മൂന്ന് പതിറ്റാണ്ടുകാലം എന്‍എച്ച്എസില്‍ സേവനമനുഷ്ഠിച്ച നഴ്സ് പാറ്റ് ഡോസന്റെ മരണം എന്‍എച്ച്എസ്സിന്റെ ചികിത്സാ പിഴവിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. 73 കാരിയായ അവര്‍ ഉദര സംബന്ധമായ അസുഖങ്ങളുടെ പേരിലാണ് ഹോസ്പിറ്റലില്‍ എത്തിയത്. റോയല്‍ ബ്ലാക്ക് ബേണ്‍ ഹോസ്പിറ്റലില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. 90 വയസ്സുള്ള ഒരു മനുഷ്യനുമായി ബന്ധപ്പെട്ട ഡിഎന്‍ ആര് റിപ്പോര്‍ട്ട് പാറ്റ് ഡോസന്റേതായി തെറ്റിദ്ധരിക്കപ്പെട്ടതാണ് അവരുടെ മരണത്തിന് കാരണമായത്.
മാരകമായ രോഗമോ മറ്റ് ഗുരുതരമായ ആരോഗ്യസ്ഥിതിയോ മൂലം ഹൃദയമോ ശ്വാസമോ നിലച്ചവര്‍ക്കാണ് ഡിഎന്‍ആര്‍ റിപ്പോര്‍ട്ട് കൊടുക്കുന്നത്. 90 വയസ്സുകാരന്റെ ഡിഎന്‍ആര്‍ റിപ്പോര്‍ട്ട് മാറി നല്കി ചികിത്സ നിഷേധിക്കപ്പെട്ട് മരണം വരിച്ച 73 വയസ്സുകാരിയുടെ ബന്ധുക്കള്‍ എന്‍എച്ച്എസ്സിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.
തന്റെ ജീവിതം മുഴുവന്‍ എന്‍എച്ച്എസ്സിനായി സമര്‍പ്പിച്ച പാറ്റിന്റെ ജീവിതം എന്‍എച്ച്എസ് സിസ്റ്റത്തിന്റെ കെടു കാര്യസ്ഥത കൊണ്ട് അപകടത്തിലായതിന്റെ ഞെട്ടലിലാണ് അവരുടെ സഹപ്രവര്‍ത്തകര്‍. അവര്‍ക്ക് ശരിയായ സമയത്ത് പരിചരണം ലഭിച്ചിരുന്നെങ്കില്‍ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു എന്നാണ് മകന് ജോണ്‍ വിഷമത്തോടെ പറഞ്ഞത്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ദാരുണമായ കാര്യമാണെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഈസ്റ്റ് ലങ്കാഷെയര്‍ ഹോസ്പിറ്റല്‍സിലെ എക്സിക്യൂട്ടീവ് മെഡിക്കല്‍ ഡയറക്ടറും ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവുമായ ജവാദ് ഹുസൈന് അറിയിച്ചു .