തായ്പേയ് : തായ്വാനില് റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്. തയ്വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലും ഫിലിപ്പീന്‍സിലുമാണ് സൂനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ജാപ്പനീസ് പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയാണ് തയ്വാന് തലസ്ഥാനമായ തായ്പേയിയില് ഭൂചലനമുണ്ടായത്. തായ്പേയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനു പിന്നാലെയുള്ള സുനാമി മുന്നറിയിപ്പ് പ്രദേശവാസികള്‍ക്ക് ഇടയില്‍ ഏറെ ഭീതി പരത്തിയിട്ടുണ്ട്.
ഹൗളിയന്‍ സിറ്റിയില്‍ നിന്നും 18 കിലോമീറ്റര്‍ തെക്കു മാറി 34.8 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കെട്ടികടങ്ങള്‍ തകര്‍ന്നു വീണെങ്കിലും സംഭവത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മൂന്നു മീറ്റര്‍ ഉയരത്തില്‍ വരെ സൂനാമി തിരകള്‍ എത്തിയേക്കും എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.