ഘാടന ചടങ്ങില്‍ അഭിവന്ദ്യ പിതാവിനൊപ്പം രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് റെവ ഫാദര്‍ ആന്റണി ചുണ്ടെലിക്കാട്ട്, വിമന്‍സ് ഫോറം ചെയര്മാന് ഫാദര്‍ ജോസ് അഞ്ചാനിക്കല്‍, ഡയറക്ടര്‍ സിസ്റ്റര്‍ ജീന്‍ മാത്യു, പ്രസിഡന്റ് ഡോക്ടര്‍ ഷിന്‍സി മാത്യു തുടങ്ങിയവര്‍ സംസാരിക്കും. പന്ത്രണ്ടു റീജിയനുകളിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള സ്ത്രീകള്‍ നടത്തുന്ന കലാപരിപാടികള്‍ ഉച്ചയോടു കൂടി ആരംഭിക്കും. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട രൂപത വിമന്‍സ് ഫോറം ഭാരവാഹികള്‍ക്കു ഔദ്യോഗികമായ
സ്ഥാനമാറ്റവും നടക്കും.
രണ്ടായിരത്തിലധികം സ്ത്രീകളെയാണ് ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്. സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും മനോഹരമായ ഈ ആഘോഷത്തിലേക്ക് എല്ലാ സ്ത്രീകളെയും ക്ഷണിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.