ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളെയും അവരുടെ ജീവനക്കാരെയും ഉന്നതരെയും ലക്ഷ്യം വെച്ച് സൈബര്‍ ഹണി ട്രാപ്പ് ആക്രമണം നടന്നതായുള്ള വിവരങ്ങള്‍ പുറത്ത്. 12 ഓളം എംപിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്രപ്രവര്‍ത്തകരുമാണ് ഹണി ട്രാപ്പിന് ഇരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍ . നിലവിലെ ഒരു മന്ത്രിയും സൈബര്‍ ഹണി ട്രാപ്പ് ആക്രമണത്തില്‍ അകപ്പെട്ടന്നാണ് റിപ്പോര്‍ട്ടുകള്‍.
നഗ്ന ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുകയും രഹസ്യ വിവരങ്ങള്‍ ഹണി ട്രാപ്പിലൂടെ കൈക്കലാക്കാനുമാണ് ശ്രമം നടന്നത്. ആക്രമണം നടത്തിയവര്‍ ഇരകളായവരെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ ശക്തമായ ആസൂത്രണം നടന്നിട്ടുണ്ട്. ഇതിനു പിന്നില്‍ ഒരു വിദേശ രാജ്യവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ഹണി ട്രാപ്പ് നടത്തി രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പ്രേരിപ്പിക്കുകയായിരുന്നു സൈബര്‍ അറ്റാക്കിന്റെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. അബി , ചാര്‍ലി എന്നീ അപരനാമങ്ങളില്‍ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. സൈബര്‍ സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പ് സഹിതം ഹൗസ് ഓഫ് കോമണ്‍സ് എല്ലാ എംപിമാര്‍ക്കും ഇമെയില്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് . കഴിഞ്ഞ വേനല്‍ക്കാലത്ത് സമാനമായ ആക്രമണത്തെ കുറിച്ച് ടോറി എംപിമാര്‍ക്ക് ജാഗ്രത പാലിക്കാന്‍ പാര്‍ട്ടി തലത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.